ലൈഫ് മിഷന്‍ കേസില്‍ സി ബി ഐക്ക് വീണ്ടും തിരിച്ചടി

Posted on: October 20, 2020 12:31 pm | Last updated: October 20, 2020 at 5:58 pm

കൊച്ചി |  ലൈഫ് മിഷന്‍ കേസില്‍ സംസ്ഥാന സര്‍ക്കാറിനെതിരായ അന്വേഷണത്തില്‍ നേരത്തെ പുറപ്പെടുവിച്ച സ്റ്റേ നീക്കണമെന്നും വിശദമായി വാദം കേള്‍ക്കണമെന്നും ആവശ്യപ്പെട്ട് സി ബി ഐ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. കേസില്‍ നേരത്തെ വാദം കേള്‍ക്കണമെന്ന സി ബി ഐ ആവശ്യവും കോടതി അംഗീകരിച്ചില്ല. കേസില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.

കേസില്‍ എതിര്‍ സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ സമയം വേണമെന്നായിരുന്നു സി ബി ഐ മറുപടി. കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു ഈ കേസില്‍ ഹാജരാകാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പട്ടുള്ള നടപടി ക്രമങ്ങള്‍ ഇനിയും പുരോഗമിക്കേണ്ടതുണ്ട്. ഡല്‍ഹിയില്‍ ഇതിനുള്ള ചര്‍ച്ചകള്‍ പുരോഗമിച്ചു വരികയാണെന്നും അതിനാല്‍ ഇന്ന് കേസില്‍ വാദം കേള്‍ക്കുന്നതിന് തങ്ങള്‍ തയാറല്ലെന്നും സി ബി ഐ കോടതിയെ അറിയിച്ചു.

എന്നാല്‍, എതിര്‍ സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ തയാറല്ലായിരുന്നെങ്കില്‍ എന്തിനാണ് ഇങ്ങെനാരു ഹരജിയുമായി കോടതിയെ സമീപിച്ചതെന്നായിരുന്നു കോടതി സി ബി ഐയോട് ചോദിച്ചു.

എന്നാല്‍ സി ബി ഐക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ആഞ്ഞടിച്ചു. ലൈഫ് മിഷനേയും സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്തുകയാണ് സി ബി ഐ ലക്ഷ്യം. എതിര്‍ സത്യവാങ് മൂലം സമര്‍പ്പിക്കാതെ അടിയന്തര ഹിയറിംങ് ആവശ്യപ്പെട്ടത് മാധ്യമങ്ങളില്‍ വാര്‍ത്ത നിറഞ്ഞ് നില്‍ക്കാനും അതോടൊപ്പം സര്‍ക്കാറിനെ താറടിക്കാനാണെന്നും സംസ്ഥന സര്‍ക്കാറിന് വേണ്ടി ഹാജരായ അഡ്വ. വിശ്വനാഥന്‍ കോടതിയെ അറിയിച്ചു. തന്റെ ബിസിനസ് തകര്‍ന്നെന്നും കേസില്‍ രാഷ്ട്രീയകളിയാണുള്ളതെന്നും സന്തോഷ് ഈപ്പന്‍ കോടതിയില്‍ പറഞ്ഞു.  വാദങ്ങളെല്ലാം കേട്ടതിന് ശേഷമാണ് കോടതി ഹരജി തള്ളിയത്.