Connect with us

Editorial

അവരെയൊക്കെ കോടതി മറന്നോ?

Published

|

Last Updated

ആത്മഹത്യാ പ്രേരണക്കുറ്റത്തിന് അറസ്റ്റിലായി ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന റിപ്പബ്ലിക് ടി വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്ക് ഇടക്കാല ജാമ്യം അനുവദിക്കാന്‍ സുപ്രീം കോടതി എടുത്ത പ്രത്യേക താത്പര്യം വ്യാപകമായ വിമര്‍ശത്തിനു വിധേയമായിരിക്കുകയാണ്. ജഡ്ജിമാരായ ഡി വൈ ചന്ദ്രചൂഡ്, ഇന്ദിരാ ബാനര്‍ജി എന്നിവരുടെ ബഞ്ചാണ് ബുധനാഴ്ച അര്‍ണബിന് ജാമ്യം അനുവദിച്ചത്. നേരത്തേ അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ നിഷേധിച്ച മുംബൈ ഹൈക്കോടതി നടപടി തെറ്റാണെന്നും ട്വീറ്റുകളുടെയും മറ്റും പേരില്‍ വ്യക്തികളെ സര്‍ക്കാര്‍ ജയിലിലടക്കുമ്പോള്‍ ഹൈക്കോടതികള്‍ ഇടപെടുകതന്നെ വേണമെന്നും സുപ്രീം കോടതി വിധിന്യായത്തില്‍ പറയുന്നു. ഹരജിക്കാരന്‍ ആരെന്നതല്ല കാര്യം. നിങ്ങള്‍ അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രം ഇഷ്ടപ്പെടുന്നില്ലായിരിക്കാം. എങ്കിലും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് വ്യക്തി സ്വാതന്ത്ര്യം നിഷേധിക്കരുതെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് ഓര്‍മിപ്പിച്ചു.

എന്നാല്‍ ജാമ്യാപേക്ഷയില്‍ കോടതിയില്‍ നിന്ന് അര്‍ണബിനു ലഭിച്ച ഈ പ്രത്യേക പരിഗണന നിയമവിരുദ്ധവും അനധികൃതവുമാണെന്ന് സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ദുഷ്യന്ത്ദവേ സുപ്രീം കോടതി ജനറലിന് അയച്ച കത്തില്‍ നിരീക്ഷിക്കുന്നു. വേറെയും പലരും അര്‍ണബിനെ പാര്‍പ്പിച്ച ജയിലിലും രാജ്യത്തെ മറ്റ് ജയിലുകളിലുമായി ജാമ്യം നിഷേധിക്കപ്പെട്ട് കിടക്കുന്നുണ്ടെന്ന കാര്യം മറന്നാണ് അര്‍ണബിന്റെ ഹരജി സുപ്രീം കോടതി അടിയന്തര പ്രാധാന്യത്തോടെ തീര്‍പ്പാക്കിയതെന്നും ദുഷ്യന്ത്ദവേ ചൂണ്ടിക്കാട്ടുന്നു. സുപ്രീം കോടതിയാണ് രാജ്യത്തെ ഏറ്റവും വലിയ തമാശയെന്നാണ് ഇതുമായി ബന്ധപ്പെട്ട് പ്രസിദ്ധ ഹാസ്യാവതാരകന്‍ കുനാല്‍കംറ പ്രതികരിച്ചത്. വിമാനത്തില്‍ ഫാസ്റ്റ് ട്രാക്കിലൂടെ ആദ്യമെത്തിയ യാത്രികര്‍ക്ക് ഷാംപെയിന്‍ വിളമ്പുകയാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. അതേസമയം സാധാരണക്കാര്‍ക്ക് എന്നെങ്കിലും അകത്ത് സീറ്റ് കിട്ടുമോ എന്നുപോലും അറിയാത്ത സാഹചര്യമാണെന്നും ട്വീറ്റില്‍ അദ്ദേഹം കുറിക്കുന്നു.

