Connect with us

Editorial

സൈനിക മേഖലയിലും മുസ്‌ലിം വിരുദ്ധ പ്രചാരണം

Published

|

Last Updated

മുസ്‌ലിം വിരുദ്ധരുടെ വര്‍ഗീയ വിദ്വേഷ പ്രചാരണം സൈനിക മേഖലയിലും. ഇന്ത്യന്‍ സേനയിലെ മുസ്‌ലിംകള്‍ ദേശക്കൂറില്ലാത്തവരാണെന്നും പാക്കിസ്ഥാനോടാണ് ഇന്ത്യയോടുള്ളതിനേക്കാള്‍ അവര്‍ക്ക് വിധേയത്വമെന്നുമുള്ള പ്രചാരണം ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സാമൂഹിക മാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ചു വരുന്നു അടുത്തിടെയായി. 1965ലെ ഇന്ത്യാ- പാക് യുദ്ധത്തില്‍ പാക്കിസ്ഥാനെതിരെ പോരാടാന്‍ ഇന്ത്യന്‍ സൈന്യത്തിലെ മുസ്‌ലിം റെജിമെന്റ് വിസമ്മതിച്ചെന്നും ഇതേത്തുടര്‍ന്ന് മുസ്‌ലിം റെജിമെന്റ് പിരിച്ചു വിട്ടതായും “വേള്‍ഡ് ഹിന്ദൂസ് യുനൈറ്റഡ്” എന്ന പേരില്‍ ട്വീറ്റ് ചെയ്ത പോസ്റ്റുകളില്‍ ആരോപിക്കുന്നു. 2013ലാണ് മുസ്‌ലിം സൈനികര്‍ക്കെതിരായ ഇത്തരം പ്രചാരണങ്ങള്‍ വന്നുതുടങ്ങിയത്. പിന്നീട് കുറേ കാലം അത് അപ്രത്യക്ഷമായിരുന്നു. പുതിയ ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കത്തിന്റെ പശ്ചാത്തലത്തിലാണ് വീണ്ടും പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. സാമുദായിക വിദ്വേഷം ലക്ഷ്യമിട്ടുള്ള ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്, സൈന്യത്തിന്റെ സുപ്രീം കമാന്‍ഡര്‍ കൂടിയായ പ്രസിഡന്റിന് കത്തയച്ചിരിക്കുകയാണ് 120 മുതിര്‍ന്ന സൈനികര്‍. കര, കടല്‍, വ്യോമ സൈനിക മേധാവികളെ കൂടി അഭിസംബോധന ചെയ്യുന്ന രൂപത്തില്‍ തയ്യാറാക്കിയ കത്തില്‍ മൂന്ന് വിഭാഗത്തിലെയും സൈനികര്‍ ഒപ്പുവെച്ചിട്ടുണ്ട്.

