Editorial
ആയുധം താഴെ വെക്കുക, ആശയങ്ങള്‍ പോരടിക്കട്ടെ

മാവോയിസ്റ്റ് നേതാവ് വേല്‍മുരുകന്‍ കൊല്ലപ്പെടാനിടയായ വയനാട് ബാണാസുര മലയോരത്തെ വെടിവെപ്പിനെക്കുറിച്ച് മജിസ്‌ട്രേറ്റ്തല അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ആഭ്യന്തര വകുപ്പ്. ജില്ലാ കലക്ടര്‍ അദീല അബ്ദുല്ലക്കാണ് അന്വേഷണ ചുമതല. മൂന്ന് മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറി ടി കെ ജോസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ മാസം രണ്ടിനാണ് തണ്ടര്‍ബോള്‍ട്ടിന്റെ വെടിയേറ്റ് വേല്‍മുരുകന്‍ മരണപ്പെട്ടത്. മാവോയിസ്റ്റുകള്‍ താവളം മാറ്റുന്നതിനിടെയാണ് വെടിവെപ്പുണ്ടായതെന്നാണ് പോലീസ് ഭാഷ്യമെങ്കിലും ഏകപക്ഷീയമാണ് വെടിവെപ്പെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ചത്. വേല്‍മുരുകന്റെ ബന്ധുക്കള്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും പുറമെ സംസ്ഥാന ഭരണകക്ഷിയായ സി പി ഐയും ഇതൊരു വ്യാജ ഏറ്റുമുട്ടലാണെന്ന് ആരോപിക്കുന്നുണ്ട്. ഇതുസംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് വേല്‍മുരുകന്റെ സഹോദരന്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ മുഖേന കല്‍പ്പറ്റ ജില്ലാ കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരിക്കുകയുമാണ്.
ബാണാസുരയില്‍ മാവോയിസ്റ്റുകളുടെ ഭാഗത്തു നിന്ന് പോലീസിനു നേരേ വെടിവെപ്പുണ്ടായിട്ടുണ്ടെങ്കില്‍ ഒരൊറ്റ പോലീസുകാരനു പോലും പരുക്കേല്‍ക്കാത്തത് എന്തുകൊണ്ടാണെന്നാണ് വ്യാജഏറ്റുമുട്ടല്‍ വാദക്കാരുടെ ചോദ്യം. മാവോയിസ്റ്റുകളെ തുടച്ചു നീക്കുന്നതിന്റെ പേരില്‍ വലിയ ഫണ്ടാണ് കേന്ദ്രത്തില്‍ നിന്ന് വന്നുകൊണ്ടിരിക്കുന്നത്. അത് കൈക്കലാക്കാനാണ് ഇടക്കിടെ ആളുകളെ വെടിവെച്ച് കൊല്ലുന്നതെന്നാണ് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പക്ഷം. കേരളത്തില്‍ മാവോയിസ്റ്റുകള്‍ അത്ര വലിയ ഭീഷണിയല്ല. അവരെ ഭീഷണിയായി നിലനിര്‍ത്തേണ്ടത് പോലീസിന്റെ മാത്രം ആവശ്യമാണ്. കേരളത്തിലെ വനങ്ങളില്‍ തണ്ടര്‍ബോള്‍ട്ടിന്റെ ആവശ്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. തങ്ങളുടെ ഭാഗം ന്യായീകരിക്കാന്‍ പോലീസ് പ്രചരിപ്പിക്കുന്നതാണ് പരസ്പരം വെടിവെപ്പ് നടന്നുവെന്ന വാദം.
