യു പിയില്‍ തന്റെ വാഹന വ്യൂഹത്തിന് നേരെ വെടിവെപ്പുണ്ടായെന്ന് ചന്ദ്രശേഖര്‍ ആസാദ്

Posted on: October 25, 2020 9:59 pm | Last updated: October 26, 2020 at 12:12 pm

ലക്‌നോ | ഉത്തര്‍ പ്രദേശിലെ ബുലന്ദ്ശഹര്‍ ജില്ലയില്‍ വെച്ച് തന്റെ പാര്‍ട്ടിയുടെ വാഹനങ്ങള്‍ക്ക് നേരെ വെടിവെപ്പുണ്ടായെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ഇന്ന് വൈകിട്ട് ട്വിറ്ററിലാണ് ആസാദ് ഇക്കാര്യം അറിയിച്ചത്. അടുത്ത മാസം മൂന്നിന് നടക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണത്തില്‍ സംബന്ധിക്കുമ്പോഴായിരുന്നു സംഭവം.

വെടിവെപ്പ് സമയം ആസാദ് വാഹനത്തിലുണ്ടായിരുന്നോ എന്നത് വ്യക്തമല്ല. ബുലന്ദ്ശഹര്‍ തിരഞ്ഞെടുപ്പിലെ തങ്ങളുടെ സ്ഥാനാര്‍ഥിയെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭയപ്പെടുത്തുകയാണെന്നും ഇന്നത്തെ പ്രചാരണം അവരെ ആശങ്കപ്പെടുത്തിയിട്ടുണ്ടെന്നും ആസാദ് ട്വീറ്റ് ചെയ്തു. അതിനാലാണ് ഭീരുത്വം നിറഞ്ഞ ഈ വെടിവെപ്പ്.

ബുലന്ദ്ശഹര്‍ ഉപതിരഞ്ഞെടുപ്പില്‍ ഹാജി യമീനിനെയാണ് ആസാദ് സ്ഥാനാര്‍ഥിയായ നാമനിര്‍ദേശം ചെയ്തത്. ബിഹാറില്‍ 30 സീറ്റുകളില്‍ അദ്ദേഹത്തിന്റെ ആസാദ് സമാജ് പാര്‍ട്ടി മത്സരിക്കുന്നുണ്ട്. ദളിത്- ന്യൂനപക്ഷ വോട്ടുകളില്‍ കേന്ദ്രീകരിക്കുന്ന ചന്ദ്രശേഖര്‍ ആസാദിന്റെ രാഷ്ട്രീയ കാല്‍വെപ്പ് നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പുകള്‍ കൂടിയാണിത്.