Connect with us

Kerala

ഓണ്‍ലൈന്‍ റമ്മി കളിയില്‍ പണം നഷ്ടമായി; തമിഴ്‌നാട്ടില്‍ രണ്ട് പേര്‍കൂടി ആത്മഹത്യ ചെയ്തു

Published

|

Last Updated

കോയമ്പത്തൂര്‍ | ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ പങ്കെടുത്ത് പണം നഷ്ടപ്പെട്ട രണ്ട് പേര്‍ കൂടി തമിഴ്‌നാട്ടില്‍ ആത്മഹത്യ ചെയ്തു. തൊണ്ടമുത്തൂര്‍ തിരുവള്ളുവര്‍ നഗര്‍ സ്വദേശി ജീവാനന്ദം(30) സുന്ദരപുരം മച്ചാംപാളയം സ്വദേശി പി ജയചന്ദ്രന്‍(32) എന്നിവരാണ് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ജീവനൊടുക്കിയത്.

കമ്പ്യൂട്ടര്‍ ഷോപ്പ് നടത്തി വരികയായിരുന്ന ജീവാനന്ദത്തെ ചൊവ്വാഴ്ച രാവിലെയാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഇയാള്‍ക്ക് ഓണ്‍ലൈന്‍ റമ്മിയിലൂടെ വന്‍ തുക നഷ്ടപ്പെട്ടിരുന്നതായാണ് പോലീസ് പറയുന്നത്. ഇതേത്തുടര്‍ന്ന് ഇയാള്‍ മദ്യത്തിന് അടിമയാവുകയും ഭാര്യയുമായി വഴക്കിടുകയും ചെയ്തു. തുടര്‍ന്ന് ഭാര്യ കഴിഞ്ഞയാഴ്ച സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയതായും പോലീസ് പറഞ്ഞു.

സുന്ദരപുരം മച്ചാംപാളയം സ്വദേശിയായ ജയചന്ദ്രന്‍ തിങ്കളാഴ്ചയാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്. ലെയ്ത്ത് ഓപ്പറേറ്ററായിരുന്ന ഇയാള്‍ ഒറ്റയ്ക്കായിരുന്നു താമസം. ഓണ്‍ലൈന്‍ റമ്മിയില്‍ 30000ത്തിലേറെ രൂപ ജയചന്ദ്രന് നഷ്ടമായിരുന്നുവെന്നും ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്നും പോലീസ് പറഞ്ഞു.
നേരത്തെ കോയമ്പത്തൂരിലെ ബേങ്ക് ജീവനക്കാരനും പുതുച്ചേരിയിലെ യുവാവും ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ജീവനൊടുക്കിയിരുന്നു.

---- facebook comment plugin here -----

Latest