Connect with us

Editorial

ഹൃദ്രോഗം പിടിമുറുക്കുന്ന കേരളം

Published

|

Last Updated

ആരോഗ്യ രംഗത്ത് ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ മുന്നിലാണ് കേരളം. അതേസമയം, രാജ്യത്ത് കൂടുതല്‍ ഹൃദ്രോഗികളുള്ളതും ഹൃദ്രോഗ മരണങ്ങള്‍ കൂടുതല്‍ നടക്കുന്നതും കേരളത്തില്‍ തന്നെ. സംസ്ഥാനത്തെ മരണങ്ങളില്‍ 14 ശതമാനവും ഹൃദ്രോഗത്തെ തുടര്‍ന്നാണെന്ന് പഠനങ്ങള്‍ കാണിക്കുന്നു. കേരളത്തില്‍ 30 വയസ്സിന് മുകളിലുള്ള 15 ശതമാനത്തിന് ഹൃദയാഘാതം ഉണ്ടാകുമ്പോള്‍ വടക്കന്‍ സംസ്ഥാനങ്ങളില്‍ ഇത് ഒന്നോ രണ്ടോ ശതമാനമാണ്. ഒരു ലക്ഷം കേരളീയരില്‍ 382 പുരുഷന്മാരും 128 സ്ത്രീകളും ഹൃദ്രോഗികളാണ്. വികസിത രാജ്യങ്ങളേക്കാളും കൂടുതല്‍ വരുമിത്. പാശ്ചാത്യ രാജ്യങ്ങളില്‍ ശരാശരി 60 വയസ്സിലാണ് ഹൃദ്രോഗത്തിന്റെ തുടക്കമെങ്കില്‍ കേരളത്തിലത് 30 വയസ്സ് മുതലാണ്. ഹൃദ്രോഗത്തിന്റെ തലസ്ഥാനമെന്നാണ് ഇപ്പോള്‍ കേരളം വിശേഷിപ്പിക്കപ്പെടുന്നത്.

തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി നാല് ദിവസം മുമ്പ് പുറത്തുവിട്ട പഠന റിപ്പോര്‍ട്ട് പ്രകാരം മദ്യപാനം, പുകവലി, പൊണ്ണത്തടി എന്നിവയാണ് ഹൃദ്രോഗ വര്‍ധനക്ക് മുഖ്യകാരണങ്ങള്‍. 30 വയസ്സിന് താഴെയുള്ളവരെ പോലും ഹൃദ്രോഗികളാക്കുന്നു ഈ ശീലങ്ങള്‍. 30 വയസ്സിന് താഴെയുള്ള ഹൃദ്രോഗികളില്‍ 64 ശതമാനം പുകവലിക്കാരും 21 ശതമാനം മദ്യപാനികളുമാണ്. വിദ്യാസമ്പന്നരെങ്കിലും പുകവലിക്കാരാണ് മലയാളികളില്‍ ഇപ്പോഴും നല്ലൊരു ശതമാനവും. നിക്കോട്ടിന്‍ വലിയ തോതില്‍ ഹൃദ്രോഗത്തിന് കാരണമാകുന്നുവെന്ന് അവര്‍ ഓര്‍ക്കുന്നില്ല. ഹൃദ്രോഗം ബാധിക്കുന്ന യുവാക്കളില്‍ 30 ശതമാനം പത്ത് വര്‍ഷത്തിനിടയിലും 48 ശതമാനം 20 വര്‍ഷത്തിനിടയിലും മരണപ്പെടുന്നതായും പഠനത്തില്‍ കണ്ടെത്തി. 1978നും 2017നും ഇടയില്‍ ശ്രീചിത്രയില്‍ ഹൃദ്രോഗ ലക്ഷണങ്ങളുമായെത്തി ആന്‍ജിയോഗ്രാഫിക് ടെസ്റ്റിന് വിധേയരായവരില്‍ നടത്തിയ പഠനത്തിലെ കണ്ടെത്തലുകളാണിത്.