സാമൂഹിക മാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച ചര്‍ച്ച സജീവമാണ്. അര്‍ണബിന് മിന്നല്‍ വേഗത്തില്‍ ജാമ്യം അനുവദിച്ച സുപ്രീം കോടതി ഉത്തര്‍ പ്രദേശ് പോലീസ് അകാരണമായി തുറുങ്കിലടച്ച മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍, അടുത്തിടെ എന്‍ ഐ എ പിടികൂടി ജയിലിലടച്ച ഫാദര്‍ സ്റ്റാന്‍ സ്വാമി, ദശാബ്ദങ്ങള്‍ പഴക്കമുള്ള കേസില്‍ തടവില്‍ കഴിയുന്ന സഞ്ജീവ് ഭട്ട്, മനുഷ്യാവകാശ പ്രവര്‍ത്തകരായ സുധ ഭരദ്വാജ്, വരവര റാവു തുടങ്ങിയവര്‍ക്ക് എന്തുകൊണ്ട് നീതി ലഭ്യമാക്കുന്നില്ലെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പൊതുസമൂഹം ജുഡീഷ്യറിയോട് ചോദിക്കുന്നത്. അര്‍ണബിന്റെ കാര്യത്തില്‍ വീര്യത്തോടെ ന്യായാധിപന്മാര്‍ എടുത്തു പറഞ്ഞ അഭിപ്രായ സ്വാതന്ത്ര്യവും വ്യക്തി സ്വാതന്ത്ര്യവും ഇവര്‍ക്കൊന്നും ബാധകമല്ലേ? ക്രൂരമായ കൂട്ടബലാത്സംഗത്തെ തുടര്‍ന്ന് ഒരു ദളിത് പെണ്‍കുട്ടി മരണപ്പെട്ട ഹാഥ്‌റസിലേക്ക് വാര്‍ത്താ ശേഖരണത്തിനായി പോകവെ തടവിലാക്കപ്പെട്ട കാപ്പന്റെ ജാമ്യാപേക്ഷ വേഗത്തില്‍ തീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് പത്രപ്രവര്‍ത്തക യൂനിയന്‍ അപേക്ഷ നല്‍കിയിട്ടും കേസ് ആഴ്ചകള്‍ക്കപ്പുറത്തേക്ക് മാറ്റിവെക്കുകയായിരുന്നു പരമോന്നത കോടതി.

