Connect with us

Kerala

നിക്ഷേപ തട്ടിപ്പ്: എം സി ഖമറുദ്ദീന്റെ ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

Published

|

Last Updated

കൊച്ചി | ഫാഷന്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ വഞ്ചനാകുറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലീഗ് എം എല്‍ എ എം സി ഖമറുദ്ദീന്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിക്ഷേപകരുമായുള്ള കരാര്‍ പാലിക്കുന്നതില്‍ മാത്രമാണ് വീഴ്ച സംഭവിച്ചതെന്നും അത് സിവില്‍ കേസ് ആണെന്നമാണ് ഖമറുദ്ദിന്റെ ന്യായം.

എന്നാല്‍ ജ്വല്ലറി ചെയര്‍മാന്‍ ഖമറുദ്ദീന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ ക്രിമിനല്‍ കേസ് നിലനില്‍ക്കുമെന്ന് ചൂണ്ടിക്കാട്ടി അന്വേഷണസംഘം എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഇതിനാവശ്യമായ തെളിവുകളും ഇവര്‍ ഹാജരാക്കിയിട്ടുണ്ട്.
ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് 88 കേസുകളാണ് ഖമറുദ്ദീന്റെ പേരിലുള്ളത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു എം എല്‍ എക്കെതിരെ ഇത്രയും വഞ്ചാനാ കുറ്റം ചുമത്തപ്പെടുന്നത്. കഴിഞ്ഞ ആഗസ്റ്റ് 27നാണ് ഖമറുദ്ദീനെതിരെ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. രണ്ടു മാസം കഴിയുമ്പോഴേക്കും ചന്തേര, കാസര്‍ഗോഡ്, പയ്യന്നൂര്‍ പോലീസ് സ്റ്റേഷനുകളിലായാണ് ഇത് 88 ആയി ഉയര്‍ന്നത്.

അതേസമയം, പ്രതികളുടെ അറസ്റ്റ് വൈകുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് നിക്ഷേപകരുടെ തീരുമാനം. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടലാണ് പരാതിക്കാര്‍ ആവശ്യപ്പെടുന്നത്.