ബിഹാര്‍ രണ്ടാംഘട്ട പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം

Posted on: November 1, 2020 7:42 am | Last updated: November 1, 2020 at 11:30 am

പാറ്റ്‌ന | വാശിയേറിയ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടപ്രചരണത്തിന് ഇന്ന് കൊട്ടിക്കലാശം. സീമാഞ്ചല്‍ മേഖലയിലെ എ്് ജില്ലകളിലും സമസ്തിപൂര്‍, പട്ന, വൈശാലി, മുസാഫര്‍പൂര്‍ തുടങ്ങിയ ജില്ലകളിലുമായുള്ള 91 മണ്ഡലങ്ങളാണ് ചൊവ്വാഴ്ച പോളിംഗ് ബൂത്തിലേക്ക് പോകുക. കനത്ത സുരക്ഷയില്‍ നടക്കുന്ന വോട്ടെടുപ്പിന്റെ എല്ലാ സുരക്ഷാ നടപടികളും പൂര്‍ത്തിയായി കഴിഞ്ഞതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. എല്ലാ മണ്ഡലങ്ങളിലും കേന്ദ്രസേനയെ ഇറക്കിയിട്ടുണ്ട്.

വെസ്റ്റ് ചമ്പാരന്‍, ഈസ്റ്റ് ചമ്പാരന്‍, ദര്‍ഭംഗ, മധുബാനി, അരാരിയ, പൂര്‍ണ, കിഷന്‍ഗഞ്ച്, കതിഹാര്‍ തുടങ്ങിയവയാണ് സീമാഞ്ചലിന്റെ പരിധിയില്‍ വരുന്ന ജില്ലകള്‍. ആകെ 1463 സ്ഥാനാര്‍ത്ഥികളാണ് 91 സീറ്റുകളിലേക്ക് ജനവിധി തേടുന്നത്. പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്വാധീന മേഖലകളായ കിഷന്‍ ഗഞ്ച്, അരാരിയ, കതിഹാര്‍, പൂര്‍ണിയ തുടങ്ങിയ ജില്ലകളിലാണ് എറ്റവും ശക്തമായ പ്രചരണം നടക്കുന്നത്. എല്‍ ജെ പി 26 ഇടങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. സി പി എം, സി പി ഐ അടക്കമുള്ള ഇടത് പാര്‍ട്ടികളെ സംബന്ധിച്ച് ഈ ഘട്ടം വളരെ പ്രധാനപ്പെട്ടതാണ്. അവര്‍ മത്സരിക്കുന്ന ഏതാണ്ട് എല്ലാ മണ്ഡലങ്ങളും രണ്ടാം ഘട്ടത്തില്‍ ബൂത്തിലെത്തും.