Kerala
സി എ ജി റിപ്പോര്‍ട്ട്: പ്രതിപക്ഷം ഗവര്‍ണറേയും രാഷ്ട്രപതിയേയും സമീപിച്ചേക്കും

തിരുവനന്തപുരം | ധനമന്ത്രി തോമസ് ഐസക് സി എ ജി റിപ്പോര്‍ട്ട് പുറത്തുവിട്ടതിനെ ഉയര്‍ത്തിക്കാട്ടി സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധിയെന്ന് പറഞ്ഞ് പ്രതിപക്ഷം ഗവര്‍ണറേയും രാഷ്ട്രപതിയേയും സമീപിക്കും. സഭയുടെ മേശപ്പുറത്ത് എത്തുന്നതിന് മുമ്പ് ധനമന്ത്രി റിപ്പോര്‍ട്ട് പുറത്തുവിട്ടത് ചട്ടലംഘനമാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. വിഷയം രാഷ്ട്രപതിക്ക് മുമ്പില്‍ എത്തിക്കുന്നതിന്റെ നിയമ സാധുത നിയമവിദഗ്ദ്ധരുമായി പ്രതിപക്ഷ നേതാക്കള്‍ ആരായും.
ധനമന്ത്രിയുടെ വാക്കുകള്‍ സി എ ജി എന്ന ഭരണഘടനാ സ്ഥാപനത്തെ അസ്ഥിരപ്പെടുത്തുന്നതും ഭീഷണിപ്പെടുത്തുന്നതുമാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. അതേസമയം വകുപ്പ് സെക്രട്ടറിക്ക് ലഭിച്ച റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുന്നതില്‍ തെറ്റില്ലെന്ന നിലപാടാണ് ധനവകുപ്പിനുള്ളത്.
കിഫ്ബി ഭരണഘടന വിരുദ്ധമായ രീതിയിലാണ് പ്രവര്‍ത്തിച്ചതെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നതായാണ് വിവരം. അതിന്റെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്ന കണ്ടെത്തലുകളാണ് സി എ ജി റിപ്പോര്‍ട്ടിലുള്ളത്. മസാലബോണ്ട് അടക്കമുള്ള കാര്യങ്ങളില്‍ വലിയ രീതിയിലുള്ള ക്രമക്കേട് നടന്നതായും സി എ ജി റിപ്പോര്‍ട്ടിലുണ്ട്.