ഇ ഡി/സി ബി ഐ/എൻ ഐ എ: അവർക്ക് ഒളിഅജന്‍ഡകളുണ്ട്

Posted on: November 4, 2020 5:05 am | Last updated: November 4, 2020 at 12:58 am

സി ബി ഐ ‘കോൺഗ്രസ് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍’ ആണെന്നും രാജ്യത്തിന് ഈ ഏജന്‍സിയില്‍ വിശ്വാസം ഇല്ലെന്നും പറഞ്ഞത് സാക്ഷാല്‍ നരേന്ദ്ര മോദിയാണ്. രണ്ടാം യു പി എ സര്‍ക്കാറിന്റെ അന്ത്യനാളുകളില്‍ ഗുജറാത്തിനെതിരെ സി ബി ഐയെ ഉപയോഗിച്ച് കള്ളപ്രചാരണങ്ങള്‍ നടത്തുന്നുവെന്ന് ആക്ഷേപിച്ചായിരുന്നു അന്നത്തെ മുഖ്യമന്ത്രി മോദിയുടെ രോഷപ്രകടനം. 2019 ആയപ്പോഴേക്കും എല്ലാം തലകീഴായി മറിഞ്ഞു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന ആവശ്യവുമായി രംഗത്തുവന്നത് ഡോ. മന്‍മോഹന്‍ സിംഗായിരുന്നു. രാഷ്ട്രീയ എതിരാളികളെ ഉന്നംവെച്ച് കേന്ദ്ര ഏജന്‍സികളെ ബി ജെ പി സര്‍ക്കാര്‍ തുറന്നുവിട്ടപ്പോള്‍ ആദ്യം പിടികൂടിയത് കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി ചിദംബരത്തെ ആയിരുന്നു. ഐ എന്‍ എസ് മീഡിയ കേസില്‍ ചിദംബരത്തെ 106 ദിവസം തുറുങ്കിലടച്ചു. പുത്രന്‍ കാര്‍ത്തി ചിദംബരവും ചങ്ങാതിമാരും വേട്ടയാടപ്പെട്ടു. മഹാരാഷ്ട്രയില്‍ എന്‍ സി പി നേതാവ് പ്രഫുല്‍ പട്ടേലിന് പിന്നാലെ ഭൂമി ഇടപാട് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പോയപ്പോള്‍ മറ്റൊരു ഭാഗത്ത് രാഷ്ട്രീയാതികായന്‍ ശരത് പവാറിനെ മഹാരാഷ്ട്ര കോ ഓപറേറ്റീവ് ബേങ്ക് കുംഭകോണവുമായി ബന്ധപ്പെട്ട് പിടികൂടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അണിയറ നീക്കങ്ങള്‍ നടത്തി. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പവാറിനും മരുമകന്‍ അജിത് പവാറിനും ഒട്ടനവധി പാര്‍ട്ടി നേതാക്കള്‍ക്കും ഇ ഡി നോട്ടീസ് നല്‍കിയത്. 