സൈന്യത്തില്‍ മതപരമായ വേര്‍തിരിവുണ്ടെന്നും നേരത്തേ മുസ്‌ലിം റെജിമെന്റ് എന്ന പേരില്‍ ഒരു വിഭാഗം പ്രവര്‍ത്തിച്ചിരുന്നുവെന്നുമുള്ള ആരോപണം ഉയര്‍ന്ന സൈനികോദ്യോഗസ്ഥര്‍ തന്നെ നിഷേധിച്ചിട്ടുണ്ട്. പാക്കിസ്ഥാനെതിരായ 1965ലെ യുദ്ധത്തില്‍ വിരേതിഹാസം രചിച്ച മുസ്‌ലിം സൈനികനായിരുന്നു ഹവില്‍ദാര്‍ ക്വാര്‍ട്ടര്‍മാസ്റ്റര്‍ അബ്ദുല്‍ഹമീദ്. ഈ യുദ്ധത്തില്‍ ഇന്ത്യന്‍ സേനയുടെ മുന്‍നിര ക്യാമ്പുകളെ ലക്ഷ്യമിട്ടു വന്ന പാക് ടാങ്ക് വ്യൂഹത്തിനു നേരേ, ശത്രുപക്ഷത്തിന്റെ ഷെല്ലാക്രമണങ്ങളെ അവഗണിച്ച് റിങ്കോയില്‍ ലിസ്റ്റ് പീരങ്കി ഘടിപ്പിച്ച തന്റെ ജീപ്പില്‍ കുതിച്ചു ചെന്ന അദ്ദേഹം ധീരമായ പോരാട്ടത്തിലൂടെ പാക്കിസ്ഥാന്റെ മൂന്ന് ടാങ്കുകള്‍ തകര്‍ത്തു. നാലാമത്തെ ടാങ്കിനെ ലക്ഷ്യം വെച്ചു നീങ്ങിയപ്പോഴാണ് പാക്കിസ്ഥാന്റെ മെഷീന്‍ഗണ്ണിനിരയായി അദ്ദേഹം ധീരമൃത്യു വരിച്ചത്. ഈ ഐതിഹാസിക പോരാട്ടം മാനിച്ച് അന്നത്തെ ഇന്ത്യന്‍ രാഷ്ട്രപതി ഡോ. എസ് രാധാകൃഷ്ണന്‍ അദ്ദേഹത്തിനു മരണാനന്തര ബഹുമതിയായി ഇന്ത്യന്‍ സായുധ സേനയിലെ ഏറ്റവും ഉന്നത ബഹുമതിയായ “പരമവീരചക്ര” പ്രഖ്യാപിച്ചു. വീരചക്ര നേടിയ മേജര്‍ (പിന്നീട് ലഫ്റ്റനന്റ് ജനറല്‍) മുഹമ്മദ് സാഖി, മേജര്‍ അബ്ദുര്‍റാഫി ഖാന്‍ തുടങ്ങി പ്രസ്തുത യുദ്ധത്തിലെ മുസ്‌ലിം പ്രാതിനിധ്യം നിരവധിയാണ്. 1965ലെ യുദ്ധാനന്തരമുള്ള ഉന്നത സൈനിക അവാര്‍ഡുകളില്‍ മിക്കതും മുസ്‌ലിംകള്‍ക്കാണ് ലഭിച്ചത്. വിഭജനാനന്തരം മുസ്‌ലിംകളില്‍ ഒരു വിഭാഗം പാക്കിസ്ഥാനിലേക്ക് കുടിയേറുന്ന ഘട്ടത്തില്‍ മുഹമ്മദലി ജിന്ന വ്യക്തിപരമായി സമീപിച്ചിട്ടു പോലും അദ്ദേഹത്തിന്റെ ക്ഷണം നിരസിച്ച് ഇന്ത്യന്‍ സൈന്യത്തില്‍ തുടരാന്‍ തീരുമാനിച്ച ബ്രിഗേഡിയര്‍ മുഹമ്മദ് ഉസ്മാനും രാജ്യത്തോടുള്ള മുസ്‌ലിംകളുടെ ദേശക്കൂറിനു സാക്ഷ്യമാണ്. ഇവര്‍ക്കെല്ലാം നേരേ കണ്ണുചിമ്മുന്നവര്‍ക്കു മാത്രമേ മുസ്‌ലിംകള്‍ക്ക് പാക്കിസ്ഥാനോടാണ് വിധേയത്വമെന്ന് കുറ്റപ്പെടുത്താനാകൂ.

ആരാണ് മുസ്‌ലിം സൈനികര്‍ക്കെതിരായ ഈ ദുഷ്പ്രചാരണത്തിനു പിന്നില്‍? പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐ എസ് എയായിരിക്കാമെന്നാണ് ചില സൈനിക കേന്ദ്രങ്ങള്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ ലൗ ജിഹാദ്, കൊറോണ ജിഹാദ് തുടങ്ങിയ മുസ്‌ലിം വിരുദ്ധ പ്രചാരണങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്ന ഫാസിസ്റ്റ് ശക്തികളെയും സംശയിക്കപ്പെടേണ്ടതുണ്ട്. സൈനികരിലും സൈനിക മേധാവികളിലും തന്നെയുണ്ടല്ലോ മുസ്‌ലിം വിരുദ്ധര്‍. ആദ്യത്തെ കരസേനാ മേധാവി ജനറല്‍ കെ കെ കരിയപ്പ തന്നെ, മുസ്‌ലിം സൈനികര്‍ക്ക് ദേശക്കൂറുണ്ടാകില്ലെന്ന് കുറ്റപ്പെടുത്തിയതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. കേന്ദ്രത്തിലെ ഫാസിസ്റ്റ് ഭരണകൂടവും സൈനിക മേഖലയില്‍ മുസ്‌ലിംകള്‍ക്ക് ഭ്രഷ്ട് കല്‍പ്പിക്കുന്നു. കരസേനാ ദക്ഷിണ കമാന്‍ഡ് മേധാവി ലഫ്. ജനറല്‍ പി എം ഹാരിസിനെയും കിഴക്കന്‍ കമാന്‍ഡ് മേധാവി ലഫ്റ്റനന്റ് ജനറല്‍ പ്രവീണ്‍ ബക്ഷിയെയും തഴഞ്ഞ് ബിപിന്‍ റാവത്തിനെ കരസേനാ മേധാവിയാക്കിയത് ഈ വിവേചനത്തിന്റെ ഭാഗമാണെന്ന് നിരീക്ഷിക്കപ്പെടുന്നു. സീനിയോരിറ്റിയില്‍ ഇവര്‍ രണ്ട് പേരേക്കാളും താഴേയാണ് റാവത്ത്. സീനിയോരിറ്റി പരിഗണിച്ചാല്‍ ലഫ്. ജനറല്‍ ബക്ഷിയും പിന്നാലെ ലഫ്. ജനറല്‍ ഹാരിസുമാണ് കരസേനാ മേധാവി ആകേണ്ടിയിരുന്നതെന്നും സൈനിക നേതൃസ്ഥാനത്ത് ഒരു മുസ്‌ലിം വരുന്നത് കേന്ദ്രത്തിലെ ബി ജെ പി സര്‍ക്കാര്‍ ഇഷ്ടപ്പെടാത്തതു കൊണ്ടാണ് സീനിയോരിറ്റി മറികടന്നതെന്നും കോണ്‍ഗ്രസ് നേതാവ് ഷെഹ്‌സാദ് പൂനാവാല ആരോപിച്ചിരുന്നു.

