Connect with us

Sports

അടിച്ചുകൂട്ടി സ്റ്റോക്സും സാംസണും; രാജസ്ഥാന് വമ്പൻ ജയം

Published

|

Last Updated

അബുദബി | അർധ സെഞ്ച്വറിയുമായി സഞ്ജു സാംസണിന്റെയും സെഞ്ച്വറിയുമായി ബെന്‍ സ്റ്റോക്‌സിന്റെയും വമ്പനടിയില്‍ വമ്പന്മാരായ മുംബൈ ഇന്ത്യന്‍സിനെതിരെ പോയിന്റ് പട്ടികയില്‍ അവസാനമുള്ള രാജസ്ഥാന്‍ റോയല്‍സിന് എട്ട് വിക്കറ്റ് വിജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത മുംബൈ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 195 എന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

രാജസ്ഥാന്‍ ബാറ്റിംഗ് നിരയില്‍ ഉത്തപ്പയും സ്മിത്തും നേരത്തേ കൂടാരം കയറിയെങ്കിലും ക്ഷമയോടെ കളിച്ച സ്‌റ്റോക്‌സും സാംസണും താളം കണ്ടെത്തുകയും സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കുകയുമായിരുന്നു. സ്റ്റോക്‌സ് ആണ് മുന്നില്‍ നിന്ന് നയിച്ചത്. സ്‌റ്റോക്ക്‌സ് അര്‍ധ സെഞ്ച്വറി നേടിയതിന് ശേഷമാണ് സാംസണ്‍ വമ്പനടികള്‍ക്ക് തുനിഞ്ഞത്. സ്റ്റോക്സ് 107ഉം സാംസൺ 54ഉം റൺസെടുത്തു.

പുറത്താകാതെ ഹര്‍ദിക് പാണ്ഡ്യ നേടിയ 60 റണ്‍സ് ആണ് മുംബൈക്ക് ശക്തമായ സ്‌കോര്‍ സമ്മാനിച്ചതില്‍ പ്രധാന പങ്ക് വഹിച്ചത്. വെടിക്കെട്ട് താരം ഡികോക്ക് ആറ് റണ്‍സിന് പുറത്തായെങ്കിലും സൂര്യകുമാര്‍ യാദവ്, ഇശാന്‍ കിഷന്‍, സൗരഭ് തിവാരി എന്നിവര്‍ മികച്ച സ്‌കോര്‍ നേടി. ഇഷാന്‍ 37ഉം യാദവ് 40ഉം തിവാരി 34ഉം റണ്‍സ് നേടി. ക്യാപ്റ്റന്‍ പൊള്ളാര്‍ഡ് ആറ് റണ്‍സ് മാത്രമാണ് എടുത്തത്.

രാജസ്ഥാന്റെ ബോളിംഗ് നിരയില്‍ ഡികോക്കിന്റെതടക്കം രണ്ട് വിക്കറ്റുകള്‍ ആര്‍ച്ചര്‍ നേടി. ശ്രേയാസ് ഗോപാലും രണ്ട് വിക്കറ്റെടുത്തു. കാര്‍ത്തിക് ത്യാഗിക്കാണ് ഒരു വിക്കറ്റ്.

Latest