Connect with us

Editorial

സംസ്ഥാന സര്‍ക്കാറും ഇ ഡിയും കൊമ്പുകോര്‍ക്കുമ്പോള്‍

Published

|

Last Updated

കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നിരന്തരമായ ഇടപെടല്‍ സംസ്ഥാന സര്‍ക്കാറും ഏജന്‍സികളും തമ്മില്‍ ഏറ്റുമുട്ടലിനു കളമൊരുക്കിയിരിക്കുകയാണ് കേരളത്തില്‍. സ്വര്‍ണക്കടത്തില്‍ തുടങ്ങിയ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം പിണറായി സര്‍ക്കാറിന്റെ അഭിമാന പദ്ധതികളിലേക്കും സി പി എം സംസ്ഥാന സെക്രട്ടറിയുടെ മകന്റെ അറസ്റ്റിലേക്കും വരെ കടന്നതോടെ അന്വേഷണ ഏജന്‍സികളെ ഏതുവിധേനയും പ്രതിരോധിക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകള്‍ ആവശ്യപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഉദ്യോഗസ്ഥരോട് വിശദീകരണം തേടാനുള്ള നിയമസഭാ പ്രിവിലേജ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിയുടെ തീരുമാനവും ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡില്‍ വിശദീകരണം ആവശ്യപ്പെട്ട് കേരള പോലീസ് ഇ ഡിക്ക് കത്ത് നല്‍കിയതും ബിനീഷിന്റെ കുട്ടിയെ അന്യായമായി തടവില്‍ വെച്ചെന്ന പരാതിയില്‍ ഇ ഡിക്കെതിരെ ബാലാവകാശ കമ്മീഷന്‍ കേസെടുത്തതുമെല്ലാം ഇതിന്റെ ഭാഗമാണ്.

സി ബി ഐ, എന്‍ ഐ എ, ഇ ഡി, ഐ ബി, ഐ ടി, എന്‍ സി ബി, കസ്റ്റംസ്, റോ എന്നിങ്ങനെ എട്ട് കേന്ദ്ര ഏജന്‍സികളാണ് വിവിധ കേസുകളെയും ആരോപണങ്ങളെയും കുറിച്ച് കേരളത്തില്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരെ തുടങ്ങിയ അന്വേഷണം ഇപ്പോള്‍ മുഖ്യമന്ത്രിയുടെ അഡീഷനല്‍ സെക്രട്ടറിയിലേക്കെത്തി നില്‍ക്കുന്നു. അതിനിടെ ലൈഫ് മിഷന്‍, കെ ഫോണ്‍ തുടങ്ങി സംസ്ഥാന സര്‍ക്കാറിന്റെ അഭിമാന പദ്ധതികളെക്കുറിച്ചും അന്വേഷണം നടക്കുന്നു. സംസ്ഥാനത്തെ സര്‍ക്കാര്‍ പദ്ധതി പ്രവര്‍ത്തനങ്ങളെ തടയാനും വികസനം മന്ദീഭവിപ്പിക്കാനുമുള്ള കേന്ദ്രത്തിന്റെ നിഗൂഢ അജന്‍ഡയാണ് ഇതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ആരോപിക്കുന്നത്. ലൈഫ് മിഷന്‍ പദ്ധതിക്കു കീഴില്‍ നിര്‍മിക്കുന്ന ഭവന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി അര്‍ഹരായവര്‍ക്ക് കൈമാറുമെന്ന് നിയമസഭയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഉറപ്പ് നല്‍കിയതാണ്. അന്വേഷണ ഏജന്‍സികളുടെ ഇടപെടല്‍ ഇതിന് തടസ്സം സൃഷ്ടിച്ചേക്കാന്‍ സാധ്യതയുണ്ട്.
ഇത്രയും കേന്ദ്ര ഏജന്‍സികളുടെ ഒന്നിച്ചുളള വരവ് സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമാണ്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ രാജ്യത്ത് ഇടതുപക്ഷ ഭരണത്തിന് കീഴിലുള്ള ഈ ഏക സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കുകയും, അടവുകള്‍ പതിനെട്ടും പയറ്റിയിട്ടും ബി ജെ പിക്ക് കാര്യമായ സ്വാധീനം നേടാന്‍ കഴിയാത്ത കേരളത്തില്‍ അതുവഴി പാര്‍ട്ടിയുടെ നില മെച്ചപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യം കൂടിയുണ്ട് ഇതിനു പിന്നിലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