കേരളത്തിലെ വനാന്തരങ്ങളില്‍ കഴിയുന്ന മാവോവാദികള്‍ ജനാധിപത്യ വ്യവസ്ഥയിലേക്ക് മാറാന്‍ താത്പര്യം പ്രകടിപ്പിക്കുന്നവരാണെന്നാണ് ബിനോയ് വിശ്വം എം പിയുടെ അഭിപ്രായം. അവരെ വെടിവെച്ചു കൊന്ന് തുടച്ചുനീക്കുകയല്ല ശരിയായ വഴി. സംസ്ഥാനത്ത് മുമ്പ് ഇതിനേക്കാള്‍ ശക്തമായ മാവോയിസ്റ്റ് ഭീഷണിയും നക്‌സലൈറ്റ് പ്രവര്‍ത്തനവും ഉണ്ടായിരുന്നു. അന്നവരെ നിര്‍വീര്യമാക്കിയത് തണ്ടര്‍ബോള്‍ട്ടുകള്‍ വന്നോ വെടിവെച്ചോ അല്ല. മാവോയിസ്റ്റ് രാഷ്ട്രീയത്തിന്റെ കഥയില്ലായ്മ ജനങ്ങള്‍ക്ക് മനസ്സിലാകുകയും അതിനെ ഒറ്റപ്പെടുത്തുകയുമായിരുന്നു. മാവോയിസം ഒരു രാഷ്ട്രീയ കാഴ്ചപ്പാടാണ്. പലപ്പോഴും രാഷ്ട്രീയ നിലപാടുകള്‍ പ്രകടിപ്പിച്ചാണ് ഇവര്‍ രംഗത്തു വരാറുള്ളത്. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ വീഴ്ചകള്‍ക്കെതിരെയും തവിഞ്ഞാലില്‍ സഹകരണ ബേങ്ക് ജീവനക്കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തിലും മാവോവാദികള്‍ പരസ്യ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. സായുധ വിപ്ലവങ്ങളില്‍ അവര്‍ എത്തിപ്പെട്ടതിന്റെ കാരണങ്ങള്‍ കണ്ടെത്തി പരിഹാരം കാണാന്‍ ശ്രമിക്കുകയാണ് ഇക്കാര്യത്തില്‍ ശരിയായ മാര്‍ഗം. ഇല്ലെങ്കില്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാറിന് അത് നാണക്കേടാകുമെന്നും സി പി ഐ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ആദര്‍ശാത്മക വിപ്ലവകാരികളും നിഷ്‌കളങ്കരുമാണ് മാവോയിസ്റ്റുകളെന്ന വാദം അപ്പടി അംഗീകരിക്കാന്‍ പ്രയാസമുണ്ട്. മാവോയിസ്റ്റുകളുടെ ലക്ഷ്യം അത്ര ശുദ്ധമല്ല, ആപത്കരമാണെന്ന് 2004ല്‍ മാവോവാദി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തയ്യാറാക്കിയിട്ടുള്ള “അര്‍ബന്‍ പെര്‍സ്‌പെക്ടീവ്” എന്ന രേഖ വ്യക്തമാക്കുന്നുണ്ട്. നഗരങ്ങളില്‍ പൊതുജീവിതത്തിന് നേതൃത്വം ഏറ്റെടുത്ത് ഗ്രാമീണ വനമേഖലയില്‍ ഏറ്റുമുട്ടലിലൂടെ ഭരണകൂടത്തെയും ഭരണ സംവിധാനത്തെയും തകര്‍ത്തെറിഞ്ഞ് അധികാരം പിടിക്കുക എന്ന ലക്ഷ്യമാണ് ഇവര്‍ മുന്നോട്ടു വെക്കുന്നത്. സാമൂഹിക പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് ജനകീയമുഖവും പൊതുബോധവും സൃഷ്ടിച്ചെടുത്താണ് ഇവര്‍ സമൂഹത്തില്‍ വേരോട്ടമുണ്ടാക്കുന്നത്. ആയുധങ്ങള്‍, സാധനസാമഗ്രികള്‍, സാങ്കേതിക വിദ്യ, വാര്‍ത്താവിനിമയം, വാഹന സംവിധാനം തുടങ്ങി എല്ലാ മേഖലകളിലും ഒരു സമാന്തര ഭരണ സംവിധാനത്തിന് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ രേഖ വിഭാവനം ചെയ്യുന്നു. വിദ്യാര്‍ഥികള്‍ ജീവനുള്ള ആയുധങ്ങളാണ്. പ്രസ്ഥാനത്തിലേക്ക് അവരെ ആകര്‍ഷിക്കാന്‍ പ്രത്യേകം നിര്‍ദേശവുമുണ്ട്.
