Connect with us

Editorial

മാന്ദ്യത്തിന് സര്‍ക്കാറിന്റെ കൈയിലെന്ത് മരുന്നുണ്ട്?

Published

|

Last Updated

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നും ഇതാദ്യമായി മാന്ദ്യത്തിന്റെ സൂചനകള്‍ രാജ്യത്ത് ദൃശ്യമായിരിക്കുന്നുവെന്നും റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നു. പിന്നോട്ടടികള്‍ പലതും ഉണ്ടായിട്ടുണ്ടെങ്കിലും സാങ്കേതികമായി മാന്ദ്യത്തിലേക്ക് ഇന്ത്യ ഒരിക്കലും കൂപ്പുകുത്തിയിട്ടില്ല. തുടര്‍ച്ചയായ തിരഞ്ഞെടുപ്പ് വിജയങ്ങളിലൂടെ ഭരണ കക്ഷിയോ അവരുള്‍പ്പെട്ട സഖ്യമോ കടന്നു പോകുകയും അവരുടെ അപദാനങ്ങള്‍ പാടാന്‍ മുഖ്യധാരയെന്ന് അവകാശപ്പെടുന്ന മാധ്യമങ്ങള്‍ വരി നില്‍ക്കുകയും ചെയ്യുമ്പോള്‍ യഥാര്‍ഥ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നു. കൂടുതല്‍ തെറ്റായ തീരുമാനങ്ങളിലേക്ക് പോകാനുള്ള അവസരമായാണ് ഇതിനെ കേന്ദ്ര സര്‍ക്കാര്‍ കാണുന്നത്. സമ്പദ് വ്യവസ്ഥക്ക് വലിയ പരുക്കേല്‍പ്പിച്ച നോട്ട് നിരോധനത്തെ ഇക്കഴിഞ്ഞ ബിഹാര്‍ തിരഞ്ഞെടുപ്പ് വേളയിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യായീകരിക്കുകയായിരുന്നുവല്ലോ.

ആര്‍ ബി ഐ ഡെപ്യൂട്ടി ഗവര്‍ണര്‍ മൈക്കല്‍ പാത്ര ഉള്‍പ്പെട്ട വിദഗ്ധര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് സാമ്പത്തിക മാന്ദ്യത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്. ജൂലൈ- സെപ്തംബര്‍ പാദത്തില്‍ മൊത്ത ആഭ്യന്തര ഉത്പാദനം (ജി ഡി പി) 8.6 ശതമാനം ഇടിഞ്ഞതായാണ് ആര്‍ ബി ഐ വിലയിരുത്തല്‍. ഏപ്രില്‍- ജൂണ്‍ പാദത്തില്‍ 23.9 ശതമാനമെന്ന അഭൂതപൂര്‍വമായ ഇടിവാണ് ജി ഡി പിയിലുണ്ടായതെന്ന് വ്യക്തമാക്കുന്ന ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസി(എന്‍ എസ് ഒ)ന്റെ കണക്ക് പുറത്തുവന്നതിനു പിന്നാലെയാണ് സാമ്പത്തിക മാന്ദ്യം ആര്‍ ബി ഐയും സമ്മതിക്കുന്നത്. തുടര്‍ച്ചയായി രണ്ട് പാദങ്ങളിലോ അതില്‍ കൂടുതലോ ജി ഡി പി വളര്‍ച്ച നെഗറ്റീവ് ആയിരിക്കുന്ന അവസ്ഥയെയാണ് സാമ്പത്തിക ശാസ്ത്രത്തില്‍ മാന്ദ്യം എന്ന് വിളിക്കുന്നത്. സാങ്കേതികാര്‍ഥത്തില്‍ ഇപ്പോഴാണ് അത് ദൃശ്യമായതെങ്കിലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ പിന്നോട്ടടി തുടങ്ങിയിട്ട് ഏതാനും വര്‍ഷങ്ങളായി. നാല് വര്‍ഷം മുമ്പ് നടപ്പാക്കിയ നോട്ടു നിരോധനത്തിന് ശേഷം ഉത്പാദന മേഖലയില്‍ നിന്ന് നല്ല വാര്‍ത്തകള്‍ വന്നിട്ടില്ലെന്ന് തന്നെ പറയാം.