കേസുകള്‍ ബി ജെ പി ഭരണത്തിലുള്ള സംസ്ഥാനങ്ങളിലാണെങ്കില്‍ അന്വേഷണം ഏറ്റെടുക്കാതിരിക്കുകയോ മരവിപ്പിക്കുകയോ ചെയ്യുകയും രാഷ്ട്രീയ എതിരാളികള്‍ അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലാണെങ്കില്‍ ഫണം വിടര്‍ത്തി കൊത്തിയാടുകയും ചെയ്യുന്ന കേന്ദ്രത്തിന്റെ രാഷ്ട്രീയായുധങ്ങളായി അധഃപതിച്ചിട്ടുണ്ട് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍. പശ്ചിമബംഗാള്‍, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ്, കേരള സര്‍ക്കാറുകള്‍ സി ബി ഐക്ക് വിലക്കേര്‍പ്പെടുത്തിയതിന്റെ പശ്ചാത്തലമിതാണ്. കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്ര ധനമന്ത്രിയുമായ പി ചിദംബരത്തിനും കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറിനുമെതിരായ കേസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും സി ബി ഐയുടെയും ഇടപെടല്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും അധികാര ദുര്‍വിനിയോഗമാണെന്നും കുറ്റപ്പെടുത്തി കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം രംഗത്തു വന്നിരുന്നു. ബി ജെ പി സര്‍ക്കാറിന്റെ കുടിലതന്ത്രമെന്നാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ഇവര്‍ക്കെതിരെയുള്ള അന്വേഷണത്തെക്കുറിച്ച് പ്രതികരിച്ചത്. നരേന്ദ്ര മോദി സര്‍ക്കാര്‍ സി ബി ഐയെ രാഷ്ട്രീയവത്കരിക്കുന്നതില്‍ പ്രതിഷേധിച്ച് എ ഐ സി സി ആഹ്വാന പ്രകാരം 2018 ഒക്‌ടോബറില്‍ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസുകാര്‍ സി ബി ഐ ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തുകയും ഡല്‍ഹിയിലെ സി ബി ഐ ആസ്ഥാനത്തേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയതിന് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ പ്രമുഖ ദേശീയ നേതാക്കള്‍ അറസ്റ്റിലാകുകയും ചെയ്തിരുന്നു.

പക്ഷപാതപരമായാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും വിപുലമായ അധികാരങ്ങളുള്ള ഏജന്‍സിയാണ് കേന്ദ്ര റവന്യൂ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി). രാജ്യത്തെ സമ്പദ് വ്യവസ്ഥക്ക് കോട്ടം വരുത്തുന്ന പ്രവര്‍ത്തനങ്ങളെ തടയാനായി രൂപവത്കൃതമായ ഈ ഏജന്‍സിക്ക് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരവും (പി എം എല്‍ എ) വിദേശനാണ്യ വിനിമയച്ചട്ട പ്രകാരവും അന്വേഷണ ഉദ്യോഗസ്ഥന്‍ നല്‍കുന്ന സെര്‍ച്ച് മെമ്മോയുടെ അടിസ്ഥാനത്തില്‍ രാജ്യത്ത് എവിടെയും പരിശോധന നടത്താന്‍ അധികാരമുണ്ട്. ഇത് സംസ്ഥാന പോലീസിനെ അറിയിക്കണമെന്നില്ല. പരിശോധന രാത്രി വൈകി നീണ്ടാലും നിയമപരമായി ചോദ്യം ചെയ്യാനും കഴിയില്ല. സ്ത്രീകള്‍ ഉള്ളിടത്ത് പകലേ പരിശോധന ആരംഭിക്കാവൂ എങ്കിലും വനിതാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ രാത്രിയിലും തുടരാവുന്നതാണ്. പി എം എല്‍ എ സെക്്ഷന്‍ എട്ട് പ്രകാരം സ്വത്ത് കണ്ടുകെട്ടാനും ഇ ഡിക്ക് അധികാരമുണ്ട്. സങ്കീര്‍ണമായ കോടതി നടപടികളിലൂടെ മാത്രമേ ഇത് വീണ്ടെടുക്കാനാകൂ. ബിനീഷിന്റെ വീട്ടിലെ റെയ്ഡിനെക്കുറിച്ച് കേരള പോലീസ് ഇ ഡിയോട് വിശദീകരണം തേടിയിട്ടുണ്ടെങ്കിലും ഇ ഡിക്കെതിരെ കേസെടുക്കാന്‍ പോലീസിന് അധികാരമില്ലെന്നാണ് നിയമ വിദഗ്ധരുടെ പക്ഷം. ഇന്ത്യന്‍ മണിലോന്‍ഡറിംഗ് ആന്‍ഡ് സെര്‍ച്ച് ആക്ട് അനുസരിച്ചുള്ള നിയമ പരിരക്ഷയുണ്ട് ഈ ഏജന്‍സിക്ക്. ഇതൊക്കെ അറിയാവുന്നതുകൊണ്ട് തന്നെയാണ് കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ എതിരാളികള്‍ ഭരണം കൈയാളുന്ന സംസ്ഥാനങ്ങളെ പ്രതിസന്ധിയിലാക്കാന്‍ ഈ ഏജന്‍സികളെ ഉപയോഗപ്പെടുത്തുന്നതും. അന്വേഷണ ഏജന്‍സികളുടെ പക്ഷപാതപരമായ ഇടപെടല്‍ തടയാന്‍ നിയമത്തില്‍ വ്യവസ്ഥ കൊണ്ടുവരാത്ത കാലത്തോളം സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഇത് സഹിച്ചേ പറ്റൂ.

Latest