ചന്ദ്രനിലെ ജല സാന്നിധ്യത്തിന് ശക്തമായ തെളിവുകളുമായി ശാസ്ത്രജ്ഞര്‍

Posted on: October 27, 2020 3:54 pm | Last updated: October 27, 2020 at 3:54 pm

വാഷിംഗ്ടണ്‍ | ചന്ദ്രനിലെ ജലസാന്നിധ്യത്തിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. മുമ്പ് കരുതിയതിനേക്കാള്‍ കൂടുതല്‍ ജലം ചന്ദ്രനിലുണ്ടാകാമെന്ന നിഗമനത്തിലാണ് ശാസ്ത്രജ്ഞര്‍. നാസയുടെതടക്കം ഈയടുത്ത് പ്രസിദ്ധീകരിച്ച രണ്ട് പഠനങ്ങളിലാണ് ഇക്കാര്യമുള്ളത്.

ഒരു പതിറ്റാണ്ട് മുമ്പ് വരെ ചന്ദ്രന്‍ വരണ്ട അവസ്ഥയിലാണെന്ന നിഗമനത്തിലായിരുന്നു ശാസ്ത്രലോകം. മുമ്പ് കരുതിയതിനേക്കാള്‍ ജല സാന്നിധ്യം ചന്ദ്രനിലുണ്ടെന്ന നിഗമനത്തിലേക്കെത്തുന്ന രണ്ട് പുതിയ പഠനങ്ങള്‍ നാച്വര്‍ ആസ്‌ട്രോണമിയാണ് പ്രസിദ്ധീകരിച്ചത്. ചന്ദ്രനിലെ ധ്രുവ മേഖലകളില്‍ കൂടുതല്‍ മഞ്ഞുകട്ടകളുണ്ടാകാമെന്നും പഠനത്തിലുണ്ട്.

ചന്ദ്രോപരിതലം സൂക്ഷ്മമായി പരിശോധിച്ചാണ് നേരത്തേ ജലസാന്നിധ്യമുണ്ടെന്ന നിഗമനമുണ്ടായിരുന്നത്. എന്നാല്‍, ഉപരിതലത്തിലുള്ളത് ജലമാണോ ഹൈഡ്രോക്‌സില്‍ ആണോ എന്നത് വേര്‍തിരിക്കാന്‍ സാധിച്ചിരുന്നില്ല. അതേസമയം, പുതിയ പഠനത്തില്‍ ചന്ദ്രനില്‍ ജലകണികയുണ്ടെന്നതിന് കൂടുതല്‍ രാസ തെളിവുകള്‍ ലഭിച്ചു. സൂര്യപ്രകാശം തട്ടുന്നയിടങ്ങളില്‍ പോലും വെള്ളമുണ്ടെന്ന് കണ്ടെത്തി.

സ്ട്രാറ്റോസ്‌ഫെറിക് ഒബ്‌സര്‍വേറ്ററി ഫോര്‍ ഇന്‍ഫ്രാറെഡ് ആസ്‌ട്രോണമി (സോഫിയ) ദൂരദര്‍ശനിയിലെ വിവരങ്ങള്‍ ഉപയോഗിച്ചാണ് കൂടുതല്‍ കൃത്യതയോടെ ചന്ദ്രോപരിതലം ശാസ്ത്രജ്ഞര്‍ പരിശോധിച്ചത്. നേരത്തേ ഉപയോഗിച്ച തരംഗ ദൈര്‍ഘ്യമായ മൂന്ന് മൈക്രോണിന് പകരം ആറ് മൈക്രോണ്‍ ഉപയോഗിച്ചാണ് പരിശോധിച്ചത്.