ട്രംപോ ബൈഡനോ..? അമേരിക്ക ഇന്ന് വിധിക്കും

Posted on: November 3, 2020 7:07 am | Last updated: November 3, 2020 at 12:17 pm

വാഷിംഗ്ടൺ | ഡൊണാൾഡ് ട്രംപിന്റെ തീവ്ര നിലപാടുകളോ ജോ ബൈഡന്റെ വാഗ്ദാനങ്ങളോ, ഇതിൽ ഏതാണ് തങ്ങൾക്ക് അഭികാമ്യമെന്ന് യു എസ് ജനത ഇന്ന് തീരുമാനിക്കും. കൊവിഡ് മഹാമാരിയിൽ പകച്ചുനിൽക്കുന്ന അമേരിക്കൻ ജനങ്ങളെ അടുത്ത വർഷം മുതൽ ആര് നയിക്കണമെന്ന കാര്യത്തിലുള്ള വിധിയെഴുത്ത് ഇന്ന് പൂർത്തിയാകും.

റിപ്പബ്ലിക്കൻ സ്ഥാനാർഥിയും യു എസ് പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാർഥിയായ ജോ ബൈഡനും തമ്മിലുള്ള പ്രവചനാതീതമായ പോരാട്ടം ആകാംക്ഷയോടെയാണ് ലോകം ഉറ്റുനോക്കുന്നത്.

ആകെ 24 കോടിയോളം ജനങ്ങൾക്കാണ് വോട്ടവകാശമുള്ളത്. ഇവരിൽ ഒമ്പത് കോടിയിലധികം ജനങ്ങൾ ഇതിനകം തന്നെ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. കൊവിഡ് വ്യാപനം ഭയന്ന് പോസ്റ്റൽ വഴിയാണ് ഇവർ വോട്ട് രേഖപ്പെടുത്തിയത്. മുൻ കാലങ്ങളെ അപേക്ഷിച്ച് പോസ്റ്റൽ വോട്ടിൽ കുത്തനെയുള്ള വർധനയാണ് ഇക്കുറിയുണ്ടായിരിക്കുന്നത്. പോളിംഗ് ശതമാനം കുത്തനെ കുറയാനും സാധ്യതയുണ്ട്.

ALSO READ  അടഞ്ഞ അമേരിക്ക × തുറന്ന അമേരിക്ക

ചൊവ്വാഴ്ച അമേരിക്കൻ സമയം രാവിലെയാണ് വോട്ടെടുപ്പ് നടക്കുക. തിരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ വോട്ടെണ്ണൽ നടക്കുമെങ്കിലും പോസ്റ്റൽ വോട്ടുകളുടെ ആധിക്യം മൂലം ഫല പ്രഖ്യാപനം വൈകിയേക്കും.

തിരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പ് വരെ വ്യാപകമായ പ്രചാരണമാണ് ഇരു സ്ഥാനാർഥികളും നടത്തിയത്. രാജ്യം സാമ്പത്തികമായി വളർന്നുകൊണ്ടിരിക്കുകയാണെന്ന് അവകാശപ്പെട്ടാണ് ട്രംപ് തിരഞ്ഞെടുപ്പ് യോഗങ്ങളിൽ പാർട്ടി അണികളെ കൈയിലെടുക്കുന്നത്. എന്നാൽ കൊവിഡ് പ്രതിരോധത്തിലെ ഭരണകൂട വീഴ്ച തുറന്നുകാട്ടുകയാണ് ബൈഡൻ.