ഒന്നാമത് സിഫ സൂപ്പർ കപ്പ് 2020 സെവൻസ് ഫുട്ബോൾ ടൂർണമെൻറ് നവംബർ പന്ത്രണ്ട് മുതൽ

Posted on: November 10, 2020 10:07 pm | Last updated: November 10, 2020 at 10:07 pm

ദമാം | സഊദി ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ “സിഫ സൂപ്പർ കപ്പ് 2020” സംഘടിപ്പിക്കുന്ന ഒന്നാമത് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സൈഹാത് അൽ റയ്യാൻ സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കോവിഡ് പ്രോട്ടോകോൾ പാലിച്ച് സ്റ്റേഡിയത്തിൽ കാണികൾക്ക് നിയന്ത്രണങ്ങൾ ഏർപെടുത്തിക്കൊണ്ടായിരിക്കും ടൂർണമെൻറ് നടക്കുക. സോഷ്യൽ മീഡിയയിലൂടെ ലൈവ് സംപ്രേഷണം ചെയ്തുകൊണ്ടാണ് കാണികളിലേക്ക് ടൂർണമെൻറ് എത്തിക്കുന്നതെന്നും സംഘാടകർ പറഞ്ഞു. ടൂർണ്ണമെന്റ് ഒരു മാസക്കാലം നീണ്ടു നിൽക്കും.

ഫുട്ബോളിനെ നെഞ്ചിലേറ്റിയ പ്രവാസലോകത്തെ കളിക്കാർക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് കിഴക്കൻ പ്രവിശ്യയിലെ ഇരുപതോളം പ്രാദേശിക ഫുട്ബോൾ ക്ലബ്ബ്കളുടെ കൂട്ടായ്മയായി സിഫ രൂപീകരിച്ചതെന്നും ലോക്ക്ഡൗൺ കാലയളവിൽ സാമൂഹിക ജീവകാരുണ്യ പ്രവർത്തനം നടത്തി പ്രവാസികൾക്കിടയിൽ വൻ സ്വീകാര്യത നേടാൻ സാധിച്ചിട്ടുണ്ടെന്നും സംഘാടകർ പറഞ്ഞു.

വാർത്താ സമ്മേളനത്തിൽ പ്രസിഡൻറ് അനീസ് ബാബു കോഡൂർ, സെക്രട്ടറി മുനീർ സിസി മഞ്ചേരി, റിഷാദ് കണ്ണൂർ, ട്രഷറർ അഹ്‌മദ്‌ കാടപ്പടി തുടങ്ങിയവർ പങ്കെടുത്തു.