രാജ്യത്ത് വീണ്ടും ലോക്ക് ഡൗണോ; കേന്ദ്ര സര്‍ക്കാര്‍ പറയുന്നത് ഇങ്ങനെ

Posted on: November 14, 2020 8:29 am | Last updated: November 14, 2020 at 11:19 am

ന്യൂഡല്‍ഹി |  രാജ്യത്ത് വീണ്ടും ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന പ്രചാരണം തള്ളി സര്‍ക്കാര്‍. ഡിസംബര്‍ ഒന്നോടെ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന തരത്തിലുള്ള വാര്‍ത്തകളാണ് പ്രചരിച്ചിരുന്നത്. എന്നാല്‍ നടക്കുന്നത് വ്യാജ പ്രചാരണമാണെന്ന് കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വ്യക്തമാക്കി.

കൊവിഡിന്റെ രണ്ടാം ഘട്ട വ്യാപനം നേരിടുന്ന യൂറോപ്പില്‍ ഫ്രാന്‍സ്, ബ്രിട്ടണ്‍ തുടങ്ങിയ രാജ്യങ്ങള്‍ വീണ്ടും ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. സമാനമായി ഇന്ത്യയിലും ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചുവെന്നാണ് പ്രചാരണം. ഇത് സംബന്ധിച്ച് ഒരു ട്വീറ്റും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ഇതോടെയാണ് വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയത്.

പ്രചരിക്കുന്ന ട്വീറ്റ് വ്യാജമാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പറയുന്നു. ട്വീറ്റ് മോര്‍ഫ് ചെയ്ത് പ്രചരിക്കുകയായിരുന്നു. സര്‍ക്കാര്‍ അത്തരത്തില്‍ ഒരു തീരുമാനവും ഇതുവരെ കൈക്കൊണ്ടിട്ടില്ലെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അറിയിച്ചു.