Connect with us

Articles

സീറത്തുന്നബി: ഹദീസറിവുകളുടെ പറുദീസ

Published

|

Last Updated

പ്രവാചക ചരിത്ര വിജ്ഞാനീയത്തിന്റെ പുതിയ കവാടം തുറക്കുകയാണ് സീറത്തുന്നബി അക്കാദമിക് കോണ്‍ഫറന്‍സ്. ഹദീസ് ഇസ്‌ലാമിന്റെ രണ്ടാം പ്രമാണം എന്നതാണ് കോണ്‍ഫറന്‍സിന്റെ പ്രമേയം. പ്രവാചകരുടെ ജീവിത ദര്‍ശനങ്ങള്‍, ചരിത്ര സംഭവങ്ങള്‍, നിലപാടുകള്‍ തുടങ്ങിയ ഉപശീര്‍ഷകങ്ങളിലായി ഇരുപതോളം പേര്‍ കോണ്‍ഫറന്‍സില്‍ പഠന പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
പ്രവാചക ദര്‍ശനങ്ങള്‍ക്ക് അനശ്വരവും നിസ്തുലവുമായ ശോഭയുണ്ട്. അര്‍ഥത്തിലും ആവിഷ്‌കാരത്തിലും അവ അത്യുത്കൃഷ്ടമായി നിലനില്‍ക്കുന്നു. തിരുനബി(സ)യില്‍ നിന്ന് അറിവുകള്‍ നേരിട്ട് സ്വീകരിക്കുകയും തങ്ങളുടെ ജീവിതക്രമത്തിലെ ചലന നിശ്ചലനങ്ങളെ അവക്കനുസൃതമായി ക്രമപ്പെടുത്തുകയും ചെയ്തവരായിരുന്നു സ്വഹാബത്ത്. മസ്ജിദുന്നബവിയില്‍ നിന്നുത്ഭവിച്ച അറിവിന്റെ നീരുറവയെ ലോകത്തിന്റെ നഗര- ഗ്രാമങ്ങളിലെത്തിക്കുന്നതിനായി സ്വഹാബത്ത് ചെയ്ത ത്യാഗങ്ങള്‍ വിസ്മയകരമാണ്.
തിരുനബി(സ)യില്‍ നിന്ന് ഏറ്റവും കൂടുതല്‍ ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് അബൂഹുറൈറ(റ)യാണ്. തിരുനബി(സ)യുടെ ജീവിതത്തെ പകര്‍ത്താന്‍ സര്‍വവും ത്യജിച്ച വിജ്ഞാന വൃന്ദമായിരുന്നു അഹ് ലുസ്സുഫ. അവരാണ് പ്രവാചകരുടെ കാലശേഷം ഹദീസുകളുടെ മുഖ്യ പ്രചാരകരായി മാറിയത്. മനപ്പാഠമാക്കുന്നതിന് പുറമെ തിരുനബി(സ)യുടെ സമ്മതത്തോടെ ചിലര്‍ ഹദീസുകളെ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. അസ്സ്വഹീഫത്തു സ്വാദിഖ എന്ന പേരില്‍ അബ്ദുല്ലാഹിബ്‌നു അംറ്(റ) ഹദീസ് സമാഹരിച്ച് ഗ്രന്ഥം എഴുതിയിരുന്നു. നബി പത്‌നിമാരില്‍ നിന്നും സ്വഹാബി പ്രമുഖരില്‍ നിന്നും ഹദീസുകള്‍ സ്വീകരിക്കുന്നതിനായി താബിഉകള്‍ കഠിന പ്രയത്‌നം തന്നെ നടത്തി. കേവലം ഒരു ഹദീസ് ലഭിക്കുന്നതിനായി മാസങ്ങള്‍ സഞ്ചരിച്ച ജാബിര്‍ ബിന്‍ അബ്ദുല്ല(റ)യെ കുറിച്ച് ഇമാം ബുഖാരി വിവരിക്കുന്നുണ്ട്. പ്രവാചകരില്‍ നിന്ന് നേരിട്ട് ഹദീസ് സ്വീകരിച്ച സ്വഹാബിമാര്‍ മരണപ്പെടുകയും ഹദീസ് വിജ്ഞാനങ്ങള്‍ പലയിടത്തായി ഭിന്നിച്ചു പോകുകയും ചെയ്തപ്പോള്‍ ഹദീസ് ക്രോഡീകരണത്തിന്റെ പുതിയ ഘട്ടത്തിന് തുടക്കമായി. ഉമവി ഖലീഫയായിരുന്ന ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ്(റ) ആണ് പലയിടത്തായി ഭിന്നിച്ചു നില്‍ക്കുന്ന ഹദീസ് വിജ്ഞാനീയങ്ങള്‍ എഴുതി ക്രോഡീകരിക്കാനായി മദീനയിലെ ഗവര്‍ണറായിരുന്ന അബൂബക്കര്‍ബ്‌നു ഹസ്മ്(റ)യോടും ശിഹാബുദ്ദീന്‍ സുഹ്രി(റ)യോടും ഔദ്യോഗികമായി ആജ്ഞാപിക്കുന്നത്. ഹിജ്റ രണ്ടാം നൂറ്റാണ്ടിന്റെ പകുതിയോടെ വ്യവസ്ഥാപിതമായ രീതിയില്‍ രേഖപ്പെടുത്തപ്പെട്ട ഹദീസ് ഗ്രന്ഥങ്ങള്‍ പ്രകാശിതമായി.