2004- 2011 കാലയളവില്‍ കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്ത കോണ്‍ഗ്രസ് സര്‍ക്കാറിന്റെ അമരത്തിരുന്ന മന്‍മോഹന്‍ സിംഗാണ്, ഭരണം കൈവിട്ടപ്പോള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ പരസ്യമായി രംഗത്തുവന്നത്. ഇ ഡിക്ക് മുമ്പത്തേക്കാള്‍ അധികാരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അതുപയോഗിച്ച് രാഷ്ട്രീയ പകപോക്കല്‍ നടത്തുകയാണെന്നും അദ്ദേഹം പരിഭവിച്ചു. പക്ഷേ, മോദി- അമിത് ഷാ പ്രഭൃതികള്‍ ഒരിഞ്ച് പിറകോട്ട് പോയില്ല. ജനാധിപത്യ സ്ഥാപനങ്ങള്‍ അവയുടെ മുഴുവന്‍ നിഷ്പക്ഷതയും പാവനതയും കളഞ്ഞുകുളിച്ച് ഭരിക്കുന്നവരുടെ കൈയിലെ മൂര്‍ച്ചയുള്ള ആയുധങ്ങളായി മാറിയത് രാഷ്ട്രീയാധപ്പതനത്തിന്റെ പരിണതിയായി വിലയിരുത്തപ്പെട്ടു. രാഷ്ട്രീയ എതിരാളികളെ ഭയപ്പെടുത്തുന്ന ഒരു ഏജന്‍സിയായി സി ബി ഐ മാറിയപ്പോള്‍ ചിലര്‍ അതിനെ “സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്റിമിഡേറ്റ്’ (ഭീഷണിപ്പെടുത്താനുള്ള ദേശീയ ഏജന്‍സി) എന്ന് പോലും വിശേഷിപ്പിക്കാന്‍ തുടങ്ങി. ഏറെ വിവാദം സൃഷ്ടിച്ച “കോള്‍ഗേറ്റ്’ കേസില്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ആര്‍ എം ലോധ, തിങ്ങിനിറഞ്ഞ കോടതി മുറിയില്‍ അറ്റോര്‍ണി ജനറലിന്റെ മുഖത്ത് നോക്കി പറഞ്ഞു; സി ബി ഐ കൂട്ടിലടച്ച തത്തയാണ്; അത് കേള്‍പ്പിക്കുന്നത് യജമാനന്റെ ശബ്ദമാണ്! 1990കളില്‍ ബിഹാര്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിനെതിരെ കള്ളക്കേസുണ്ടാക്കി രാഷ്ട്രീയ അട്ടിമറിക്ക് കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചപ്പോള്‍ അന്നത്തെ സി ബി ഐ മേധാവി യോഗേന്ദര്‍ സിംഗ് മനഃസാക്ഷിയുടെ വിളികേട്ട് സ്ഥാനമൊഴിഞ്ഞുപോയത് രാജ്യത്തെ ഞെട്ടിച്ചു.

