Connect with us

Kerala

എം സി ഖമറുദ്ദീനെതിരായ തട്ടിപ്പ് കേസുകള്‍ നൂറ് കടന്നു

Published

|

Last Updated

കാസര്‍കോട്  | ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് മുസ്ലിംലീഗ് എം എംല്‍ എ എം സി ഖമറുദ്ദീനെതിരായ കേസുകളുടെ എണ്ണം നൂറ് കടന്നു. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലായി പുതുതായി 15 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതോടെയാണ് നൂറ് കടന്നത്. ചന്തേര സ്റ്റേഷനില്‍ അഞ്ചു കേസുകളും കാസര്‍കോട് എട്ടും പയ്യന്നൂരില്‍ രണ്ട് കേസുകളുമാണ് പുതുതായി രജിസ്റ്റര്‍ ചെയ്തത്. ഇതോടെ ആകെ കേസുകളുടെ എണ്ണം 107 ആയി. 12 പേരില്‍ നിന്നായി രണ്ട് കോടി 65 ലക്ഷം രൂപയും, മൂന്ന് പേരില്‍ നിന്നായി 167 പവന്‍ സ്വര്‍ണവും വാങ്ങി വഞ്ചിച്ചെന്നാണ് പുതിയ പരാതികള്‍. സംസ്ഥാന ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു എം എല്‍ എക്ക് നൂറിന് മുകളില്‍ വഞ്ചാന കേസുകള്‍ വരുന്നത്.

കേസുകളുടെ എണ്ണം വര്‍ധിക്കുകയും ജനങ്ങള്‍ക്കിടയിലും പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും പ്രതിഷേധം രൂക്ഷമാകുകയും ചെയ്തതോടെ ഖമറുദ്ദീന്റെ രാജി എന്ന അവസ്ഥയിലേക്ക് നേതൃത്വം എത്തുകയാണെന്നാണ് റിപ്പോര്‍ട്ട്. ജില്ലയിലെ ലീഗ് നേതാക്കളെ മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം പാണക്കാട്ടേക്ക് വിളിപ്പിച്ചിട്ടുണ്ട്. പാര്‍ട്ടി നിര്‍ദേശ പ്രകാരം തുടങ്ങിയ മധ്യസ്ഥ ശ്രമം കല്ലട്ര മാഹിന്‍ ഹാജി ഉപേക്ഷിച്ചിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പെട്ടന്ന് ഒരു തീരുമാനമാണ് ലീഗ് നേതൃത്വം ലക്ഷ്യമിടുന്നത്. ഖമറുദ്ദീന്റെ രാജിവെപ്പിച്ച് പ്രശ്‌നത്തില്‍ നിന്ന് ചെറിയ രീതിയിലെങ്കിലും തലയൂരാമെന്ന് പാര്‍ട്ടി നേതൃത്വം കണക്ക് കൂട്ടുന്നു.

ഇതിനിടെ മുസ്ലീം ലീഗ് കാസര്‍കോട് ജില്ലാ ട്രഷററും ലീഗ് മധ്യസ്ഥനുമായ കല്ലട്ര മാഹിന്‍ ഹാജിയെ പ്രത്യേക അന്വേഷണ സംഘം വിളിച്ചു വരുത്തി മൊഴിയെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് മൊഴിയെടുത്തത്. മൂന്ന് മണിക്കൂറോളം നേരം മാഹിന്‍ ഹാജിയില്‍ നിന്ന് അന്വേഷണ സംഘം വിവരങ്ങള്‍ ചോദിച്ചറിഞ്ഞതായാണ് റിപ്പോര്‍ട്ട്.