ന്യൂയോര്‍ക്ക് | തീപ്പിടിത്ത സാധ്യതയെ തുടര്‍ന്ന് 70,000 ഷെവര്‍ലെ ബോള്‍ട്ട് വൈദ്യുതി കാറുകള്‍ തിരിച്ചുവിളിച്ച് ജനറല്‍ മോട്ടോഴ്‌സ്. ലോകത്തുടനീളം വിറ്റ 2017- 19 മോഡല്‍ ബോള്‍ട്ട് ഹാച്ച്ബാക്ക് കാറുകളാണ് തിരികെവിളിക്കുന്നത്. 68,667 എണ്ണമാണ് തിരിച്ചുവിളിച്ചതെന്ന് ജി എം അറിയിച്ചു.
ഇവയില്‍ 51,000 അമേരിക്കയിലാണ് വിറ്റത്. ദക്ഷിണ കൊറിയന്‍ കമ്പനിയായ എല്‍ ജി ചെം നിര്‍മിച്ച ബാറ്ററികള്‍ക്കാണ് അപകട സാധ്യത. 90 ശതമാനത്തിലേറെ ചാര്‍ജ് ചെയ്യുമ്പോള്‍ തീപിടിക്കാനുള്ള സാധ്യതയാണ് കമ്പനി കണ്ടെത്തിയത്.
2017ല്‍ ഇറക്കിയ ബോള്‍ട്ടിന്റെ ആദ്യ മോഡലുകളില്‍ എല്‍ ജിയുടെ ബാറ്ററികളാണ് ഉപയോഗിച്ചത്. 2018, 2019 മോഡലുകളിലും ഈ ബാറ്ററി ഉപയോഗിച്ചിരുന്നു. അതിന് ശേഷമുള്ള മോഡലുകളില്‍ അമേരിക്കയില്‍ നിര്‍മിച്ച ബാറ്ററികളാണ് ഘടിപ്പിച്ചത്.