ശ്രീഹരിക്കോട്ട | ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് – ഒന്നിനെയും വഹിച്ച് പിഎസ്എല്‍വി-സി 49 ശനിയാഴ്ച ബഹിരാകാശത്തേക്ക് കുതിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പെയ്സ് സെന്ററില്‍ നിന്ന് ശനിയാഴ്ച വൈകീട്ട് 3.02 നാണ് പിഎസ്എല്‍വി കുതിച്ചുയരുക. ഇഒഎസിനൊപ്പം ഒന്‍പത് വിദേശ ഉപഗ്രഹങ്ങളെയും പിഎസ്എല്‍വി ഭ്രമണപഥത്തില്‍ എത്തിക്കും. വിക്ഷേപണത്തിന്റെ കൗണ്ട് ഡൗണ്‍ വെള്ളിയാഴ്ച ഉച്ചക്ക് 1.02ന് തുടങ്ങി.
കൃഷി, വനസംരക്ഷണം, ദുരന്തനിവാരണം എന്നീ മേഖലകളില്‍ ഉപയോഗപ്പെടുത്താന്‍ കഴിയുന്നതാണ് ഇ ഒ എസ്. റിസാറ്റ് -2ബിആര്‍2 എന്നപേരിലും ഇത് അറിയപ്പെടും. കോവിഡ് സാഹചര്യം കണക്കിലെടുത്ത് സന്ദര്‍ശക ഗാലറിയില്‍ പ്രവേശനം അനുവദിക്കില്ലെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.
ശ്രീഹരിക്കോട്ടയില്‍നിന്നുള്ള 76-ാമത്തെ വിക്ഷേപണവും പിഎസ്എല്‍വിയുടെ 51-ാം വിക്ഷേപണവുമാണ് ശനിയാഴ്ച നടക്കുന്നത്. ന്യൂ സ്പെയ്സ് ഇന്ത്യ ലിമിറ്റഡ്, ബഹിരാകാശ വകുപ്പ് എന്നിവയുമായുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് വിദേശ ഉപഗ്രഹങ്ങള്‍ ഐഎസ്ആര്‍ഒ വിക്ഷേപിക്കുന്നത്.