എസ് ഡി പി ഐ പ്രവര്‍ത്തകന്റെ കൊല; പ്രതികളായ ആര്‍ എസ് എസുകാരെ ഒളിവില്‍ കഴിഞ്ഞ സ്ഥലത്തെത്തിച്ച് തെളിവെടുത്തു

Posted on: November 2, 2020 6:51 am | Last updated: November 2, 2020 at 6:51 am

കണ്ണൂര്‍ | കണ്ണൂരില്‍ എസ് ഡി പി ഐ പ്രവര്‍ത്തകന്‍ സലാഹുദ്ദീനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ആര്‍ എസ് എസുകാരെ ഇവര്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതികളെ കോടതി നേരത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. അതിനിടെ, പ്രതികള്‍ സഞ്ചരിച്ച ഒരു ബൈക്ക് കൂടി പോലീസ് കണ്ടെടുത്തു. കൃത്യം നിര്‍വഹിച്ച ശേഷം ചെണ്ടയാട് സ്വദേശി മിഥുന്‍, മൊകേരി സ്വദേശി യാദവ് എന്നിവര്‍ സഞ്ചരിച്ച ബൈക്കാണ് ചെണ്ടയാട്ടെ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വീടിന്റെ പോര്‍ച്ചില്‍ നിന്ന്‌
കണ്ടെടുത്തത്. കേസില്‍ കസ്റ്റഡിയിലുള്ള മറ്റൊരു പ്രതി അശ്വിന്റെ ഉടമസ്ഥതയിലുള്ളതാണ് ബൈക്കെന്ന് വ്യക്തമായിട്ടുണ്ട്. പെട്രോള്‍ തീര്‍ന്നു പോയെന്ന് താമസക്കാരോട് പറഞ്ഞാണ് ബൈക്ക് ഇവിടെ നിര്‍ത്തിയിട്ട് പ്രതികള്‍ പോയത്. പിന്നീട് വയനാട്ടിലെ ഒരു വീട്ടില്‍ ഒളിവില്‍ കഴിഞ്ഞ പ്രതികള്‍ ഒരാഴ്ച മുമ്പ് കണ്ണൂരിലെത്തിയപ്പോഴാണ് പോലീസിന്റെ പിടിയിലായത്.

ഇവര്‍ക്കൊപ്പം പിടിയിലായ മറ്റു പ്രതികളായ അശ്വിന്‍, രാഹുല്‍ എന്നിവരെ ഇവര്‍ ഒളിവില്‍ കഴിഞ്ഞിരുന്ന വയനാട്ടിലും, വടക്കേ പൊയിലൂരിലും എത്തിച്ച് തെളിവെടുത്തു. കഴിഞ്ഞ മാസം എട്ടിനാണ് കാറില്‍ യാത്ര ചെയ്യുന്നതിനിടെ സലാഹുദ്ദീനെ വെട്ടിക്കൊന്നത്. എ ബി വി പി പ്രവര്‍ത്തകനായ ശ്യാമപ്രസാദിനെ വെട്ടിക്കൊന്ന കേസിലെ ഏഴാം പ്രതിയാണ് സലാഹുദ്ദീന്‍. കേസില്‍ ഇതുവരെ ഒമ്പത് പ്രതികളെ പോലീസ് പിടികൂടി.