Connect with us

Editorial

ഇനിയുമേറെ പഠിക്കാനുണ്ട് കോണ്‍ഗ്രസിന്

Published

|

Last Updated

കോണ്‍ഗ്രസിന് കനത്ത പ്രഹരമാണ് ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേരിട്ടത്. 2015ല്‍ 42 സീറ്റില്‍ മത്സരിച്ച പാര്‍ട്ടി ഇത്തവണ ശക്തമായ വിലപേശലിലൂടെയാണ് ആര്‍ ജെ ഡിയില്‍ നിന്ന് 70 സീറ്റുകള്‍ പിടിച്ചുവാങ്ങിയത്. 60 സീറ്റുകളില്‍ കൂടുതല്‍ കോണ്‍ഗ്രസിന് നല്‍കരുതെന്നായിരുന്നു ആര്‍ ജെ ഡി ദേശീയ അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ നിലപാട്. സോഷ്യലിസ്റ്റ് രാഷ്ട്രീയ കാഴ്ചപ്പാടിന് കൂടുതല്‍ വേരോട്ടമുള്ള ബിഹാറില്‍ കോണ്‍ഗ്രസിനേക്കാള്‍ വിജയ സാധ്യത ആര്‍ ജെ ഡിക്കാണെന്നും പരമാവധി സീറ്റുകളില്‍ ആര്‍ ജെ ഡി മത്സരിച്ചാലാണ് മഹാസഖ്യത്തിന് കൂടുതല്‍ ഗുണം ചെയ്യുകയെന്നുമായിരുന്നു ലാലുവിന്റെ വിലയിരുത്തല്‍. 70 സീറ്റ് കിട്ടാതെ തങ്ങള്‍ മഹാസഖ്യത്തിനൊപ്പമില്ല, അങ്ങനെയെങ്കില്‍ ഒറ്റക്ക് മത്സരിക്കാന്‍ നിര്‍ബന്ധിതമാകുമെന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം വാശിപിടിച്ചപ്പോള്‍ മനമില്ലാ മനസ്സോടെയാണ് അത്രയും സീറ്റുകള്‍ നല്‍കാന്‍ ആര്‍ ജെ ഡി സന്നദ്ധമായത്. എന്നാല്‍ വിജയ മണ്ഡലങ്ങളുടെ എണ്ണത്തില്‍ കഴിഞ്ഞ തവണത്തേത് പോലും നിലനിര്‍ത്താന്‍ പാര്‍ട്ടിക്കായില്ല. 2015ല്‍ 42ല്‍ 27 സീറ്റില്‍ വിജയിച്ച കോണ്‍ഗ്രസ് ഇത്തവണ 70ല്‍ 19 എണ്ണത്തില്‍ മാത്രമാണ് കഷ്ടിച്ചു കരപറ്റിയത്.

