Connect with us

Articles

ഭിന്നിപ്പിച്ചുഭരിക്കാന്‍ സംവരണവും ആയുധം

Published

|

Last Updated

പിന്നാക്ക ക്ഷേമത്തിനായുള്ള പാര്‍ലിമെന്ററി സമിതിയുടെ പുനഃസംഘടന അനിശ്ചിതമായി നീട്ടിവെക്കുന്നതിലൂടെ രാജ്യത്തെ പിന്നാക്ക ജനവിഭാഗങ്ങള്‍ക്കുള്ള അവകാശങ്ങള്‍ പോലും ഇല്ലാതാക്കുകയാണ് സര്‍ക്കാര്‍. പാര്‍ലിമെന്ററി കമ്മിറ്റികള്‍ക്ക് ഒരു വര്‍ഷത്തേക്കാണ് പ്രവര്‍ത്തന കാലാവധിയുള്ളത്. ആദ്യ യോഗം ചേര്‍ന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന മുറക്ക് അവ പുനഃസംഘടിപ്പിക്കണമെന്നാണ് ചട്ടം. 2020 സെപ്തംബര്‍ മാസത്തില്‍ ഇതനുസരിച്ച് എട്ടോളം പാര്‍ലിമെന്ററി കമ്മിറ്റികള്‍ പുനഃസംഘടിപ്പിച്ചിരുന്നു. എന്നാല്‍ ഒ ബി സി കമ്മിറ്റി മാത്രം പുനഃസംഘടിപ്പിക്കാത്തതിന്റെ കാരണം ഇപ്പോഴും ദുരൂഹമാണ്. ഒ ബി സി കമ്മിറ്റിയുടെ അവസാന യോഗത്തില്‍ ഒ ബി സി സംവരണത്തില്‍ വെള്ളംചേര്‍ക്കാനുള്ള കേന്ദ്രത്തിന്റെ നീക്കത്തിനെതിരെ ശക്തമായ എതിര്‍പ്പുകള്‍ ഉയര്‍ന്നുവന്നിരുന്നു എന്ന വസ്തുത ഇതോടൊപ്പം ചേര്‍ത്തുവായിക്കണം.
2019 ഫെബ്രുവരിയില്‍ ഒ ബി സി കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍, വരുമാന മാനദണ്ഡവുമായി ബന്ധപ്പെട്ട് 1997 മുതല്‍ക്കുള്ള നാല് ഭേദഗതികള്‍ക്കു ശേഷവും ഒ ബി സി വിഭാഗങ്ങള്‍ക്കായുള്ള സംവരണ സീറ്റുകളില്‍ 27 ശതമാനവും നിയമനം നടത്താതെ ഒഴിഞ്ഞു കിടക്കുകയാണെന്ന ഗൗരവതരമായ വസ്തുത പ്രത്യേകം ചൂണ്ടിക്കാണിച്ചിരുന്നു. ഈ റിപ്പോര്‍ട്ടില്‍ പറയുന്ന വസ്തുതകള്‍ അനുസരിച്ച് കേന്ദ്ര സര്‍ക്കാറിലെ ഉയര്‍ന്ന തസ്തികയായ “എ” വിഭാഗം ജീവനക്കാരില്‍ 13 ശതമാനം മാത്രമാണ് ഒ ബി സിക്കാര്‍. മൊത്തം 32.58 ലക്ഷം ഗവ. ജീവനക്കാരില്‍ ഏഴ് ലക്ഷം പേര്‍ മാത്രമാണ് ഒ ബി സി വിഭാഗത്തില്‍ നിന്നുള്ളത്. എന്നാല്‍ 27 ശതമാനമാണ് യഥാര്‍ഥത്തില്‍ അവര്‍ക്കായി സംവരണം ചെയ്യപ്പെട്ടിട്ടുള്ളത്. ഈ ഏഴ് ലക്ഷത്തില്‍ 6.4 ലക്ഷവും “സി” കാറ്റഗറി ജീവനക്കാരാണ് എന്നതും ശ്രദ്ധേയമാണ്.