സൈന്യത്തിലെ മുസ്‌ലിം പ്രാതിനിധ്യത്തെക്കുറിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ ട്വീറ്റും പരാമര്‍ശ വിധേയമാണ് ഇത്തരുണത്തില്‍. ഇന്ത്യന്‍ സൈന്യത്തില്‍ മുസ്‌ലിംകള്‍ക്ക് ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഇല്ലെന്നും ഇത് ചര്‍ച്ച ചെയ്യേണ്ട കാര്യമാണെന്നും 2017 ഒക്‌ടോബര്‍ 26ല്‍ തരൂര്‍ ട്വീറ്റ് ചെയ്തിരുന്നു. ബ്രിട്ടീഷ് കാലത്ത് സൈന്യത്തിലെ മുസ്‌ലിം പ്രാതിനിധ്യം 30 ശതമാനം വരുമായിരുന്നു. ഇന്നിപ്പോള്‍ അത് രണ്ട് ശതമാനത്തിന് താഴെയാണ്. 1990കളുടെ അവസാനത്തില്‍ പ്രതിരോധ മന്ത്രിയായിരുന്ന മുലായം സിംഗ് യാദവ് പറഞ്ഞത് ആകെ സൈനികരുടെ ഒരു ശതമാനത്തോളമേ വരൂവെന്നാണ്. മുസ്‌ലിം സൈനികരില്‍ ഭൂരിഭാഗവും വിഭജന സമയത്ത് പാക്കിസ്ഥാനിലേക്ക് പോയത് ഇതിനൊരു കാരണമാണെങ്കിലും വിഭജനാനന്തരം ഈ ഭീമമായ കുറവ് പരിഹരിക്കുന്നതില്‍ ഭരണകൂടത്തിന്റെ ഭാഗത്തു നിന്ന് യാതൊരു ശ്രമവുമുണ്ടായില്ല. വിഭജനത്തിനു ശേഷം രാജ്യത്തെ മുസ്‌ലിംകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധന ഉണ്ടായെങ്കിലും സൈന്യത്തില്‍ അതുണ്ടായില്ല. മുസ്‌ലിംകളെ കൂടുതലായി സൈന്യത്തിലെടുത്ത് അവരുടെ കുറവ് പരിഹരിക്കണമെന്ന് ജവഹര്‍ലാല്‍ നെഹ്‌റു നിര്‍ദേശിച്ചിരുന്നെങ്കിലും ബന്ധപ്പെട്ടവര്‍ അത് ചെവിക്കൊണ്ടില്ല. മാത്രമല്ല, സൈനിക റിക്രൂട്ട്‌മെന്റില്‍ മുസ്‌ലിം അവഗണന ആരോപിക്കപ്പെടുന്നുമുണ്ട്. സൈനിക മേഖലയിലെ ഈ മുസ്‌ലിം പ്രാതിനിധ്യക്കുറവും അവര്‍ക്കെതിരായ ദുഷ്പ്രചാരണവും അവസാനിപ്പിക്കാന്‍ രാഷ്ട്രപതി ശക്തമായി ഇടപെടേണ്ടതുണ്ട്.

Latest