ഇബ്നു ജുറൈജ് എന്ന പേരില്‍ അറിയപ്പെടുന്ന ഇമാം അബ്ദുല്‍ മലിക് ബ്നു അബ്ദുല്‍ അസീസ് ബ്നു ജുറൈജ്(റ) ആണ് അറിയപ്പെട്ട ആദ്യ ഗ്രന്ഥ രചയിതാവ്. ഇമാം മാലിക്ബ്നു അനസ്(റ), സുഫ് യാനുബ്നു ഉയയ്ന(റ), അബ്ദുല്ലാഹിബ്നു വഹബ്(റ), മഅ്മറ്(റ), അബ്ദുര്‍റസാഖ്(റ), സുഫ് യാനുസ്സൗരി(റ), മുഹമ്മദ് ബ്നു ഫുദൈല്‍(റ), ഹമ്മദ് ബ്നു സലമ(റ), റൗഹ് ബ്നു ഉബാദ(റ), ഹുശൈം(റ), അബ്ദുല്ലാഹി ബ്നു മുബാറക് (റ) തുടങ്ങിയവര്‍ ഈ കാലഘട്ടത്തില്‍ ഗ്രന്ഥരചനയിലും ഹദീസ് നിവേദനത്തിലും വ്യാപൃതരായവരില്‍ പ്രമുഖരാണ്. ഇവയില്‍ മാലിക് ബ്നു അനസി(റ)ന്റെ മുവത്വയാണ് ഏറ്റവും പ്രധാനം.

തുടര്‍ന്നുള്ള നൂറ്റാണ്ടുകളില്‍ സ്വിഹാഹുകളും സുനനുകളുമായി നിരവധി ഹദീസ് ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടു. എന്നാല്‍ രചനകള്‍ വ്യാപകമായതോടെ വ്യാജ ഹദീസുകള്‍ ചമച്ചുണ്ടാക്കാനും വികലമായ വ്യാഖ്യാനങ്ങള്‍ നല്‍കുന്നതിനും ചിലര്‍ മുന്നോട്ടുവന്നു. അതതുകാലത്തെ അഹ് ലുസ്സുന്നയുടെ പണ്ഡിതന്മാര്‍ അതിനെ നഖശിഖാന്തം എതിര്‍ക്കുകയും വിമര്‍ശങ്ങളെ യുക്തിപൂര്‍വം നേരിടുകയും ചെയ്തു.
ഹിജ്‌റ മൂന്നാം നൂറ്റാണ്ട് മുതല്‍ ഹദീസ് വിജ്ഞാനത്തിലെ സുവര്‍ണ കാലഘട്ടമായിരുന്നു. അറേബ്യയുടെ അതിര്‍ത്തിക്കപ്പുറത്തും ഹദീസുകള്‍ പരതിയുള്ള സഞ്ചാരങ്ങളും ഗ്രന്ഥരചനകളും നടന്നു. നാസ്തിക വാദവും ഹദീസ് നിഷേധവുമെല്ലാം ഉയര്‍ന്നു വന്നപ്പോഴും പണ്ഡിതന്മാര്‍ അതിനെ ശക്തമായി നേരിട്ടു. പരിശുദ്ധ ഖുര്‍ആനിന്റെ വിശദീകരണങ്ങളായ ഹദീസുകള്‍ തനതായ മൂല്യങ്ങളോടെ തന്നെ സംരക്ഷിക്കപ്പെടുകയും വായിക്കപ്പെടുകയും ചെയ്തു.
പുതിയ തലമുറയിലുള്ളവര്‍ ഹദീസ് വിജ്ഞാനീയങ്ങളുടെ പൂര്‍വകാല ചരിത്രവും മുന്‍ഗാമികളുടെ മാതൃകയും പ്രാമാണികമായ മൂല്യവും ഗവേഷണാത്മകമായി പഠിക്കുകയും അവര്‍ക്ക് പഠിപ്പിക്കുകയും ചെയ്യുക എന്ന ഉദ്യമമാണ് സീറത്തുന്നബി അക്കാദമിക് കോണ്‍ഫറന്‍സിലൂടെ സാധ്യമാകുന്നത്.

ജന. സെക്രട്ടറി, എസ് എസ് എഫ് കേരള

---- facebook comment plugin here -----

Latest