Connect with us

Editorial

തൊഴിലുറപ്പ് പദ്ധതിയിലെ തട്ടിപ്പും വെട്ടിപ്പും

Published

|

Last Updated

മധ്യപ്രദേശിലെ ഖാര്‍ഗോന്‍ ജില്ലയില്‍ തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍ ഓട നിര്‍മിക്കുന്ന തൊഴിലാളികളുടെ പട്ടികയില്‍ ബോളിവുഡ് നടി ദീപിക പദുക്കോണ്‍ സ്ഥലം പിടിച്ച വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നു. സോനുശാന്തിലാല്‍ എന്ന പേരിലുള്ള തൊഴിലുറപ്പ് കാര്‍ഡിലാണ് ദീപികയുടെ ചിത്രം സ്ഥലം പിടിച്ചത്. മനോജ് ദുബെ തുടങ്ങി പന്ത്രണ്ടോളം ആളുകളുടെ പേരിലുള്ള വ്യാജകാര്‍ഡുകളിലും സിനിമാ താരങ്ങളുടെ ഫോട്ടോകളാണത്രെ പതിച്ചത്. ഈ കാര്‍ഡുകള്‍ ഉപയോഗിച്ച് തൊഴിലാളികളുടെ കൂലിയിനത്തില്‍ ലക്ഷക്കണക്കിന് രൂപ ബേങ്കില്‍ നിന്ന് പിന്‍വലിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. ഇതെങ്ങനെ സംഭവിച്ചുവെന്ന് തങ്ങള്‍ക്കറിയില്ലെന്നാണ് ശാന്തിലാല്‍ ഉള്‍പ്പെടെ ഈ വ്യാജ കാര്‍ഡുകളില്‍ പേരുള്ളവര്‍ പറയുന്നത്. തൊഴിലുറപ്പ് പദ്ധതി പ്രകാരം ഒരു ദിവസത്തെ കൂലി പോലും കൈപറ്റിയിട്ടില്ലെന്നും ഇവര്‍ പറയുന്നു. ക്രിക്കറ്റ് രാജാക്കന്മാരായ സച്ചിന്‍ടെന്‍ഡുല്‍ക്കര്‍, കപില്‍ദേവ്, രാഹുല്‍ ദ്രാവിഡ്, സച്ചിന്റെ ഭാര്യ അഞ്ജലി തുടങ്ങിയവരുടെ പേരില്‍ തൊഴിലുറപ്പ് കാര്‍ഡുള്ളതായി 2014ല്‍ “ഗോവ പരിവര്‍ത്തന്‍ മഞ്ച്” എന്ന സര്‍ക്കാറേതര സംഘടന നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
2011ല്‍ ഝാര്‍ഖണ്ഡില്‍ ജലസേചനത്തിനുള്ള കനാല്‍ വെട്ടുന്നതിന് കൂലി കൈപറ്റിയവരുടെ ഗണത്തില്‍ ബംഗാളി സിംഗ് എന്നൊരു കര്‍ഷകന്റെ പേരുമുണ്ടായിരുന്നു. കനാല്‍ പണി നടക്കുന്നതിന്റെ അഞ്ച് വര്‍ഷം മുമ്പ് 2006ല്‍ മരണപ്പെടുകയും ഗംഗാ നദീതീരത്ത് ആളിക്കത്തിയ ചിതയില്‍ ഒരു പിടി ഭസ്മമായി മാറുകയും ചെയ്തതാണ് ഈ ദേഹം. പ്രസ്തുത വെട്ടിപ്പിനെക്കുറിച്ച് അന്വേഷണം നടത്തിയ പോലീസുദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയത്, ശാരീരിക ശേഷിക്കുറവുള്ള ഒരു ബാലന്‍, അന്ധനായ 94 വയസ്സുകാരന്‍, പരേതര്‍ തുടങ്ങി അഞ്ഞൂറോളം വ്യാജ പേരുകള്‍ അന്ന് ഈ ജോലി നടന്ന പ്രദേശത്തെ തൊഴിലുറപ്പുകാരുടെ പട്ടികയില്‍ സ്ഥാനം പിടിച്ചിരുന്നുവെന്നാണ്.

