അസീറിലെ തനൂമ മലയില്‍ തീപ്പിടിത്തം; പുല്‍മേടുകള്‍ കത്തിനശിച്ചു

Posted on: October 23, 2020 10:32 pm | Last updated: October 23, 2020 at 10:32 pm

അസീര്‍ | അസീറിലെ തനൂമ മലയില്‍ തീപ്പിടിത്തം. തീ നിയന്ത്രണ വിധേയമാക്കിയതായി അസീര്‍ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍, ലെഫ്റ്റനന്റ് ജനറല്‍ സുലൈമാന്‍ അല്‍ അംറോ അറിയിച്ചു. തനൂമ ഗവര്‍ണറേറ്റിലെ വടക്ക് ഭാഗത്തുള്ള അല്‍-ദഹാര ഗ്രാമത്തിലെ ജബല്‍ ഗുലാമെയില്‍ മലയിലാണ് തീ പ്പിടിത്തമുണ്ടായത്. ശക്തമായ കാറ്റാണ് തീ വേഗത്തില്‍ ആളിപ്പടര്‍ന്ന് കൂടുതല്‍ പ്രദേശത്തേക്ക് വ്യാപിക്കാന്‍ ഇടയാക്കിയത്.

പാറക്കെട്ടുകള്‍ നിറഞ്ഞ പ്രദേശങ്ങളില്‍ തീയണക്കല്‍ ദുഷ്‌കരമായ സാഹചര്യത്തില്‍ നിയന്ത്രണ വിധേയമാക്കുന്നതിനായി സഊദി അറാംകോയുടെ വിമാനങ്ങളും പങ്കെടുത്തു. അസീര്‍ മേഖലാ ഗവര്‍ണറായിരുന്ന പ്രിന്‍സ് തുര്‍ക്കി ബിന്‍ തലാല്‍ ബിന്‍ അബ്ദുല്‍ അസീസിന്റെ നേതൃത്വത്തില്‍ രൂപവത്ക്കരിച്ച ഫീല്‍ഡ് കമാന്‍ഡിംഗ് സംഘമാണ് രക്ഷാ ദൗത്യത്തിന് രംഗത്തുണ്ടായിരുന്നത്. തീപ്പിടിത്തത്തില്‍ ഹെക്ടര്‍ കണക്കിന് പുല്‍മേടുകള്‍ കത്തിനശിച്ചു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.