ഈ സാഹചര്യത്തിലാണ് ഒ ബി സി കമ്മിറ്റി 2020 ജൂലൈ മാസത്തില്‍ സമര്‍പ്പിച്ച ഒരു റിപ്പോര്‍ട്ടില്‍ ഒരു വ്യക്തിയുടെ അടിസ്ഥാന ശമ്പളം കുടുംബത്തിന്റെ വാര്‍ഷിക വരുമാനം കണക്കാക്കുന്നതില്‍ ഉള്‍പ്പെടുത്തരുതെന്ന് ശിപാര്‍ശ നല്‍കിയത്. പിന്നാക്ക വിഭാഗക്കാരുടെ ജോലി/വിദ്യാഭ്യാസ സാധ്യതകള്‍ക്ക് വീണ്ടും മങ്ങലേല്‍പ്പിക്കുന്ന ഒന്നാണിത്. ക്രീമിലെയറിന്റെ ഉയര്‍ന്ന വരുമാന പരിധി നിലവിലുള്ള എട്ട് ലക്ഷത്തില്‍ നിന്ന് 15 ലക്ഷമായി ഉയര്‍ത്താനും കമ്മിറ്റി ശിപാര്‍ശ ചെയ്യുകയുണ്ടായി. നിലവില്‍ എട്ട് ലക്ഷത്തില്‍ ചുവടെ വാര്‍ഷിക വരുമാനമുള്ള ഉദ്യോഗാര്‍ഥികളും വിദ്യാര്‍ഥികളുമാണ് 27 ശതമാനം വരുന്ന ഒ ബി സി സംവരണത്തിന് സര്‍ക്കാര്‍ ഉദ്യോഗങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അര്‍ഹരാകുക. സര്‍ക്കാറിന്റെ ക്രീമിലെയര്‍ നിര്‍ണയിക്കാനുള്ള കടുംപിടിത്തവും അടിസ്ഥാന ശമ്പളം ഉള്‍പ്പെടെ വരുമാനം കണക്കാക്കുന്ന രീതിയും നടപ്പാകുമ്പോള്‍ ഒ ബി സി വിഭാഗങ്ങളുടെ 27 ശതമാനം സംവരണം ജലരേഖയാകും.
ബി ജെ പി. എം പി തന്നെ അധ്യക്ഷനായ ഒ ബി സി കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടിനോട് സാമൂഹികനീതി മന്ത്രാലയം സ്വീകരിച്ച സമീപനം അമ്പരപ്പിക്കുന്നതായിരുന്നു. നിര്‍ദേശങ്ങള്‍ പരിഹരിക്കുന്നതിനായി ഒരു റിട്ടയേര്‍ഡ് ബ്യൂറോക്രാറ്റിനെ അധ്യക്ഷനാക്കിക്കൊണ്ടുള്ള ഒരു “വിദഗ്ധ സമിതി”യെ നിയമിക്കുകയാണ് മന്ത്രാലയം ചെയ്തത്. ഇതില്‍ ഒറ്റ ഒ ബി സി അംഗം പോലും ഇടംനേടിയില്ലെന്നതും വിചിത്രം!

കേന്ദ്രീയ വിദ്യാലയങ്ങള്‍, നവോദയ വിദ്യാലയങ്ങള്‍ എന്നിവിടങ്ങളില്‍ ഒ ബി സി സംവരണം തീര്‍ത്തും ഇല്ലാത്തതിന്റെ പേരിലും പാര്‍ലിമെന്ററി കമ്മിറ്റി റിപ്പോര്‍ട്ട് നിശിതമായ വിമര്‍ശങ്ങള്‍ ഉന്നയിച്ചിരുന്നു. കാലാവധി ദീര്‍ഘിപ്പിച്ചും നീട്ടിവെച്ചും സ്വാഭാവിക മരണത്തിനു വിട്ടുകൊടുക്കുക എന്ന തന്ത്രമാണ് സാമൂഹിക നീതിയുടെ കാര്യത്തില്‍ കേന്ദ്രം സ്വീകരിക്കുന്നത്. ഒ ബി സി വിഭാഗത്തിലെ സബ് കാറ്റഗറി വിഭാഗങ്ങളെ കണ്ടെത്തുക എന്ന വിഷയത്തിന്മേല്‍ പഠനം നടത്താന്‍ 2017 ഒക്ടോബറില്‍ നിയമിതമായതാണ് ജസ്റ്റിസ് ജി രോഹിണി കമ്മിറ്റി. 2018 ജനുവരിയോടെ 12 ആഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചുകൊണ്ട് രൂപവത്കരിച്ച ഈ കമ്മിറ്റിയുടെ ഒമ്പതാമത്തെ കാലാവധി ദീര്‍ഘിപ്പിക്കലാണ് ഈ അടുത്ത കാലത്ത് കേന്ദ്രം നടത്തിയിരിക്കുന്നത്.

Latest