തൊഴില്‍ നഷ്ടം സാമ്പത്തിക രംഗത്തെ രൂക്ഷമായി ബാധിച്ചു. ഒരു ഭാഗത്ത്, ചെലവാക്കാന്‍ താത്പര്യമുള്ളവരുടെ കൈയില്‍ പണമില്ല. മറുഭാഗത്ത് പണമുള്ളവര്‍ ചെലവാക്കാന്‍ മടിക്കുന്നു. ബിസിനസ് ആത്മവിശ്വാസം മോശമായതിനാല്‍ മുതല്‍ മുടക്കിന് ആരും തയ്യാറാകുന്നില്ല. പ്രതിസന്ധിക്കിടയിലും വരുമാനം കുന്നുകൂട്ടുന്നവര്‍ സമ്പാദ്യത്തിലേക്കാണ് തിരിയുന്നത്. ഇത് പണപര്യയനത്തില്‍ നിന്ന് സമ്പത്ത് പിന്‍വലിക്കപ്പെടുന്നതിന് കാരണമാകുന്നു. ഈ പ്രതിസന്ധികളെല്ലാം കൊവിഡ് കൊണ്ട് ഉണ്ടായതാണ് എന്ന് വിശദീകരിക്കാന്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ശ്രമിക്കുന്നുണ്ട്. അത് പൂര്‍ണമായും ശരിയല്ല. കൊവിഡ് രാജ്യത്തെ കൂടുതല്‍ പ്രശ്‌നത്തിലാക്കിയെന്നത് വസ്തുതയാണ്. “സാങ്കേതിക മാന്ദ്യം” ഇതിനകം ആരംഭിച്ചുവെന്നാണ് ആര്‍ ബി ഐ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ചരിത്രത്തില്‍ ആദ്യമായി “സാങ്കേതിക മാന്ദ്യം” അനുഭവപ്പെട്ട് തുടങ്ങി. 2016 മുതല്‍ മുരടിച്ചുനിന്ന ജി ഡി പി 2021ല്‍ താഴേക്ക് വളരുമെന്നാണ് വിലയിരുത്തല്‍.

പണത്തിന്റെ വിനിയോഗം കുറഞ്ഞത് കൂടുതല്‍ തൊഴില്‍ നഷ്ടത്തിനു കാരണമാകും. വാഹന വിപണി, ഭവന, കെട്ടിട നിര്‍മാണ മേഖല, കോര്‍പറേറ്റ് രംഗം എന്നിവയില്‍ പഠനം നടത്തിയാണ് റിസര്‍വ് ബേങ്ക് ഈ നിഗമനം മുന്നോട്ട് വെച്ചത്. കടുത്ത വെല്ലുവിളിയുള്ള സമയത്തിലൂടെയാണ് നാം കടന്നുപോകുന്നത് എന്ന സമിതി അംഗങ്ങളുടെ പരാമര്‍ശത്തോടെയാണ് റിപ്പോര്‍ട്ട് അവസാനിക്കുന്നത്. ഈ ഘട്ടത്തില്‍ രാജ്യം ചോദിക്കുന്ന ചോദ്യമിതാണ്. ഈ പടുകുഴിയില്‍ നിന്ന് സമ്പദ് വ്യവസ്ഥയെ കരകയറ്റാന്‍, ഭരിക്കുന്നവരുടെയും അവരെ ഉപദേശിക്കുന്ന സാമ്പത്തിക വിദഗ്ധരുടെയും കൈയില്‍ എന്ത് മരുന്നുണ്ട്? ഒരു മുന്നൊരുക്കവുമില്ലാതെ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഏല്‍പ്പിച്ച ആഘാതം മറികടക്കാന്‍ പ്രഖ്യാപിച്ച രണ്ട് സാമ്പത്തിക പാക്കേജുകളുടെ സ്ഥിതിയെന്താണ്? ജി ഡി പിയുടെ 15 ശതമാനത്തോളം പാക്കേജായി പ്രഖ്യാപിച്ചപ്പോഴും ജനങ്ങളുടെ കൈവശം പണം എത്തിക്കാന്‍ സാധിച്ചില്ല എന്നതാണ് അടിസ്ഥാന പ്രശ്‌നം. വായ്പാധിഷ്ഠിതമായിരുന്നു ഈ പാക്കേജുകളെല്ലാം. ജനങ്ങള്‍ക്ക്, പ്രത്യേകിച്ച് ദരിദ്ര വിഭാഗങ്ങള്‍ക്ക്, നേരിട്ട് പണമെത്തിക്കുകയാണ് സര്‍ക്കാര്‍ യഥാര്‍ഥത്തില്‍ ചെയ്യേണ്ടത്. മറിച്ച് ഈ കെടുതിയുടെ കാലത്തും അവരെ ബേങ്കിംഗ് മേഖലയുടെ നീരാളിക്കൈകളിലേക്ക് എറിഞ്ഞു കൊടുക്കുകയല്ല വേണ്ടത്.

