കൈക്ക് വോട്ട് ചെയ്യുക; ബി ജെ പി റാലിയില്‍ നാക്ക് പിഴച്ച് ജ്യോതിരാദിത്യ സിന്ധ്യ

Posted on: November 1, 2020 10:54 am | Last updated: November 1, 2020 at 10:54 am

ഭോപ്പാല്‍ |  മധ്യപ്രദേശില്‍ കമനല്‍നാഥ് സര്‍ക്കാറിനെ മറിച്ചിട്ട് ബി ജെ പി പാളയത്തിലെത്തിയെങ്കിലും ജ്യോതിരാദിത്യ സന്ധ്യയുടെ ‘മനസ്സിന്റെ ഉള്ളില്‍ കോണ്‍ഗ്രസ് ഇഷ്ടം’ കിടക്കുന്നതായി ഒരു തോന്നല്‍. മൂന്നിന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ദാബ്രയില്‍ ബി ജെ പിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ സിന്ധ്യ നടത്തിയ ഒരു പരാമര്‍ശമാണ് ഇതിന് കാരണം. മുതിര്‍ന്ന ബി ജെ പി നേതാക്കളും നൂറ്കണക്കിന് പ്രവര്‍ത്തകരും അണിനിരന്നതായിരുന്നു യോഗം. പ്രസംഗത്തില്‍ ഉടനീളം കേന്ദ്ര സര്‍ക്കാറിനെ പുകഴ്ത്തിയ സിന്ധ്യ ബി ജെ പിക്ക് വോട്ട് അഭ്യര്‍ഥിച്ചപ്പോഴാണ് പാളിയത്. തടിച്ച് കൂടിയ ജനക്കൂട്ടത്തോട് ‘കൈപ്പത്തി ചിഹ്നനമുള്ള ബട്ടണ്‍ അമര്‍ത്തി കോണ്‍ഗ്ര’ ഇത്രയുമായപ്പോള്‍ അപകടം തിരിച്ചറിഞ്ഞ് തിരുത്തി പ്രസംഗിക്കുകയായിരുന്നു.

മാര്‍ച്ചിലാണ് സിന്ധ്യ 22 എം എല്‍ എമാര്‍ക്കൊപ്പം കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബി ജെ പി പാളയത്തിലെത്തിയത്. സിന്ധ്യ അനുകൂലികള്‍ രാജിവെച്ച ഒഴിവിലേക്കടക്കം 28 മണ്ഡലങ്ങളിലേക്കാണ് മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നന്നത്. മധ്യപ്രദേശിലെ ബി ജെ പി സര്‍ക്കാറിനും അടുത്തിടെ ബി ജെ പിയിലെത്തിയ സിന്ധ്യക്കും ഏറെ നിര്‍ണായകമാണ് തിരഞ്ഞെടുപ്പ്.