രാഷ്ട്രീയ അട്ടിമറിക്ക് ദല്ലാളുടെ വേഷത്തില്‍

കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് വാണരുളിയ കാലഘട്ടത്തിലാണ് കേന്ദ്ര ഏജന്‍സികളുടെ ദുരുപയോഗം തുടങ്ങിയതെങ്കില്‍ അവയെ യാതൊരു മറയുമില്ലാതെ രാഷ്ട്രീയായുധമായി വിനിയോഗിക്കുന്നതില്‍ സമീപ കാലത്ത് ബി ജെ പി സര്‍ക്കാര്‍ സകല സീമകളും ലംഘിച്ചു. അതോടെയാണ് സി ബി ഐക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും ആദായ നികുതി വകുപ്പിനും എതിരെ പരസ്യമായി രംഗത്തുവരാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നിര്‍ബന്ധിതരായത്. പശ്ചിമ ബാംഗാളില്‍ ശാരദാകേസില്‍ സി ബി ഐ ഉദ്യോഗസ്ഥരുടെ പരിശോധന തടയാന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് പരസ്യമായി തെരുവിലിറങ്ങേണ്ടി വന്നത് കേന്ദ്ര- സംസ്ഥാന ബന്ധം തന്നെ വഷളാക്കി. കേന്ദ്ര ഏജന്‍സികളുടെ സംസ്ഥാനങ്ങളിലേക്കുള്ള ഇരച്ചുകയറ്റം ഫെഡറല്‍ വ്യവസ്ഥയുടെ എല്ലാ മാനദണ്ഡങ്ങളും പച്ചയായി ലംഘിക്കുന്നതായി ബി ജെ പി ഇതര കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാന സര്‍ക്കാറുകള്‍ മുറവിളി കൂട്ടി. 2014ല്‍ നരേന്ദ്ര മോദി അധികാരത്തിലേറിയതിനു ശേഷമാണ് രാഷ്ട്രീയ എതിരാളികളെ വരിഞ്ഞു മുറുക്കി ശ്വാസം മുട്ടിക്കുന്നതിനും പ്രതിയോഗികളെ ഭീഷണിപ്പെടുത്തി തങ്ങള്‍ക്കനുകൂലമായ നിലപാട് എടുപ്പിക്കുന്നതിനും സി ബി ഐയെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയും എന്‍ ഐ എയെയും രാഷ്ട്രീയ ഉപകരണമാക്കി മാറ്റിയെടുക്കുന്ന കുതന്ത്രം അംഗീകൃത ശൈലിയായത്. ഇത്തരം ഏജന്‍സികളെല്ലാം പ്രധാനമന്ത്രിയുടെയോ ആഭ്യന്തര വകുപ്പിന്റെയോ പൂര്‍ണ നിയന്ത്രണത്തിലാണ് എന്നതാണ് സംവിധാനങ്ങളുടെ എടുത്തുപറയേണ്ട ബലഹീനത. രാഷ്ട്രീയ പ്രതിയോഗികളുടെ വായമൂടിക്കെട്ടാനും പ്രതിപക്ഷാംഗങ്ങളെ അഴിമതിയില്‍ നിന്ന് കുളിപ്പിച്ചെടുക്കാമെന്ന് വാഗ്ദാനം നല്‍കാനും ബന്ധുക്കളെ കേസില്‍ കുടുക്കി ജയിലിലിടുമെന്ന് ഭീഷണിപ്പെടുത്താനും സംസ്ഥാന ഭരണത്തിന്റെ പ്രതിച്ഛായ തകര്‍ക്കാനും ഭരണം അട്ടിമറിക്കാനുമെല്ലാം ഡല്‍ഹി വാഴുന്നവര്‍ അന്വേഷണ ഏജന്‍സികളെയാണ് ഉപയോഗപ്പെടുത്തുന്നത്. രാഷ്ട്രീയ യജമാനന്മാരുടെ ഇംഗിതങ്ങള്‍ക്കൊത്ത് ആടാനും നാട് കടത്തേണ്ടവരെ ആട്ടിയോടിക്കാനും ക്ലീന്‍ചിറ്റ് നല്‍കേണ്ടവരെ അഭിഷിക്തരാക്കാനുമൊക്കെ ഈ ഏജന്‍സികള്‍ക്ക് അപാരമായ മെയ് വഴക്കമാണെന്ന് തെളിയിച്ചു കൊണ്ടിരിക്കുന്നു. ഹരിയാനയിലും കര്‍ണാടകയിലും സി ബി ഐയും ഇ ഡിയും വൃത്തികെട്ട കളികള്‍ മുഴുവനും പുറത്തെടുത്തത് ബി ജെ പിക്ക് അധികാരം നിലനിര്‍ത്താനാണ്. ക്വട്ടേഷന്‍ സംഘത്തെ പോലെയാണ് കേന്ദ്ര ഏജന്‍സികള്‍ പെരുമാറിയത്. ഇപ്പോള്‍ കേരളത്തിന്റെ മികച്ച പ്രതിച്ഛായ തകര്‍ത്ത്, രാഷ്ട്രീയ മുതലെടുപ്പ് നടത്താമെന്ന ബി ജെ പിയുടെ കണക്കുകൂട്ടലാണ് സ്വര്‍ണക്കടത്തിന്റെ മറവില്‍ അരങ്ങേറുന്ന ദിശയും ലക്ഷ്യവുമില്ലാത്ത അന്വേഷണങ്ങളും സമരാഭാസങ്ങളും.