കേരളത്തിലുമുണ്ട് തട്ടിപ്പും വെട്ടിപ്പും ലക്ഷ്യമാക്കി തൊഴിലുറപ്പ് കാര്‍ഡ് സ്വന്തമാക്കിയവര്‍. അടുത്തിടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പോപ്പുലര്‍ ഫിനാന്‍സ് ഉടമ എം ഡി തോമസ് ഡാനിയേല്‍ കൈവശപ്പെടുത്തിയിട്ടുണ്ട് തൊഴിലുറപ്പ് കാര്‍ഡ്. കോന്നി ഗ്രാമപഞ്ചായത്ത് 13ാം വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളിയെന്ന് തെളിയിക്കുന്ന കാര്‍ഡാണ് 2011-12 കാലഘട്ടത്തില്‍ അദ്ദേഹം സമ്പാദിച്ചത്. സാമ്പത്തിക തട്ടിപ്പിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായാണ് ഇത് സംഘടിപ്പിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. സാമ്പത്തിക തട്ടിപ്പില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്താല്‍ കോടതിയില്‍ പാപ്പര്‍ ഹരജി നല്‍കുന്ന വേളയില്‍ തെളിവിനായി ഈ കാര്‍ഡ് ഹാജരാക്കാമല്ലോ.

കേരളത്തില്‍ കണ്ണൂര്‍ ജില്ലയിലെ കാണിച്ചാര്‍ പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ തട്ടിപ്പ് നടത്തിയതിന് പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, തൊഴിലുറപ്പ് പദ്ധതി അസിസ്റ്റന്റ് എന്‍ജിനീയര്‍, ഓവര്‍സീയര്‍ എന്നിവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. പഞ്ചായത്തിലെ ചെങ്ങോം- ഇളമ്പാടി കോളനി റോഡ് തൊഴിലുറപ്പ് പദ്ധതിയില്‍ കോണ്‍ക്രീറ്റ് പണി ചെയ്തതായി വ്യാജ രേഖയുണ്ടാക്കി പണം തട്ടിയെന്നാണ് കേസ്. നടവഴി മാത്രമുള്ള ഈ സ്ഥലത്ത് ഒരു ജോലി പോലും ചെയ്യാതെ, കഴിഞ്ഞ മാര്‍ച്ച് 19 മുതല്‍ 25 വരെ 13 തൊഴിലാളികള്‍ ജോലി ചെയ്തതായി രേഖയുണ്ടാക്കി 21,000 രൂപ ഇവരുടെ ബേങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുകയായിരുന്നു. തൊഴിലുറപ്പ് പദ്ധതി പ്രകാരം തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥലത്ത് മസ്റ്റര്‍റോള്‍ സൂക്ഷിക്കേണ്ടതുണ്ട്. ഇതില്‍ ദിവസേന ജോലിക്ക് മുമ്പും ശേഷവും തൊഴിലാളികള്‍ ഒപ്പിടണം. ഈ ഒപ്പുകളത്രയും വാജമാണെന്ന് വിജിലന്‍സ് കണ്ടെത്തി. ജോലി ചെയ്തതായി വില്ലേജ് എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്. ഓഫീസര്‍ ഇത് അറിഞ്ഞിട്ടേയില്ല. ഇത്തരം തട്ടിപ്പുകള്‍ സംസ്ഥാനത്തെങ്ങും നടക്കുന്നതായി കഴിഞ്ഞ വര്‍ഷം സോഷ്യല്‍ ഓഡിറ്റ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ലോകത്തെ ഏറ്റവും ബൃഹത്തായതെന്ന് വിശേഷിപ്പിക്കപ്പെടുന്ന മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് സര്‍ക്കാര്‍ നീക്കിവെക്കുന്ന പണത്തില്‍ പകുതിയോളവും, ഇല്ലാത്ത പദ്ധതികള്‍, വ്യാജ തൊഴില്‍ കാര്‍ഡുകള്‍, ചെലവ് പെരുപ്പിച്ചു കാണിക്കല്‍ എന്നിത്യാദി മാര്‍ഗേണ ഉദ്യോഗസ്ഥര്‍ തട്ടിയെടുക്കുകയാണെന്നാണ് ബ്ലൂംബര്‍ഗ് ടി വി 2013ല്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. 2019-20 വര്‍ഷത്തേക്ക് 71,000 കോടി രൂപയും 2020-21 വര്‍ഷത്തേക്ക് 61,600 കോടി രൂപയുമാണ് പദ്ധതിക്ക് അനുവദിച്ചത്. എന്തുകൊണ്ട് സ്വതന്ത്ര ഇന്ത്യ ഏഴ് പതിറ്റാണ്ട് പിന്നിട്ടിട്ടും സര്‍ക്കാറിന്റെ ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതികള്‍ ലക്ഷ്യം കാണുന്നില്ലെന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് ഈ കണ്ടെത്തലുകള്‍.