അപകടകാരികളെങ്കിലും വെടിവെച്ച് കൊന്നുതീര്‍ക്കുകയല്ല മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യാനുള്ള മാര്‍ഗം. അതൊരു ജനാധിപത്യ സര്‍ക്കാറിന്, ഇടതുപക്ഷ ഭരണത്തിന് വിശേഷിച്ചും അഭിലഷണീയവുമല്ല. മാവോവാദി പ്രവര്‍ത്തകരെ പിടികൂടി നിയമ നടപടികള്‍ക്കു വിധേയമാക്കുകയും മാവോയിസം വിഭാവനം ചെയ്യുന്ന സായുധവിപ്ലവത്തിന്റെ നിരര്‍ഥകതയെക്കുറിച്ച് ജനങ്ങളെ, വിശിഷ്യാ വിദ്യാര്‍ഥി, യുവ വിഭാഗങ്ങളെ ബോധവാന്മാരാക്കുകയുമാണ് വേണ്ടത്. ഇതോടൊപ്പം ആദിവാസികള്‍ ഉള്‍പ്പെടെ അരുവത്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ ഇത്തരം പ്രസ്ഥാനങ്ങളിലേക്ക് ആകൃഷ്ടരാകുന്നതിന്റെ കാരണങ്ങള്‍ കണ്ടെത്തി അത് പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും വേണം. കേരളത്തിലുള്‍പ്പെടെ രാജ്യത്ത് ഇപ്പോഴുമുണ്ട് വികസനം എത്തിപ്പെടാത്ത പ്രദേശങ്ങളും ദാരിദ്ര്യത്തിലും കഷ്ടപ്പാടിലുമായി കഴിഞ്ഞു കൂടുന്ന ജനവിഭാഗങ്ങളും. ഓരോ തിരഞ്ഞെടുപ്പ് കാലത്തും തേനും പാലും ഒഴുക്കുമെന്ന വാഗ്ദാനങ്ങളുമായി ഇത്തരം പ്രദേശങ്ങളിലെത്തുന്ന രാഷ്ട്രീയ നേതാക്കള്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പിന്നീട് ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കാറില്ല. ഭൂപരിഷ്‌കരണം വന്നതോടെ കുടിയാന്മാര്‍ക്ക് അഞ്ചും പത്തും സെന്റ് ഭൂമി കിട്ടിയെങ്കിലും നിരവധി ദളിതര്‍ ഇന്നും കുടില്‍ വെക്കാനിടമില്ലാതെ അലയുന്നു. ഇതുമൂലം രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും ജനാധിപത്യ വ്യവസ്ഥിതിയില്‍ തന്നെയും അവര്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. സായുധ വിപ്ലവത്തിലൂടെ സമത്വ സുന്ദരമായ, പട്ടിണിയും പരിവട്ടവുമില്ലാത്ത ഒരു ലോകത്തിന്റെ പിറവിയെക്കുറിച്ചുള്ള മാവോയിസത്തിന്റെ ആശയങ്ങളിലേക്ക് ഈ ജനവിഭാഗം ആകര്‍ഷിക്കപ്പെടുക സ്വാഭാവികം. സമൂഹത്തിലെ ഈ അസമത്വവും വിവേചനവും പരിഹരിച്ചാല്‍ തന്നെ ഒരളവോളം മാവോയിസ്റ്റുകളുടെ ആയുധത്തിന് മൂര്‍ച്ച നഷ്ടപ്പെടും. തോക്കുകള്‍ താഴെ വെച്ച് ഭരണാധികാരികള്‍ ആ വഴിക്ക് ചിന്തിച്ചെങ്കില്‍.