മത്സരിച്ച സീറ്റുകളുടെയും വിജയിച്ച സീറ്റുകളുടെയും എണ്ണം പരിഗണിക്കുമ്പോള്‍ ആര്‍ ജെ ഡി 52 ശതമാനം സീറ്റുകളിലും ഇടതുപാര്‍ട്ടികള്‍ 58 ശതമാനത്തിലും വിജയിച്ചു. എന്നാല്‍ കോണ്‍ഗ്രസിന് വിജയിക്കാനായത് 27 ശതമാനത്തില്‍ മാത്രം. ബിഹാറിന്റെ രാഷ്ട്രീയ, സാമൂഹിക പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിനേക്കാള്‍ വിജയ സാധ്യത ആര്‍ ജെ ഡിക്കാണെന്ന ലാലുവിന്റെ വീക്ഷണം ശരിവെക്കുന്നതാണ് ഈ കണക്ക്. മഹാസഖ്യത്തെ പരാജയപ്പെടുത്തിയത് കോണ്‍ഗ്രസിന്റെ മോശം പ്രകടനമാണെന്ന അഭിപ്രായം ഉയര്‍ന്നു വരാന്‍ ഇതിടയാക്കിയിട്ടുണ്ട്. കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കുക എന്നത് മാത്രമല്ല, കിട്ടിയ സീറ്റുകളില്‍ നന്നായി പ്രവര്‍ത്തിക്കുകയും മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ കണ്ടറിഞ്ഞ് തങ്ങള്‍ക്കനുകൂലമാക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുകയെന്നതുമാണ് തിരഞ്ഞെടുപ്പില്‍ അനുവര്‍ത്തിക്കേണ്ട നയം. അതിന് പ്രാപ്തമായ നേതൃത്വമോ സംഘടനാ സംവിധാനമോ ബിഹാറില്‍ കോണ്‍ഗ്രസിനില്ലാതെ പോയി. തിരഞ്ഞെടുപ്പ് റാലികളില്‍ വലിയ ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ രാഹുല്‍ ഗാന്ധിക്കു കഴിഞ്ഞിരുന്നു. അത് പോളിംഗില്‍ പ്രതിഫലിച്ചില്ല. ബിഹാറില്‍ മാത്രമല്ല, പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം ദുര്‍ബലമാണ്. അടിത്തറ ഭദ്രമല്ലെങ്കില്‍ തിരഞ്ഞെടുപ്പ് കാലത്തെ താത്കാലിക പ്രകടനങ്ങള്‍ രാഷ്ട്രീയമായി ഒരു ഗുണവും ചെയ്യില്ല.

മഹാസഖ്യത്തിന്, വിശേഷിച്ചും കോണ്‍ഗ്രസിന് പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ സാധിക്കാതെ പോയതിന്റെ കാരണങ്ങളിലൊന്ന് ഉവൈസിയുടെ ഇത്തിഹാദെ മജ്‌ലിസ് സഖ്യത്തില്‍ അകപ്പെടാതെ പോയതാണെന്ന് നിരീക്ഷകര്‍ കണക്കാക്കുന്നു. മുസ്‌ലിം വോട്ടുകള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള സീമാഞ്ചല്‍ മേഖലയിലാണ് ഇത്തിഹാദെ മജ്‌ലിസ് മികച്ച പ്രകടനം കാഴ്ച വെച്ചത്. മുന്‍കാലങ്ങളില്‍ ആര്‍ ജെ ഡിക്കും കോണ്‍ഗ്രസിനും ലഭിച്ചിരുന്ന വോട്ടുകളെ കാര്യമായി സ്വാധീനിക്കാന്‍ ഇവിടെ ഉവൈസിക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നത്. ഇത് മതേതര വോട്ടുകള്‍ ഭിന്നിക്കാന്‍ ഇടയാക്കി. ബിഹാറിലും ഇതര ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും വികസനം കാര്യമായെത്താത്തവയാണ് മുസ്‌ലിം പ്രദേശങ്ങള്‍. കാലാകാലങ്ങളായി കടുത്ത അവഗണനയാണ് ഇവര്‍ നേരിടുന്നത്. ഈ സ്ഥിതിവിശേഷം മനസ്സിലാക്കി മതന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ ഊന്നിയാണ് ഉവൈസി തിരഞ്ഞെടുപ്പിനെ നേരിട്ടത്. അതേസമയം, മൃദുഹിന്ദുത്വം നയമായി സ്വീകരിച്ച കോണ്‍ഗ്രസിന് മുസ്‌ലിം പ്രശ്‌നങ്ങള്‍ തുറന്നു പറയാന്‍ ഭയവുമായിരുന്നു. ഇത് മേഖലയില്‍ ഉവൈസിയുടെ മേല്‍കൈക്ക് വഴിയൊരുക്കി.

