ഈ വിജയത്തിൽ നിന്ന് പഠിക്കാനുള്ളത്

Posted on: November 11, 2020 5:35 am | Last updated: November 11, 2020 at 9:22 pm

ഈ നിയമസഭാ തിരഞ്ഞെടുപ്പിലൂടെ ബിഹാറില്‍ ഇടതുപാര്‍ട്ടികള്‍ പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരികയാണ്. മഹാസഖ്യത്തിന്റെ ഭാഗമായി ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും ആര്‍ ജെ ഡിക്കും ഒപ്പം ചേര്‍ന്ന് പോരാടിയ സംസ്ഥാനത്തെ മൂന്ന് ഇടതു പാര്‍ട്ടികളും വിസ്മയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. സി പി എം, സി പി ഐ, സി പി ഐ എം എല്‍ എന്നിവര്‍ ചേര്‍ന്ന് ആകെ 29 സീറ്റുകളില്‍ മത്സരിച്ചു. ഇതില്‍ 17ലും വിജയത്തോട് അടുക്കുകയാണ്. സി പി എം നാല് സീറ്റുകളിലും സി പി ഐ ആറ് സീറ്റുകളിലും സി പി ഐ എം എല്‍ (ലിബറേഷന്‍) 19 സീറ്റുകളിലുമാണ് മഹാസഖ്യത്തിന്റെ ഭാഗമായി മത്സരിച്ചത്. ബിഹാര്‍ തിരഞ്ഞെടുപ്പില്‍ എക്‌സിറ്റ്പോള്‍ ഫലങ്ങളെ തള്ളി ഇഞ്ചോടിഞ്ച് പോരാട്ടമാണ് പല മണ്ഡലങ്ങളിലും നടന്നതെങ്കിലും ഇടതുപക്ഷ മേഖലകളില്‍ മഹാസഖ്യം വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് വിജയിക്കുന്നത്. സി പി ഐ മത്സരിച്ച ആറ് മണ്ഡലങ്ങളില്‍ ഭഛവാഡ, ബാഖിരി, തെഗാഡ മണ്ഡലങ്ങളില്‍ വ്യക്തമായ ആധിപത്യമാണ് ഇവര്‍ നേടിയത്. സി പി എം മത്സരിച്ച നാല് മണ്ഡലങ്ങളില്‍ മൂന്നെണ്ണത്തില്‍ സ്ഥാനാര്‍ഥികള്‍ തുടക്കം മുതല്‍ കൃത്യമായ മേല്‍ക്കൈ നേടിയാണ് വിജയത്തിലേക്കെത്തുന്നത്. മഞ്ജി, വിഭൂതിപുര്‍, മതിഹാനി എന്നീ മണ്ഡലങ്ങളിലാണ് സി പി എം വിജയം നേടിയത്. നേരത്തേ തന്നെ സംസ്ഥാനത്തെ സ്വാധീന ശക്തികളിലൊന്നായ സി പി ഐ എം എല്‍ മത്സരിച്ച 19 സീറ്റുകളില്‍ പതിനൊന്നിലും വ്യക്തമായ ആധിപത്യമുണ്ട്. ബിഹാറിലെ വിവിധ മേഖലകളില്‍ സി പി ഐ എം എല്‍ തങ്ങളുടെ ശക്തമായ സ്വാധീനം ഒരിക്കല്‍കൂടി തെളിയിക്കുന്നു. 2000ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആറ് സീറ്റുകളും 2005ല്‍ ഏഴ് സീറ്റുകളും സി പി ഐ എം എല്‍ നേടിയിരുന്നു.

ജെ ഡി യു പുറത്തുപോയ വിടവ് നികത്താനാണ് മഹാസഖ്യത്തിലേക്ക് ഇടതുപക്ഷത്തെ ഉള്‍പ്പെടുത്താന്‍ ആര്‍ ജെ ഡിയും കോണ്‍ഗ്രസും തയ്യാറായത്. ജെ ഡി യു, ജിതിന്‍ റാം മഞ്ജിയുടെ ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച, ഉപേത ഖുഷ്വാഹയുടെ രാഷ്ട്രീയ ലോക്സമത പാര്‍ട്ടി എന്നീ പാര്‍ട്ടികളാണ് മഹാസഖ്യത്തില്‍ നിന്ന് പുറത്തുപോയത്. ഇവിടേക്കാണ് മൂന്ന് ഇടതുപാര്‍ട്ടികളെ സ്വീകരിക്കാന്‍ സഖ്യം തയ്യാറായത്. ഈ നീക്കം പാഴായിപ്പോയില്ലെന്നതാണ് മഹാസഖ്യത്തിലെ ഇടതുപാര്‍ട്ടികളുടെ സംഭാവന എത്രയെന്ന് കാണുമ്പോള്‍ മനസ്സിലാകുന്നത്. കേവല രാഷ്ട്രീയത്തിനപ്പുറത്ത് നിലപാടുകളിലൂന്നിയുള്ള മനുഷ്യര്‍ വിജയിച്ചു വരുമ്പോള്‍ മതേതര മഹാസഖ്യത്തിന് ഇവരുടെ വിജയം ഒരു നഷ്ടക്കണക്കാകില്ലെന്നുറപ്പാണ്.

രാജ്യത്തെ ഇടതുപാര്‍ട്ടികള്‍ക്കും സഖ്യങ്ങള്‍ക്കും ബിഹാറിലെ ഇടതുപക്ഷ വിജയത്തില്‍ പാഠങ്ങളുണ്ടെന്നതാണ് ബിഹാര്‍ തിരഞ്ഞെടുപ്പിലെ ഈ വിജയം കാണിക്കുന്ന മറ്റൊരു പ്രധാന കാര്യം. ബി ജെ പിയുടെ വര്‍ഗീയ രാഷ്ട്രീയത്തെ ചെറുക്കാന്‍ മതേതര കക്ഷികളുടെ സഖ്യം ചേരുന്നത് ഇടതുപാര്‍ട്ടികള്‍ക്ക് നഷ്ടക്കണക്കാകില്ല. ദേശീയ തലത്തില്‍ ഇടതു രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്നവരുമായി മാത്രം സഖ്യം ചേരണമെന്ന് സി പി എം അടക്കമുള്ള മിക്ക ഇടതുപാര്‍ട്ടികളും തീരുമാനമെടുക്കാറുണ്ട്. എന്നാല്‍ ഇടതുപാര്‍ട്ടികള്‍ക്കും മതേതര പാര്‍ട്ടികള്‍ക്കും ഗുണകരമാകുന്നത് വിശാല സഖ്യമാണെന്ന തിരിച്ചറിവാണ് ബിഹാര്‍ തിരഞ്ഞെടുപ്പിലെ ഇടതുപക്ഷ ചേരിയുടെ ഉയിര്‍ത്തേഴുന്നേല്‍പ്പില്‍ നിന്ന് മനസ്സിലാകുന്നത്. സി പി എമ്മിന്റെ ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് മതേതര കക്ഷികളുമായുള്ള ബിഹാറിലെ സഖ്യത്തിനുള്ള ഇടപെടലുകള്‍ നടത്തിയത്. ഈ ശ്രമം രാജ്യത്താകെ പിന്തുടരുകയാണെങ്കില്‍ ഇടതുപക്ഷ ചേരിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് വേഗത്തില്‍ സാധ്യമാകും.

ALSO READ  ജനവിധി ബിഹാറിനെ രക്ഷിക്കട്ടെ