Connect with us

National

പിഎസ്എല്‍വിയുടെ ചിറകിലേറി ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് ഒന്ന് ഭ്രമണപഥത്തില്‍

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്. – ഒന്നിനെയുമായി പി.എസ്.എല്‍.വി.- സി 49 കുതിച്ചുയര്‍ന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പെയ്സ് സെന്ററില്‍നിന്നാണ് പിഎസ്എല്‍വി ബഹിരാകാശയാത്ര നടത്തിയത്. വിക്ഷേപണം വിജയകരമായിരുന്നുവെന്ന് ഐഎസ്ആര്‍ഒ കേന്ദ്രങ്ങള്‍ അറിയിച്ചു.

കൃഷി, വനസംരക്ഷണം, ദുരന്തനിവാരണം എന്നീ മേഖലകളില്‍ ഉപയോഗപ്പെടുത്താന്‍ കഴിയുന്നതാണ് ഇ ഒ എസ്. റിസാറ്റ് -2ബിആര്‍2 എന്നപേരിലും ഇത് അറിയപ്പെടും. ഇഒഎസ് ഒന്നിന് പുറമെ ഒന്‍പത് വിദേശ ഉപഗ്രഹങ്ങളെയും ഐഎസ്ആര്‍ഒ ഭ്രമണപഥത്തില്‍ എത്തിച്ചു. ന്യൂ സ്‌പെയ്‌സ് ഇന്ത്യ ലിമിറ്റഡ്, ബഹിരാകാശ വകുപ്പ് എന്നിവയുമായുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് വിദേശ ഉപഗ്രഹങ്ങള്‍ ഐഎസ്ആര്‍ഒ വിക്ഷേപിച്ചത്.

ശ്രീഹരിക്കോട്ടയില്‍നിന്നുള്ള 76-ാമത്തെ വിക്ഷേപണവും പിഎസ്എല്‍വിയുടെ 51-ാം വിക്ഷേപണവുമാണ് ശനിയാഴ്ച നടന്നത്. കോവിഡ് പ്രതിസന്ധിക്ക് ശേഷമുള്ള ഐഎസ്ആര്‍ഒയുടെ ആദ്യ വിക്ഷേപണമാണ് ഇന്ന് നടന്നത്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് സന്ദര്‍ശകര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.