ALSO READ  ഇത് രാഷ്ട്രത്തിന്റെ ഡിസ്‌ലൈക്കുകള്‍

സ്വര്‍ണക്കടത്തിന്റെ മറവില്‍ അരങ്ങേറുന്നത് കേന്ദ്ര ഏജന്‍സികളുടെ ഒരു തരം അധിനിവേശമാണ്. ദേശീയ അന്വേഷണ ഏജന്‍സികള്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ മാസങ്ങളോളം നിരന്തരം ചോദ്യം ചെയ്തിട്ടും ഉന്നത വ്യക്തിത്വങ്ങളുടെ സാക്ഷിമൊഴി രേഖപ്പെടുത്തിയിട്ടും ഇപ്പോഴും വഞ്ചി തിരുനക്കരെ തന്നെ. എന്താണിത് തെളിയിക്കുന്നത്? ദേശദ്രോഹ നടപടിയായി മുദ്രകുത്തി തുടങ്ങിയ അന്വേഷണം എത്തി നില്‍ക്കുന്നതെവിടെ? സ്വര്‍ണം കടത്തിയ യഥാര്‍ഥ പ്രതികളെ കണ്ടെത്തുക എന്ന ലക്ഷ്യത്തില്‍ നിന്ന് മാറി, സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കുക എന്ന രാഷ്ട്രീയ അജന്‍ഡയില്‍ കാര്യങ്ങളെ ചുരുട്ടിക്കൂട്ടിയിരിക്കുന്നു. വിവിധ കേന്ദ്ര ഏജന്‍സികളെ ഇവിടെ മേയാന്‍ കയറൂരി വിട്ടിരിക്കുന്നത് സംഘ്പരിവാറും മോദി സര്‍ക്കാറുമാണ്. കഴിഞ്ഞ ആറ് വര്‍ഷമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കേന്ദ്ര ഏജന്‍സികളുടെ പീഡനങ്ങളേറ്റ് എരിപൊരി കൊണ്ടത് കോണ്‍ഗ്രസുകാരാണ്. ഇപ്പോള്‍ കേരളത്തില്‍ കേന്ദ്ര ഏജന്‍സികളുടെ സഹായം തേടാന്‍ ബി ജെ പി നേതാക്കളെ ശട്ടംകെട്ടിച്ചത് അവര്‍ തന്നെയാണെന്ന വിരോധാഭാസം തിരിച്ചറിയാതെ പോകില്ല. കേന്ദ്ര ഏജന്‍സികളെ വെച്ച് അന്വേഷിപ്പിക്കാന്‍ പ്രധാനമന്ത്രി മോദിക്ക് കത്തയച്ചത് യു ഡി എഫ് കണ്‍വീനര്‍ ആയിരുന്ന ബെന്നി ബെഹനാനാണ്. ആ നീക്കത്തിന് മുസ്‌ലിം ലീഗിന്റെ എല്ലാ പിന്തുണയുമുണ്ടായിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം അതിന്റെ സ്വാഭാവിക പരിസമാപ്തിയിലെത്തിക്കാനോ യഥാര്‍ഥ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനോ കേന്ദ്ര ഏജന്‍സികള്‍ക്ക് സാധിക്കില്ലെന്ന് ഇതിനകം തെളിഞ്ഞുകഴിഞ്ഞു. കള്ളക്കടത്തിന്റെ മുഖ്യ ആസൂത്രകന്‍ റെമീസ് മുഹമ്മദ് അടക്കമുള്ള പ്രതികള്‍ക്ക് ജാമ്യം കിട്ടിക്കഴിഞ്ഞു. മന്ത്രി മുരളീധരനും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുമെല്ലാം തങ്ങളുടെ രാഷ്ട്രീയ അജന്‍ഡ നടപ്പാക്കാന്‍ പൂര്‍ണമായും ആശ്രയിക്കുന്നത് കേന്ദ്ര ഏജന്‍സികളെയാണ്. കാവി രാഷ്ട്രീയത്തിന്റെ കേരള ചരിത്രത്തിലെ പുതിയൊരു അധ്യായമാണിത്. തങ്ങള്‍ ഇച്ഛിക്കുന്ന തരത്തില്‍ അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നില്ല എന്ന് വന്നപ്പോഴാണ് സംഘ്പരിവാര്‍ അനുകൂല ചാനലിന്റെ കോ ഓഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ ചോദ്യം ചെയ്ത അസി. കമ്മീഷണര്‍ എന്‍ എം ദേവിനെ നാടുകടത്തിയത്. വളരെ കാര്യക്ഷമതയോടെ കാര്യങ്ങള്‍ മുന്നോട്ട് നീക്കിയ കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ അനീഷ് പി ദേവിനെ സ്ഥലം മാറ്റിയതിനു പിന്നിലും ഈ കറുത്ത കരങ്ങളാണ്. ഇവര്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെയാണ്. ഇവര്‍ക്ക് വേണ്ടത് രാഷ്ട്രീയ കലക്കുവെള്ളത്തില്‍ മീന്‍പിടിക്കലാണ്.

