സ്വര്‍ണക്കടത്ത് കേസ്: തന്റെ പേര് വലിച്ചിഴക്കുന്നത് രാഷ്ട്രീയ ഗൂഢാലോചനയെന്ന് കാരാട്ട് റസാഖ് എം എല്‍ എ

Posted on: October 26, 2020 11:23 am | Last updated: October 26, 2020 at 12:52 pm

കോഴിക്കോട് | സ്വര്‍ണക്കടത്ത് കേസിലേക്ക് തന്റെ പേര് വലിച്ചിഴക്കുന്നത് രാഷ്ട്രീയ ഗൂഢാലോചനയെന്ന് കാരാട്ട് റസാഖ് എം എല്‍ എ. കേസിലെ പ്രതികളുമായി തനിക്ക് യാതൊരു ബന്ധവുമില്ല. റമീസിനേയോ മറ്റ് പ്രതികളെയോ ഇതുവരെ കണ്ടിട്ടു പോലുമില്ലെന്നും എം എല്‍ എ പറഞ്ഞു. കേസിലെ മുഖ്യ പ്രതികളിലൊരാളായ സന്ദീപ് നായരുടെ ഭാര്യ കസ്റ്റംസിന് നല്‍കിയ മൊഴിയില്‍ തന്റെ പേര് പരാമര്‍ശിച്ചുവെന്നാണ് പറയുന്നത്. പ്രതിയുടെ ഭാര്യയല്ലല്ലോ ഇത് പറയേണ്ടതെന്നും ആരോപണം അടിസ്ഥാന രഹിതമാണെന്ന് ഇതില്‍ നിന്നു തന്നെ വ്യക്തമാണെന്നും കാരാട്ട് റസാഖ് പറഞ്ഞു. ലീഗ് എം എല്‍ എക്കെതിരായ ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അന്വേഷണ ഏജന്‍സികള്‍ തന്നെ ഇതുവരേയും ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സന്ദീപ് നായരുടെ ഭാര്യ സൗമ്യ കസ്റ്റംസിന് നല്‍കിയ മൊഴിയില്‍ കാരാട്ട് റസാഖിന്റെ പേരുണ്ടെന്ന നിലയിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. സന്ദീപ് തന്നോട് പറഞ്ഞതില്‍ കെ ടി റമീസിന്റെയും ഒരു എം എല്‍ എയുടെയും പേരുണ്ടായിരുന്നുവെന്നും ഇവര്‍ ഒരു സംഘമായാണ് പ്രവര്‍ത്തിച്ചതെന്നും റമീസ് വഴിയായിരുന്നു ഇടപെടലെന്നുമാണ് സൗമ്യയുടെ മൊഴി. ഈ മൊഴിയടങ്ങിയ റിപ്പോര്‍ട്ട് കസ്റ്റംസ് കേന്ദ്രത്തിന് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടില്‍ കാരാട്ട് റസാക്കിന്റെ പേര് കാനാട്ട് റസാക്ക് എന്നാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇത് ക്ലെറിക്കല്‍ തെറ്റ് മാത്രമാണെന്നാണ് കസ്റ്റംസ് വൃത്തങ്ങള്‍ പറയുന്നത്.