Connect with us

National

തിരഞ്ഞെടുപ്പ് പരാജയങ്ങള്‍ക്ക് കാരണം കോണ്‍ഗ്രസിന് സംഘടനാ അടിത്തറ നഷ്ടപ്പെട്ടത്; വിമര്‍ശനവുമായി പി ചിദംബരവും

Published

|

Last Updated

ന്യൂഡല്‍ഹി | ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിലും വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിനുണ്ടായ പരാജയത്തിന് കാരണം സംഘടനാ അടിത്തറ നഷ്ടപ്പെട്ടതാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. ഒരു തമിഴ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ചിദംബരത്തിന്റെ വിമര്‍ശനം. പാര്‍ട്ടിയില്‍ സ്വയം വിമര്‍ശനം നടത്തിയതിന്റെ പേരില്‍ കപില്‍ സിബലിനെതിരെ പ്രതിഷേധം ഉയരുന്നതിനിടെയാണ് സമാനമായ ഇടപെടലുമായി ചിദംബരവും രംഗത്ത് വരുന്നത്.

ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, കര്‍ണാടക എന്നിവിടങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലങ്ങളെക്കുറിച്ച് ഞാന്‍ കൂടുതല്‍ ആശങ്കാകുലനാണ്. ഈ ഫലങ്ങള്‍ കാണിക്കുന്നത് പാര്‍ട്ടിക്ക് താഴേ തട്ടില്‍ ഒന്നുകില്‍ സംഘടനാ സാന്നിധ്യമില്ല അല്ലെങ്കില്‍ ഗണ്യമായി ദുര്‍ബലമായി എന്നാണ്. സിപിഐഎംഎൽ, എഐഎംഐഎം പോലുള്ള ചെറിയ പാർട്ടികൾ പോലും അടിത്തട്ടിൽ പ്രവർത്തിക്കുകയും മികച്ച നേട്ടമുണ്ടാക്കുകയും ചെയ്തു. അടിത്തട്ടിൽ കോൺഗ്രസ് പാർട്ടിയെ കെട്ടിപ്പടുക്കേണ്ടതുണ്ടെന്നും ചിദംബരം അഭിമുഖത്തില്‍ വ്യക്തമാക്കി.

ബീഹാറില്‍ ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യത്തിന് വിജയിക്കാനുള്ള അവസരമുണ്ടായിരുന്നു. വിജയത്തോട് വളരെ അടുത്ത് എത്തിയിട്ടും എന്തുകൊണ്ടാണ് തോറ്റത് എന്നത് സംബന്ധിച്ച് സമഗ്രമായ അവലോകനം ആവശ്യമാണ്. ബിഹാറിലെ കോണ്‍ഗ്രസ് തങ്ങളുടെ സംഘടനയുടെ കരുത്തിനേക്കാള്‍ കൂടുതല്‍ സീറ്റുകളില്‍ മത്സരിച്ചു. 20 വര്‍ഷമായി ബിജെപിയോ സഖ്യകക്ഷികളോ ജയിച്ചുകൊണ്ടിരിക്കുന്ന 25 ഓളം സീറ്റുകള്‍ കോണ്‍ഗ്രസിന് നല്‍കി. ഈ സീറ്റുകളില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവരുതായിരുന്നു. പാര്‍ട്ടി 45 സ്ഥാനാര്‍ത്ഥികളെ മാത്രമേ നിര്‍ത്തേണ്ടിയിരുന്നുള്ളൂവെന്നും ചിദംബരം പറഞ്ഞു.

കേരളം, തമിഴ്നാട്, പുതുച്ചേരി, പശ്ചിമ ബംഗാള്‍, അസം എന്നിവിടങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. അവിടങ്ങളില്‍ ഫലങ്ങള്‍ എന്തായിരിക്കുമെന്ന് കാണാമെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.

Latest