നരിപ്പുറത്തേറിയ യാത്രാനുഭവം

എന്തുകൊണ്ട് കേരളം താമര വിരിയിക്കാന്‍ മാത്രം ചെളിക്കുണ്ടാകുന്നില്ല എന്ന ചോദ്യത്തിന് ഉത്തരം തേടിയ പ്രശസ്ത ഫ്രഞ്ച് മാധ്യമ പ്രവര്‍ത്തകന്‍ ക്രിസ്റ്റോഫി ജെഫ്രലെറ്റിനെ പോലുള്ളവര്‍ നല്‍കുന്ന ഉത്തരങ്ങളിലൊന്ന് ന്യൂനപക്ഷങ്ങള്‍ ആ പാര്‍ട്ടിയോട് കാണിക്കുന്ന വിപ്രതിപത്തി കേരളീയ സാമൂഹിക ചിന്താമണ്ഡലത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട് എന്നതാണ്. ചരിത്രകാരനായ കെ എന്‍ പണിക്കരുടെ ആധികാരിക പഠനങ്ങള്‍ സമര്‍ഥിക്കുന്നത് നവോത്ഥാന, പുരോഗമന ആശയങ്ങള്‍ ഉഴുതുമറിച്ച മണ്ണില്‍ കാവിരാഷ്ട്രീയത്തിന്റെ സങ്കുചിത കാഴ്ചപ്പാടുകള്‍ പങ്കുവെക്കാന്‍ ഹൈന്ദവ സമൂഹം മുന്നോട്ടുവരുന്നതില്‍ വിമുഖത കാണിക്കുന്നത് ഒരു വലിയ പൈതൃകം കളഞ്ഞുകുളിക്കാന്‍ തങ്ങളില്ല എന്ന ഉറച്ചബോധ്യത്തോടെയാണെന്നാണ്. ആ ബോധ്യമാണ് വിശാല ഹിന്ദു ഐക്യം എന്ന സംഘ്പരിവാര്‍ അജന്‍ഡ സാക്ഷാത്കരിക്കുന്നതില്‍ എക്കാലവും തടസ്സം നിന്നത്. എത്ര കാലമായി ആര്‍ എസ് എസ് കേരളത്തിന് ഹിന്ദുത്വ അജന്‍ഡ തയ്യാറാക്കിക്കൊണ്ടിരിക്കുന്നു? എന്നിട്ട് വിജയിച്ചോ? ഇല്ല. ഈ സാഹചര്യത്തിലാണ് കേന്ദ്ര ഏജന്‍സികളെ വിട്ട് കേരളം ഉഴുതുമറിക്കാനും അതുവഴി ഇടതുവിരുദ്ധ കൂട്ടുകച്ചവടത്തിന് അണിയറ ഒരുക്കാനും ബി ജെ പി നേതൃത്വം ആസൂത്രിത നീക്കങ്ങളാരംഭിച്ചത്. പുറം ലോകവുമായുള്ള കേരളത്തിന്റെ സാംസ്‌കാരിക ആദാനപ്രദാനങ്ങള്‍ മറന്നാണ് ചില പാര്‍ട്ടികള്‍ രാഷ്ട്രീയത്തിന്റെ ആസുരതകള്‍ക്ക് തിടം വെച്ചാടാന്‍ വേദിയൊരുക്കിക്കൊടുത്തത്. എന്നാല്‍, സംഘ്പരിവാറിന്റെ ആയുധങ്ങളെടുത്ത് നടത്തുന്ന ഏത് ദ്വന്ദയുദ്ധവും ചെന്ന് കലാശിക്കുക, നരിപ്പുറത്തേറിയ യാത്രയുടെ അനുഭവത്തിലായിരിക്കും. അവസാന ചിരി ചുണ്ടില്‍ ചോര പുരണ്ട നരിയുടെ മുഖത്തായിരിക്കും!

ALSO READ  കെ എം മാണിക്ക് സ്തുതിയായിരിക്കട്ടെ