Connect with us

Covid19

ലോകത്ത് കൊവിഡില്‍ നഷ്ടമായത് 11,28,896 മനുഷ്യ ജീവനുകള്‍

Published

|

Last Updated

വാഷിംഗ്ടണ്‍ | മഹാമാരിയായ കൊവിഡ് 19 മൂലം ലോകത്ത് ഇതിനകം പതിനൊന്നേ കാല്‍ ലക്ഷത്തിന് മുകളില്‍ പേര്‍ മരണപ്പെട്ടതായി കണക്കുകള്‍. കൃത്യമായി പറഞ്ഞാല്‍ 11,28,896 പേരുടെ ജീവനാണ് വൈറസെടുത്തത്. 4,10,22,382 പേര്‍ ഇതിനകം വൈറസിന്റെ പിടിയിലകപ്പെട്ടു. ഇതില്‍ 3,06,16,934 പേര്‍ രോഗമുക്തി നേടി. ഏറ്റവും കൂടുതല്‍ രോഗികളുള്ള അമേരിക്കയില്‍ 85 ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 2,26,137 പേര്‍ മരിച്ചു. സുഖം പ്രാപിച്ചവരുടെ എണ്ണം 55 ലക്ഷം പിന്നിട്ടു.

രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയില്‍ തീവ്ര കൊവിഡ് വ്യാപനത്തില്‍ കുറവുണ്ടായിട്ടുണ്ട്. 76 ലക്ഷത്തിന് മുകളിലാണ് ഇന്ത്യയിലെ കൊവിഡ് കേസ്. ഇതില്‍ 67 ലക്ഷത്തില്‍പ്പരം പേര്‍ രോഗമുക്തി കൈവരിച്ചു. ഇതുവരെ 9.6 കോടി കൊവിഡ് പരിശോധനകള്‍ നടത്തിയതായി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ അറിയിച്ചു.

കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്ത് ഇപ്പോഴും ബ്രസീല്‍ തന്നെയാണ്. രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 52 ലക്ഷം പിന്നിട്ടു. ഒന്നര ലക്ഷത്തിലധികം പേര്‍ മരണമടഞ്ഞു.രോഗമുക്തി നേടിയവരുടെ എണ്ണം 47 ലക്ഷം കടന്നു.
കൊവിഡ് വ്യാപനം രൂക്ഷമായതോടെ അയര്‍ലന്‍ഡില്‍ വീണ്ടും ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തി. രണ്ടാമതും ലോക്ക്ഡൗണില്‍ പ്രവേശിക്കുന്ന ആദ്യ യൂറോപ്യന്‍ യൂണിയന്‍ രാജ്യമാണ് അയര്‍ലന്‍ഡ്. ആറ് ആഴ്ചത്തേക്കാണ് അടച്ചിടലെന്ന് പ്രധാനമന്ത്രി മൈക്കിള്‍ മാര്‍ട്ടിന്‍ അറിയിച്ചു.