ഇത് നയത്തിന്റെ വിഷയം തന്നെയാണ്. നവ ഉദാരവത്കരണ നയങ്ങള്‍ കോണ്‍ഗ്രസിനേക്കാള്‍ മോശമായി നടപ്പാക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍. പൊതു മേഖലാ സ്ഥാപനങ്ങള്‍ ഒന്നൊന്നായി വിറ്റഴിക്കുന്നതില്‍ ഒരു കുറ്റബോധവും ഈ സര്‍ക്കാറിനില്ല. ഈ പൊതു മേഖലാ സ്ഥാപനങ്ങളാണ് ലോകം മുഴുവന്‍ സാമ്പത്തിക മാന്ദ്യത്തിലായപ്പോഴും ഇന്ത്യയെ ഉലയാതെ നിര്‍ത്തിയതെന്നോര്‍ക്കണം. വിദേശ മൂലധനം ആകര്‍ഷിക്കാന്‍ എല്ലാ വാതിലുകളും തുറന്നിടുമ്പോള്‍ തദ്ദേശീയ സംരംഭങ്ങള്‍ പലതും കൂമ്പടഞ്ഞു പോകുമെന്നതാണ് യാഥാര്‍ഥ്യം. ആത്മനിര്‍ഭര്‍ പദ്ധതി ഇടക്കിടക്ക് പ്രഖ്യാപിച്ചിട്ടും കരകയറാത്തത് ശരിയായ നയത്തിലേക്ക് സര്‍ക്കാര്‍ എത്താത്തത് കൊണ്ടാണ്. മുതലാളിത്ത സമ്പദ് വ്യവസ്ഥകള്‍ ഒന്നാകെ പ്രതിസന്ധിയിലായ 1930കളിലെ മാന്ദ്യത്തിന് പരിഹാരമായി ജെ എം കെയിന്‍സ് നിര്‍ദേശിച്ചത് കുഴികുത്തുക, മൂടുക എന്നതായിരുന്നു. വലിയ ഒരു മൈതാനത്തേക്ക് കുറെ തൊഴിലാളികളെ വിളിച്ചു കൊണ്ടുപോകുക. വലിയ കുഴിയെടുപ്പിക്കുക; എല്ലാവര്‍ക്കും കൂലി കൊടുക്കുക. പിന്നെയൊരു സംഘം തൊഴിലാളികളെ വിളിച്ച് കുഴി മൂടിക്കുക; അവര്‍ക്കും കൂലി നല്‍കുക. മുതലാളിത്തത്തിന്റെ വക്താവായ കെയിന്‍സ് ഈ ഉദാഹരണത്തിലൂടെ പറയാന്‍ ശ്രമിക്കുന്നത് സര്‍ക്കാറിന്റെ നേരിട്ടുള്ള ഇടപെടലിന്റെ ശക്തിയെക്കുറിച്ചാണ്. പംപ് പ്രൈമിംഗ് എന്ന് പറയും. ജനങ്ങളുടെ ക്രയശേഷി വര്‍ധിപ്പിക്കാന്‍ പൊതുച്ചെലവ് കൂട്ടുക. സാധാരണക്കാരായ മനുഷ്യര്‍ക്ക് പല ആനുകൂല്യങ്ങള്‍ വഴി പണം കിട്ടണം. അവര്‍ക്ക് ഉയര്‍ന്ന ഉപഭോഗ പ്രവണതയുണ്ട്. അതിനാല്‍ ഈ പണം മുഴുവന്‍ വിപണിയില്‍ തിരിച്ചെത്തും.

പൊതുനിക്ഷേപം വര്‍ധിപ്പിക്കണം. സാമൂഹിക സുരക്ഷാ പദ്ധതികളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങരുത്. സര്‍ക്കാര്‍ സര്‍വീസില്‍ കൂടുതല്‍ പേരെ നിയമിക്കണം. പൊതു മേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്നതി(ഡിസ് ഇന്‍വെസ്‌മെന്റ്)ന് മൊറട്ടോറിയം പ്രഖ്യാപിക്കണം. കോര്‍പറേറ്റുകള്‍ക്ക് ഇളവ് നല്‍കുന്നത് കൊണ്ട് സമ്പദ് വ്യവസ്ഥയില്‍ ഉണര്‍വുണ്ടാകുമെന്നത് മൗഢ്യമാണ്.

Latest