തെറ്റായ ജീവിത ശൈലിയും ഹൃദ്രോഗത്തെ ക്ഷണിച്ചു വരുത്തുന്നു. 1960-70കളില്‍ കേരളത്തില്‍ 40 വയസ്സിന് മുമ്പ് ഹാര്‍ട്ട് അറ്റാക്ക് വിരളമായിരുന്നു. 1990 ആയപ്പോള്‍ ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുന്ന പുരുഷന്‍മാരുടെ സംഖ്യ 40 മടങ്ങായി വര്‍ധിച്ചു. സംസ്ഥാനത്ത് 20 ശതമാനം ഹാര്‍ട്ട് അറ്റാക്കും 50 വയസ്സിന് താഴെയുള്ളവരിലാണ്. തെറ്റായ ജീവിത ശൈലിക്കും ഭക്ഷ്യശീലത്തിനും ഇതില്‍ മുഖ്യപങ്കുണ്ട്. ഒട്ടേറെ പോഷക ഗുണങ്ങളുള്ളതും ശരീരത്തിന്റെ ആരോഗ്യം കാത്തുസൂക്ഷിച്ചിരുന്നതുമായ പഴയകാല ഭക്ഷ്യരീതിയില്‍ നിന്ന് ശരീരത്തെ ഇഞ്ചിഞ്ചായി കൊല്ലുന്ന ഫാസ്റ്റ് ഫുഡ് സംസ്‌കാരത്തിലേക്ക് മാറിയിരിക്കുന്നു ഇന്ന് മലയാളികള്‍. തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ കുടുംബിനികള്‍ക്ക് വീട്ടില്‍ ഭക്ഷണം ഉണ്ടാക്കാന്‍ സമയമില്ല.

മിക്കവരും അടുത്ത ഫാസ്റ്റ് ഫുഡ് കടകളില്‍ നിന്ന് ഭക്ഷണങ്ങള്‍ ഓര്‍ഡര്‍ ചെയ്ത് വരുത്തുകയാണ്. കൂടിയ അളവില്‍ എരിവ്, പുളി, മസാലകള്‍, ഉപ്പ്, രുചിവര്‍ധന വസ്തുക്കള്‍ എന്നിവ ചേര്‍ത്ത ഭക്ഷണങ്ങള്‍, വറുത്ത എണ്ണയില്‍ വീണ്ടും പൊരിക്കുന്നവ, കുപ്പിയിലും പാക്കറ്റുകളിലുമായി സംസ്‌കരിച്ച ഭക്ഷണ പദാര്‍ഥങ്ങള്‍, മായം ചേര്‍ന്ന പാനീയങ്ങള്‍ എന്നിവ ശരീരത്തെ ദുര്‍ബലപ്പെടുത്തുകയും ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കുകയും ചെയ്യുന്നു.

എണ്ണയില്‍ പൊരിച്ചെടുത്ത് പാതിയെണ്ണയോടെ നമ്മുടെ മുന്നിലെത്തുന്ന മാംസങ്ങളിലും മറ്റും ഒരു വ്യക്തിക്കാവശ്യമുള്ളതിലധികം കൊഴുപ്പാണ് അടങ്ങിയിരിക്കുന്നത്. ശരീരത്തിനാവശ്യമായ മറ്റു ഘടകങ്ങള്‍ ലഭിക്കുന്നുമില്ല. ഹൃദയത്തിന്റെ സ്വാഭാവിക പ്രവര്‍ത്തനത്തിന് നിലക്കാത്ത രക്തപ്രവാഹം ആവശ്യമാണ്. ഫാസ്റ്റ് ഫുഡുകളിലെ ഉയര്‍ന്ന തോതിലുള്ള കൊഴുപ്പ് ഹൃദയ ധമനികളുടെ ഭിത്തികളില്‍ അടിഞ്ഞുകൂടി രക്തപ്രവാഹത്തെ തടസ്സപ്പെടുത്താനും രക്തം കട്ടപിടിക്കാനും ഇടയാക്കും. രക്തയോട്ടം നില്‍ക്കുന്നതോടെ ഹൃദയത്തിലേക്കുള്ള ഓക്‌സിജന്റെയും പോഷക വസ്തുക്കളുടെയും വിതരണവും സ്തംഭിക്കുന്നതാണ് ഹൃദയാഘാതത്തിന്റെ പ്രധാന കാരണം.

