നവംബര്‍ മുതല്‍ കേരളത്തില്‍ നിന്ന് സഊദിയിലേക്ക് നേരിട്ട് വിമാന സര്‍വ്വീസ്

Posted on: October 24, 2020 4:41 pm | Last updated: October 24, 2020 at 4:41 pm

ദമാം | കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നും സഊദിയിലേക്ക് നിര്‍ത്തിവെച്ച അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ അടുത്തമാസം ആദ്യം പുനരാരംഭിക്കുന്നു . സഊദി വിമാന കമ്പനിയാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. കൊച്ചി , ദല്‍ഹി, മുംബൈ എന്നിവിടങ്ങളിലേക്കാണ് രണ്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് . ഒക്ടോബര്‍ ആദ്യവാരത്തില്‍ യൂറോപ്പ്, യു എസ്, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് തുടങ്ങിയ 20 രാജ്യങ്ങളിലേക്ക് സര്‍വ്വീസുകള്‍ ആരംഭിച്ചിരുന്നു.

അവധിക്കായി നാട്ടിലേക്ക് മടങ്ങിയ ആയിരക്കണക്കിന് ആളുകളാണ് യാത്രാ വിലക്ക് നിലനില്‍ക്കുന്നതിനാല്‍ സഊദിയിലേക്ക് മടങ്ങാന്‍ കഴിയാതെ കഴിയുന്നത്. മടക്ക യാത്ര മുടങ്ങിയവരുടെ ഇഖാമ , റീ-എന്‍ട്രി എന്നിവ ഓണ്‍ലൈന്‍ വഴി പുതുക്കുന്നതിന് സൗകര്യം പാസ്‌പ്പോര്‍ട്ട് മന്ത്രാലയം ഏര്‍പ്പെടുത്തിരിരുന്നു. നിലവില്‍ സഊദിയില്‍ നിന്നും ഇന്ത്യയിലേക്ക് വന്ദേഭാരത് മിഷന് കീഴിലെ വിമാന സര്‍വ്വീസുകള്‍ വഴിയാണ് ആളുകള്‍ നാട്ടിലേക്ക് മടങ്ങുന്നത്. കൊവിഡ് മുന്‍കരുതല്‍ നടപടി ക്രമങ്ങള്‍ പാലിച്ചായിരിക്കും സര്‍വ്വീസുകള്‍ ആരംഭിക്കുക.