Connect with us

Articles

ബി ജെ പി പിളര്‍പ്പിന്റെ വഴിയേ

Published

|

Last Updated

കേരള രാഷ്ട്രീയത്തില്‍ ബി ജെ പി നാള്‍ക്കുനാള്‍ അപ്രസക്തമാകുന്ന കാഴ്ചയാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. വര്‍ഗീയത, അഴിമതി, സ്വജനപക്ഷപാതം തുടങ്ങിയ അജന്‍ഡകളില്‍ ഊന്നി കേരളത്തിലെ ബി ജെ പി നേതൃനിര മുന്നോട്ടുപോകുമ്പോള്‍ പാര്‍ട്ടി അണികളും അവഗണിക്കപ്പെടുന്ന നേതാക്കളും ഇപ്പോഴത്തെ നേതൃത്വവുമായി മാനസികമായി അകന്നുകൊണ്ടിരിക്കുകയാണ്. ബി ജെ പി എന്ന കേടുവന്ന കപ്പലിന്റെ കഴിവുകെട്ട കപ്പിത്താനായി കെ സുരേന്ദ്രന്‍ നടത്തുന്ന വീരവാദങ്ങളൊക്കെയും കേള്‍ക്കാനാളില്ലാതെ ഒടുങ്ങിപ്പോകുകയാണ്. കെ സുരേന്ദ്രന്‍ ബി ജെ പി സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റതോടെയാണ് പാര്‍ട്ടിയില്‍ തമ്മിലടിയും അഴിമതിയും സ്വജനപക്ഷപാതവും കൂടുതല്‍ ശക്തിയാര്‍ജിച്ചത്. ജനക്ഷേമകരമായ ഒരു പ്രവര്‍ത്തനവും നടത്താതെ വര്‍ഗീയ അജന്‍ഡകളുമായി മാത്രം മുന്നോട്ടുപോകുന്ന കേരളത്തിലെ ബി ജെ പി നേതാക്കള്‍ പൊതുസമൂഹത്തില്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. ഇതിനിടയിലാണ് മുമ്പത്തേക്കാളും രൂക്ഷമായ തമ്മിലടി കാരണം സംസ്ഥാനത്തെ ബി ജെ പി രാഷ്ട്രീയം കലുഷിതമാകുന്നത്. കെ സുരേന്ദ്രന്റെ ഏകാധിപത്യ മനോഭാവവും പ്രതികാര നടപടിയും കാരണം ശോഭാ സുരേന്ദ്രനും പി കെ കൃഷ്ണദാസും അടക്കമുള്ള നേതാക്കള്‍ പാര്‍ട്ടി നേതൃത്വവുമായി അകന്നു നില്‍ക്കുകയാണ്. ശോഭാ സുരേന്ദ്രനാകട്ടെ കെ സുരേന്ദ്രനെതിരെ കേന്ദ്ര നേതൃത്വത്തിന് രേഖാമൂലമുള്ള പരാതിയും നല്‍കിക്കഴിഞ്ഞു. വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ള പി പി മുകുന്ദനെ പോലുള്ള മുതിര്‍ന്ന നേതാക്കള്‍ പോലും അവഗണിക്കപ്പെടുകയാണ്. പാര്‍ട്ടിക്ക് വേണ്ടി ജീവിതം തന്നെ ഉഴിഞ്ഞുവെച്ച പ്രമുഖരായ പല നേതാക്കളെയും തഴഞ്ഞ് പുതുതായി പാര്‍ട്ടിയിലേക്ക് വന്ന എ പി അബ്ദുല്ലക്കുട്ടിയെ ദേശീയ വൈസ് പ്രസിഡന്റാക്കിയ നടപടി കേരളത്തിലെ ബി ജെ പിയില്‍ ഉയര്‍ത്തിയ അസ്വാരസ്യങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല.