ബിഹാറിലെ കോണ്‍ഗ്രസിന്റെ മോശം പ്രകടനം ആസന്നമായ തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമോ എന്ന ആശങ്കയിലാണ് പാര്‍ട്ടിക്കൊപ്പം മതേതര വിശ്വാസികളും. വിശേഷിച്ചും തമിഴ്‌നാട്ടില്‍ ഡി എം കെയോട് വിലപേശാനുള്ള ശേഷി കോണ്‍ഗ്രസിന് ഇത് നഷ്ടമാക്കിയേക്കും. സമഗ്രമായ ഒരു ആത്മപരിശോധന പാര്‍ട്ടിയില്‍ അനിവാര്യമാണ്. ഫാസിസ്റ്റ് ശക്തികളില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുള്ള മതേതര കൂട്ടായ്മക്കു നേതൃത്വം നല്‍കേണ്ട പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. എത്ര ദുര്‍ബലമായിട്ടുണ്ടെങ്കിലും ഇന്ത്യന്‍ ജനത ഇപ്പോഴും പ്രതീക്ഷ അര്‍പ്പിക്കുന്നത് ഈ പാര്‍ട്ടിയിലാണ്. കോണ്‍ഗ്രസാകട്ടെ നേതൃരാഹിത്യത്തില്‍ പെട്ടുഴലുകയും ചെയ്യുന്നു. രാഹുല്‍ ഗാന്ധി ഒഴിച്ചിട്ടു പോയ നേതൃപദവിയിലേക്ക് അനുയോജ്യനായ ഒരാളെ ഇനിയും കണ്ടെത്താനായിട്ടില്ല. കഴിവുറ്റ യുവ നേതൃത്വങ്ങള്‍ ധാരാളമുണ്ട്. അത്തരക്കാരെ കണ്ടറിഞ്ഞ് മുന്‍നിരയിലേക്ക് കൊണ്ടുവന്നാല്‍ അത് പാര്‍ട്ടിക്ക് ഊര്‍ജം പകരും. എന്നാല്‍ സംഘടനയിലും ഭരണത്തിലും പ്രായമേറെ ചെന്നവര്‍ പിടിമുറുക്കുന്ന സ്ഥിതിവിശേഷമാണ് പാര്‍ട്ടിയില്‍ ഇപ്പോഴും.

ഒരു പരാജയം സംഭവിച്ചാല്‍ ഉടനെ തന്നെ അതിന്റെ കാരണങ്ങളെക്കുറിച്ച് വിശദമായി പഠിച്ച് പരിഹാരം കണ്ടാല്‍ അടുത്ത പരാജയം ഒരു പരിധി വരെ ഒഴിവാക്കാനാകും. ശരിയായ ദിശാബോധമില്ലായ്മയും മികവുറ്റ ആസൂത്രണത്തിന്റെ അഭാവവുമാണ് കഴിഞ്ഞ വര്‍ഷത്തെ പൊതു തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തിനിടയാക്കിയത്. അതില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ബിഹാറില്‍ ഈ ഗതി വരില്ലായിരുന്നു. വിമര്‍ശങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുക എന്നത് ഒരു ജനകീയ പാര്‍ട്ടിക്കുണ്ടാകേണ്ട അനിവാര്യ ഗുണങ്ങളിലൊന്നാണ്. അതേസമയം, വിമര്‍ശങ്ങളെ ഭയക്കുന്ന ഒരു സമീപനമാണ് കോണ്‍ഗ്രസില്‍ കണ്ടു വരുന്നത്. കേഡര്‍ സ്വഭാവമില്ലാത്ത പാര്‍ട്ടികളില്‍ വിമര്‍ശങ്ങളും വിയോജിപ്പും സ്വാഭാവികമാണ്. അത് മനസ്സിലാക്കിയും ഉള്‍ക്കൊണ്ടും എല്ലാവരെയും ചേര്‍ത്തു പിടിച്ച് മുന്നോട്ടു പോകാനുള്ള പക്വതയും ആര്‍ജവവുമാണ് നേതൃത്വത്തിനു വേണ്ടത്.

Latest