Connect with us

Covid19

സംസ്ഥാനത്തെ കൊവിഡ് മരണ പരിശോധനാ ഫലം നല്‍കുന്ന സന്ദേശങ്ങള്‍ ഇവ

Published

|

Last Updated

സംസ്ഥാനത്ത് കൊവിഡ്- 19 ബാധിച്ച് ആഗസ്റ്റില്‍ മരിച്ച 223 പേരെ സംബന്ധിച്ച് നടത്തിയ പഠനം സുപ്രധാന സൂചനകള്‍ നല്‍കുന്നതായി ആസൂത്രണ ബോര്‍ഡംഗം ഡോ. ബി ഇക്ബാല്‍. മരിച്ചവരുടെ ശരാശരി പ്രായം 63.5 വര്‍ഷമാണ്. മാത്രമല്ല, ഇവരില്‍ അധിക പേര്‍ക്കും പ്രമേഹം, രക്താതിസമ്മര്‍ദം, ഹൃദ്രോഗം, വൃക്കരോഗം തുടങ്ങിയ അനുബന്ധ രോഗങ്ങളുമുള്ളവരായിരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

മരണ പരിശോധനാ റിപ്പോര്‍ട്ട് അനുസരിച്ച് അപായസാധ്യതയില്‍ പെട്ട (റിസ്‌ക് ഗ്രൂപ്പ്) പ്രായാധിക്യമുള്ളവരും മറ്റ് രോഗമുള്ളവരും റിവേഴ്‌സ് ക്വാറന്റൈനില്‍ യാതൊരു വിട്ടുവീഴ്ചയും നടത്തരുതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ആഗസ്റ്റ് മാസത്തിൽ മരണമടഞ്ഞ 223 പേരെ സംബന്ധിച്ച് നടത്തിയ മരണ പരിശോധന (Death Auditing) പല സുപ്രധാന സന്ദേശങ്ങളും നൽകുന്നുണ്ട്. മരണമടഞ്ഞവരുടെ ശരാശരി പ്രായം 63.5 വർഷമാണ്. പ്രമേഹം, രക്താതിമർദ്ദം, ഹൃദ്രോഗം, വൃക്കരോഗം എന്നീ അനുബന്ധരോഗമുള്ളവരാണ് മരണമടഞ്ഞതിൽ കൂടൂതൽ. മരണപരിശോധനയിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് താഴെപറയുന്ന കരുതൽ നടപടികൾ കൂടുതൽ കർശനമായി നടത്തേണ്ടതുണ്ട്.

1. അപായസാധ്യതയിൽ പെട്ട (റിസ്ക് ഗ്രൂപ്പ്) പ്രായാധിമുള്ളവരും മറ്റ് രോഗമുള്ളവരും സംരക്ഷണ സമ്പർക്ക് വിലക്കിന് (റിവേഴ് സ് ക്വാറന്റൈൻ) യാതൊരു വിട്ടുവീഴ്ചയുമില്ലാതെ വിധേയരാവേണ്ടതാണ്.
2. ആരോഗ്യ പ്രവർത്തകർ തങ്ങളുടെ പ്രവർത്തന പരിധിയിൽ വരുന്ന വീടുകളിലെ അപായസാധ്യതയുള്ളവരെ നിരന്തരം നിരീക്ഷിച്ച് കൊണ്ടിരിക്കണം.
3. നിസ്സാരമായ രോഗലക്ഷണങ്ങൾ കണ്ടാൽ പോലും അപായ സാധ്യതയുള്ളവർ കോവിഡ് ടെസ്റ്റ് നടത്താൻ ഒട്ടും വൈകരുത്..
4. ഈ വിഭാഗത്തിൽ പെട്ടവർ മരണം, കല്യാണം തുടങ്ങി ആളുകൾ കൂട്ടം കൂടി പങ്കെടുക്കുന്ന ചടങ്ങുകൾ കഴിവതും ഒഴിവാക്കണം. .
5. പ്രമേഹം, രക്താതിമർദ്ദം തുടങ്ങിയ മറ്റ് രോഗങ്ങൾക്കുള്ള ചികിത്സ മുടക്കം കൂടാതെ നടത്താൻ രോഗമുള്ളവർ പ്രത്യേകം ശ്രദ്ധിക്കണം.
6. അപായ സാധ്യതയുള്ളവരുള്ള വീട്ടിൽ നിന്നും പുറത്ത് പോയി തിരികെയെത്തുന്ന മറ്റുള്ളവർ വീട്ടിനുള്ളിലും മാസ്ക് ധരിക്കാൻ മറക്കരുത്.

സംരക്ഷണ സമ്പർക്ക് വിലക്കിന്റെ വിജയവും തന്മൂലം മരണ നിരക്ക് കുറച്ച് കൊണ്ടുവരാൻ കഴിഞ്ഞതുമാണ് കോവിഡ് നിയന്ത്രണത്തിലുള്ള കേരളത്തിന്റെ ഇത് വരെയുള്ള വിജയത്തിന്റെ കാരണം. നേരിയ തോതിലാണെങ്കിലും ഇക്കാര്യത്തിൽ അല്പം അലസത വളർന്ന് വരുന്നുണ്ടെന്നാണ് മരണ പരിശോധന ഫലം സൂചിപ്പിക്കുന്നത്. കൂടുതൽ ജാഗ്രത പുലർത്തി മരണനിരക്ക് കുറച്ച് കൊണ്ട് വരാൻ എല്ലാവരും ഒത്തൊരുമിച്ച് ശ്രമിക്കണമെന്നതിനുള്ള മുന്നറിയിപ്പായി മരണ പരിശോധനാ ഫലത്തെ കാണേണ്ടതാണ്.