ഗ്രാമീണ ജനതയുടെ ജീവിത നിലവാരം ഉയര്‍ത്താനെന്ന ലക്ഷ്യത്തോടെ 2006ലാണ് ഈ പദ്ധതി നടപ്പാക്കിയത്. നിലവില്‍ 26.24 കോടി പേര്‍ ഈ പദ്ധതിയില്‍ അംഗങ്ങളാണ്. ശരിയായി വിനിയോഗിക്കപ്പെട്ടാല്‍ അവിദഗ്ധ തൊഴിലാളികളുടെയും ഗ്രാമീണ ഇന്ത്യയുടെയും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ പദ്ധതി സഹായിക്കും. ഓരോ പ്രദേശത്തിന്റെയും വികസനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ പഠന വിധേയമാക്കി, അതനുസരിച്ച് തൊഴിലുറപ്പ് ജോലികള്‍ ക്രമീകരിക്കണമെന്നു മാത്രം. ഇതിനാദ്യമായി വേണ്ടത് പദ്ധതി പ്രവര്‍ത്തനങ്ങളിലെ തട്ടിപ്പും വെട്ടിപ്പും ഇല്ലാതാക്കുകയും അഴിമതി മുക്തമാക്കുകയുമാണ്. പദ്ധതിയുടെ കണക്കുകള്‍ പരിശോധിക്കുന്നതിന് ഓരോ പഞ്ചായത്തിലും സോഷ്യല്‍ ഓഡിറ്റ് യൂനിറ്റുകള്‍ രൂപവത്കരിക്കണമെന്നാണ് ചട്ടം. ഇവരുടെ ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കണം പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് അനുവദിക്കേണ്ടത്. പഞ്ചായത്തുകളുടെ അധികാര പരിധിയില്‍ വരാത്ത ഒരു സ്വതന്ത്ര സ്ഥാപനമാണിതെങ്കിലും അവയെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല മിക്ക പഞ്ചായത്ത് ഭരണ സമിതികളും. പഞ്ചായത്ത് സമിതിയുടെയും രാഷ്ട്രീയ നേതാക്കളുടെയും സമ്മര്‍ദങ്ങള്‍ക്കു വഴങ്ങി ക്രമക്കേടുകള്‍ കണ്ടില്ലെന്നു നടിക്കാന്‍ ഓഡിറ്റ് യൂനിറ്റ് നിര്‍ബന്ധിതമാകുകയാണ്. ഇതുതന്നെയാണ് കൊട്ടിഘോഷിച്ചു രാജ്യത്ത് നടപ്പാക്കുന്ന എല്ലാ സാമൂഹിക ക്ഷേമ പദ്ധതികളുടെയും അവസ്ഥ. രാഷ്ട്രീയക്കാര്‍ക്കും ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ക്കും കൈയിട്ടു വാരാനുള്ള ചക്കരക്കുടങ്ങളായി തീരുകയാണ് ഇത്തരം പദ്ധതികളത്രയും.

Latest