ഐ പി എൽ പ്ലേ ഓഫ് പോരിന് ഇന്ന് തുടക്കം

Posted on: November 5, 2020 5:39 pm | Last updated: November 5, 2020 at 5:39 pm

ദുബൈ | ഐ പി എൽ പ്ലേ ഓഫ് പോരിന് ഇന്ന് തുടക്കം. ഐ പി എല്ലിൽ ഇനി നാല് ടീമുകൾ തമ്മിലാണ് പോരാട്ടം നടത്തുന്നത്. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ്, ഡൽഹി ക്യാപിറ്റൽസ്, സൺറൈസേഴ്‌സ് ഹൈദരാബാദ് , റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു എന്നീ ടീമുകളാണ് പ്ലേ ഓഫിൽ ഇടം പിടിച്ചിരിക്കുന്നത്.
ലീഗ് റൗണ്ടിൽ ഒന്നാം സ്ഥാനക്കാരായ മുംബൈ ഇന്ത്യൻസും രണ്ടാമതെത്തിയ ഡൽഹി ക്യാപിറ്റൽസും ഇന്ന് ആദ്യ പ്ലേ ഓഫിൽ മുഖാമുഖം ഏറ്റുമുട്ടും. ഇന്ന് വൈകീട്ട് 7.30 ന് ദുബൈ ഇന്റർ നാഷനൽ സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്. ഗ്രൂപ്പ് മത്സരങ്ങളിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ മുംബൈക്കായിരുന്നു വിജയം. തന്ത്രപരമായി ടീമിനെ നയിക്കുന്നവർ തമ്മിലുള്ള പോരാട്ടം കൂടിയാണ് ക്വാളിഫയർ ഒന്ന്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ കളിക്കുന്നത് മുംബൈ ഇന്ത്യന്‍സിന് കൂടുതല്‍ ഊര്‍ജം നല്‍കും.

നാളെ അബൂദബിയിൽ നടക്കുന്ന എലിമിനേറ്ററിൽ സൺറൈസേഴ്‌സ് ഹൈദരാബാദും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിൽ ഏറ്റുമുട്ടും.
ലീഗിൽ പരസ്പരം ഏറ്റുമുട്ടിയപ്പോൾ ഇരു ടീമുകളും ഓരോ വിജയം നേടിയിരുന്നു.
ആദ്യ ക്വാളിഫയറിൽ പരാജയപ്പെടുന്ന ടീമും എലിമിനേറ്ററിലെ വിജയിയും തമ്മിൽ ഈ മാസം എട്ടിനാണ് മത്സരം.

ആദ്യ ക്വാളിഫയറിലെ വിജയി രണ്ടാം ക്വാളിഫയറിലെ വിജയിയുമായി ഈ മാസം 10 ന് ദുബൈ ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ ഫൈനലിൽ മുഖാമുഖമെത്തും.
നാല് തവണയാണ് മുംബൈ ഇന്ത്യന്‍സ് കിരീടം ചൂടിയത്. സണ്‍റൈസേഴ്സ് ഹൈദരാബാദ് ഒരു തവണ ജേതാക്കളായിട്ടുണ്ട്. ഡല്‍ഹി ക്യാപിറ്റല്‍സും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഇതുവരെ കിരീടം ചൂടിയിട്ടില്ല.

ALSO READ  ഐ പി എൽ 19 മുതൽ; മത്സരക്രമം പ്രഖ്യാപിച്ചു