രണ്ട് വര്‍ഷത്തിലേറെയായി ജാമ്യം നിഷേധിക്കപ്പെട്ട് തടവറയില്‍ കഴിയുകയാണ് സഞ്ജീവ് ഭട്ട്. ഇതുസംബന്ധിച്ച് അയാളുടെ മകന്‍ ശന്തനു സോഷ്യല്‍ മീഡിയയില്‍ എഴുതിയ കുറിപ്പ് നീതിന്യായ മേഖലയുടെ കണ്ണു തുറപ്പിക്കേണ്ടതാണ്. 29 കൊല്ലം പഴക്കമുള്ള ഒരു കേസ് പൊടിതട്ടിയെടുത്താണ് സഞ്ജീവ് ഭട്ടിനെ ഭരണകൂടം വേട്ടയാടുന്നത്. ഒരു വര്‍ഗീയ സംഘര്‍ഷ വേളയില്‍ സഞ്ജീവ് ഭട്ട് കസ്റ്റഡിയിലെടുത്ത ഒരാള്‍ ജയില്‍ മോചിതനായ ശേഷം ആശുപത്രിയില്‍ വെച്ച് മരണപ്പെട്ട സംഭവത്തിലാണ് കസ്റ്റഡി മരണത്തിന് ഭട്ടിനെതിരെ കേസെടുത്തത്. 1990ലായിരുന്നു ഈ മരണം. ഗോധ്ര സംഭവത്തിന് പ്രതികാരം ചെയ്യാന്‍ ഹിന്ദുത്വര്‍ക്ക് അവസരമൊരുക്കണമെന്ന് ഉന്നത പോലീസുദ്യോഗസ്ഥരുടെ യോഗത്തില്‍ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ആവശ്യപ്പെട്ട കാര്യം സഞ്ജീവ് ഭട്ട് തുറന്നു പറഞ്ഞതിനാണ് കസ്റ്റഡി മരണ കേസ് വീണ്ടും പൊടിതട്ടിയെടുത്തതെന്നാണ് വിശ്വസിക്കപ്പെടുന്നത്. പാര്‍ക്കിസന്‍സ് രോഗം ബാധിച്ച് കൈവിറയല്‍ അനുഭവപ്പെടുന്ന വ്യക്തിയാണ് ഭീമാകൊറെഗാവ് കേസില്‍ തടവില്‍ കഴിയുന്ന എണ്‍പത്തിമൂന്നുകാരനായ ഫാദര്‍ സ്റ്റാന്‍ സ്വാമി. രോഗം മൂലം സ്വന്തമായി ഒരു ഗ്ലാസില്‍ വെള്ളമെടുത്ത് കുടിക്കാന്‍ പോലും പ്രയാസപ്പെടുന്ന അദ്ദേഹം തനിക്ക് സ്‌ട്രോ അനുവദിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി എന്‍ ഐ എയുടെ മറുപടിക്കായി ആഴ്ചകള്‍ക്കപ്പുറത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്. മനുഷ്യാവകാശ പ്രവര്‍ത്തകരായ സുധ ഭരദ്വാജും വരവര റാവുവും രണ്ട് വര്‍ഷത്തിലേറെയായി ജയിലിലാണ്. ഇവരൊക്കെ നീതിവ്യവസ്ഥക്കു പുറത്താണോ?
അതിനിടെ രാജ്യത്തെ തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്ന ജാമ്യാപേക്ഷകളുടെ കണക്കുകള്‍ ആവശ്യപ്പെട്ട് ആക്ടിവിസ്റ്റ് സാകേത് ഗോഖലെ വിവരാവകാശ നിയമത്തിനു കീഴില്‍ അധികൃതരെ സമീപിച്ചിരിക്കുകയാണ്. സുപ്രീംകോടതിയില്‍ ഇതുവരെ കെട്ടിക്കിടക്കുന്ന ജാമ്യാപേക്ഷകള്‍ എത്ര? ഇടക്കാല ജാമ്യാപേക്ഷ സമര്‍പ്പിച്ചാല്‍ സാധാരണഗതിയില്‍ പരിഗണനക്കെടുക്കുന്നതിനുള്ള ശരാശരി കാത്തിരിപ്പു കാലമെത്ര എന്നീ ചോദ്യങ്ങളാണ് സാകേത് ഗോഖലെ ഉന്നയിച്ചിരിക്കുന്നത്. അര്‍ണബ് ഗോസ്വാമിയുടെ ഇടക്കാല ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി ഒറ്റദിവസം കൊണ്ട് തീര്‍പ്പുകല്‍പ്പിച്ച സാഹചര്യത്തിലാണ് സാകേത് ഗോഖലെ ഇതിന് മുന്നിട്ടിറങ്ങിയത്. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കുകയാണെങ്കില്‍ കോടതികളുടെ ഇരട്ട മുഖം കൂടുതല്‍ അനാവരണം ചെയ്യപ്പെടും. “ഭരണകൂടങ്ങള്‍ക്ക് വഴി തെറ്റുമ്പോള്‍ തിരുത്തേണ്ട കടമയും ബാധ്യതകളുമുള്ള കോടതികള്‍ക്ക് വഴി തെറ്റുകയാണെന്നതാണ് തന്നെ ഏറ്റവുമധികം അലട്ടുന്നതെ”ന്ന ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് എ പി ഷായുടെ, ജസ്റ്റിസ് ഹൊസ്ബത്ത് സുരേഷ് അനുസ്മരണ പ്രഭാഷണത്തിലെ വാക്കുകളാണ് ഇത്തരുണത്തില്‍ ഓര്‍മ വരുന്നത്. ജനാധിപത്യത്തില്‍ ഭരണകൂടങ്ങളെ തിരഞ്ഞെടുക്കുന്നത് ഭൂരിപക്ഷമാണ്. പക്ഷേ, തങ്ങള്‍ക്കെതിരെ നില്‍ക്കുന്നവര്‍ക്ക് ഈ ഭരണകൂടങ്ങള്‍ നീതി നിഷേധിക്കുന്നില്ലെന്ന് ഉറപ്പു വരുത്താനാണ് കോടതികളെന്നും ജസ്റ്റിസ് ഷാ ചൂണ്ടിക്കാട്ടി. രാജ്യത്തെ കോടതികള്‍ നിലവില്‍ ഈ കടമ നിര്‍വഹിക്കുന്നുണ്ടോ?