ബി ജെ പിയുടെ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന പി എം വേലായുധന്‍ പാര്‍ട്ടിയില്‍ താന്‍ നേരിടുന്ന അവഗണനയെക്കുറിച്ച് തുറന്നു പറഞ്ഞത് കരഞ്ഞുകലങ്ങിയ കണ്ണുകളോടെയാണ്. കെ സുരേന്ദ്രന്‍ മുന്‍കാല നേതാക്കളെ തഴയുന്നുവെന്നാണ് വേലായുധനും പരാതിപ്പെടുന്നത്. കെ സുരേന്ദ്രനും വി മുരളീധരനും നയിക്കുന്ന ഔദ്യോഗിക വിഭാഗത്തിന്റെ അഹങ്കാരം നിറഞ്ഞ രാഷ്ട്രീയ പിത്തലാട്ടങ്ങള്‍ ആ പാര്‍ട്ടിയെ പ്രതിസന്ധിയില്‍ നിന്ന് പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ്. ബി ജെ പിയില്‍ ഇപ്പോള്‍ ഔദ്യോഗിക പക്ഷത്തേക്കാള്‍ വിമത വിഭാഗമാണ് ശക്തിയാര്‍ജിച്ചു കൊണ്ടിരിക്കുന്നത്. ഈ പ്രശ്‌നങ്ങള്‍ ഇനിയും നീണ്ടുപോയാല്‍ ബി ജെ പി പിളരാന്‍ അധികം കാലതാമസമുണ്ടാകില്ല. പാലക്കാട് ജില്ലയില്‍ ശോഭാ സുരേന്ദ്രന്റെ അനുയായികള്‍ കൂട്ടത്തോടെയാണ് രാജിവെച്ച് സി പി എമ്മില്‍ ചേര്‍ന്നിരിക്കുന്നത്. തിരുവനന്തപുരത്ത് ബി ജെ പിയുടെ നവമാധ്യമ പ്രചാരണത്തിന്റെ ചുമതലയുണ്ടായിരുന്ന ആളുടെ നേതൃത്വത്തില്‍ ചിലര്‍ ബി ജെ പി ബന്ധം ഉപേക്ഷിച്ചത് അടുത്തിടെയാണ്. ഇവരും സി പി എമ്മില്‍ ചേര്‍ന്നിട്ടുണ്ട്. കേരളത്തിലെ ബി ജെ പിയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര നേതൃത്വത്തിന് സാധിക്കുന്നില്ല. ഇന്ത്യയില്‍ ബി ജെ പിക്ക് ശക്തമായ അടിത്തറയുള്ള സംസ്ഥാനങ്ങളിലെല്ലാം ബി ജെ പിയില്‍ ഗ്രൂപ്പ് പോര് മുറുകുകയാണ്. അവിടുത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പോലും സമയമില്ലാത്ത കേന്ദ്ര നേതൃത്വം പാര്‍ട്ടി പൊതുവെ ദുര്‍ബലമായ കേരളത്തിലേക്ക് എത്തിനോക്കുക കൂടി ചെയ്യാത്തത് സ്വാഭാവികം മാത്രം.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി വി മുരളീധരന്റെ പേര് ഉയര്‍ന്നുവന്നതും കുമ്മനം രാജശേഖരന്‍ പ്രതിയായ 30 ലക്ഷത്തിന്റെ സാമ്പത്തിക തട്ടിപ്പ് കേസും ആ പാര്‍ട്ടി അഴിമതിയുടെ ചെളിക്കുണ്ടില്‍ മുങ്ങിത്താണതിന്റെ ചില ഉദാഹരണങ്ങള്‍ മാത്രമാണ്. ആര്‍ എസ് എസ് നിയന്ത്രണത്തിലുള്ള ജനം ടി വി ചാനലിന്റെ അമരക്കാരനായിരുന്ന അനില്‍ നമ്പ്യാര്‍ക്ക് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷുമായി ബന്ധമുണ്ടെന്ന് ഇവര്‍ തമ്മിലുള്ള ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കസ്റ്റംസ് കണ്ടെത്തിയിരുന്നു. എന്നാല്‍ സ്വര്‍ണക്കടത്ത് കേസില്‍ ബി ജെ പിക്കാരിലേക്ക് അന്വേഷണം നീളുമെന്ന് വ്യക്തമായതോടെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുകയും കേസ് ഇടത് സര്‍ക്കാറിനെ വേട്ടയാടാനുള്ള അവസരമാക്കി മാറ്റുകയും ചെയ്തു. കേന്ദ്ര മന്തി വി മുരളീധരനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കാത്തത് ബോധപൂര്‍വമാണ്. അധികാര മോഹവും ധനാര്‍ത്തിയും കാരണം മത്തുപിടിച്ച നേതാക്കള്‍ക്കെതിരെ വലിയ തോതിലുള്ള അമര്‍ഷം ബി ജെ പി അണികളിലുണ്ട്. ഇതില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് കെ സുരേന്ദ്രന്‍ സര്‍ക്കാറിനെതിരെ വിവിധ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ബി ജെ പിയില്‍ നിന്ന് പ്രവര്‍ത്തകര്‍ കൊഴിഞ്ഞുപോകുന്നതും അവര്‍ മറ്റ് പാര്‍ട്ടികളുടെ ഭാഗമാകുന്നതും കേരളം കാണുകയാണ്. അനിവാര്യമായ പതനത്തിലേക്കാണ് ആ പാര്‍ട്ടി നീങ്ങുന്നത്. വര്‍ഗീയ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിന്റെ മതേതര മനസ്സ് കൂട്ടുനില്‍ക്കില്ലെന്നാണ് സമീപകാല രാഷ്ട്രീയ പരിണാമങ്ങള്‍ കെ സുരേന്ദ്രനെയും കൂട്ടരെയും ഓര്‍മിപ്പിക്കുന്നത്.