ഹൃദ്രോഗത്തിന്റെ പ്രധാന കാരണങ്ങളിലൊന്നായ പൊണ്ണത്തടിയും ഫാസ്റ്റ് ഫുഡ് ശൈലിയും തമ്മില്‍ ബന്ധമുണ്ട്. അനാവശ്യമായി ശരീരത്തില്‍ അടിഞ്ഞുകൂടുന്ന കലോറി ശരീരം തന്നെ പുന്തള്ളാറുണ്ട് സാധാരണ രീതിയില്‍. എന്നാല്‍ ഇന്നത്തെ ഭക്ഷണ രീതി ശരീരത്തിന് പുറന്തള്ളാന്‍ കഴിയാത്ത വിധത്തില്‍ കലോറി ശരീരത്തില്‍ അടിഞ്ഞുകൂടാന്‍ ഇടയാക്കുന്നു. ഇതാണ് അമിത വണ്ണത്തിന് വഴിയൊരുക്കുന്നത്. ഇന്ത്യയില്‍, പ്രത്യേകിച്ചും പ്രായം കുറഞ്ഞവരില്‍ അമിത വണ്ണം വര്‍ധിച്ചു വരികയാണ്. അടുത്ത കാലത്തായി നടന്ന പഠനങ്ങളില്‍ രാജ്യത്തെ കുട്ടികളില്‍ 20 ശതമാനത്തോളം പേരും അമിത വണ്ണമുള്ളവരാണെന്ന് കണ്ടെത്തുകയുണ്ടായി. അമിത വണ്ണത്തിന്റെ തുടര്‍ച്ചയാണ് ബ്ലഡ് പ്രഷറും ഹാര്‍ട്ട് അറ്റാക്കിനുള്ള സാധ്യതയും.

ചികിത്സാരംഗം വളരെയേറെ വളരുകയും നിരവധി ആധുനിക ചികിത്സാ രീതികള്‍ ഉടലെടുക്കുകയും ചെയ്തിട്ടുണ്ടെങ്കിലും പലപ്പോഴും ഹൃദ്രോഗത്തെ തടുക്കാന്‍ അത് പര്യാപ്തമാകണമെന്നില്ല. ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ താറുമാറാകാതിരിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം എണ്ണ, പഞ്ചസാര, ഉപ്പ്, മൈദ തുടങ്ങിയവയുടെ ഉപയോഗവും ജങ്ക് ഫുഡും പരമാവധി ഒഴിവാക്കുകയെന്നതാണ്. മദ്യപാനം, പുകവലി തുടങ്ങിയ ലഹരികളെ ജീവിതത്തില്‍ നിന്ന് അകറ്റി നിര്‍ത്തുക. മാനസിക സമ്മര്‍ദം ഒഴിവാക്കി മനസ്സിനെ ശാന്തമാക്കുക തുടങ്ങിയവയാണ് രോഗങ്ങളില്‍ നിന്ന് ഹൃദയത്തെ സംരക്ഷിക്കാന്‍ ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്ന മാര്‍ഗം.

ഹൃദ്രോഗ പ്രതിരോധ പ്രവര്‍ത്തനത്തില്‍ നല്ലൊരു മാതൃകയാണ് ഫിന്‍ലാന്‍ഡ്. നേരത്തേ ഹൃദ്രോഗം ഉയര്‍ന്ന രാജ്യമായിരുന്നു ഇത്. രോഗികളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നപ്പോള്‍ കൊഴുപ്പും ഉപ്പും കൂടിയ പാക്കറ്റ് ഭക്ഷണ പദാര്‍ഥങ്ങള്‍ക്ക് ഭരണകൂടം കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. പുകയില ഉത്പന്നങ്ങള്‍ക്കും നിയന്ത്രണം കൊണ്ടുവന്നു. സ്‌കൂള്‍ പാഠ്യപദ്ധതിയിലടക്കം ഹൃദ്രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി. രണ്ട് പതിറ്റാണ്ട് കൊണ്ട് ലോകത്തിലെ തന്നെ ഹൃദ്രോഗം ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലൊന്നായി ഫിന്‍ലാന്‍ഡ് മാറിയെന്നതായിരുന്നു ഫലം.

Latest