മഅ്ദിന്‍ ‘സ്‌നേഹ നബി’ ക്യാമ്പയിൻ തുടങ്ങി

Posted on: October 16, 2020 8:16 pm | Last updated: October 17, 2020 at 7:50 pm
പ്രവാചകര്‍ മുഹമ്മദ് നബിയുടെ 1495-ാം ജന്മദിനത്തെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി സ്വലാത്ത് നഗര്‍ മഅ്ദിന്‍ ഗ്രാന്റ് മസ്ജിദ് ദീപാലങ്കൃതമായപ്പോള്‍

മലപ്പുറം | പ്രവാചകര്‍ മുഹമ്മദ് നബിയുടെ 1495-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ സംഘടിപ്പിക്കുന്ന ‘സ്‌നേഹ നബി’ ക്യാമ്പയിന് ആത്മീയ സംഗമത്തോടെ തുടക്കമായി. ഒരു മാസക്കാലം നീണ്ട് നില്‍ക്കുന്ന ക്യാമ്പയിന്‍ മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം നിര്‍വ്വഹിച്ചു. കൊവിഡ് കാലത്ത് പ്രവാചക ദര്‍ശനങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ടെന്നും പട്ടിണി കിടക്കുന്നവരായി ആരുമുണ്ടാകരുതെന്ന പ്രവാചകാധ്യാപനം നടപ്പിലാക്കാന്‍ വിശ്വാസികള്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും സ്വരം ആരില്‍ നിന്നുമുണ്ടാകരുത്. സമാധാന ജീവിതം നയിക്കാനാണ് പ്രവാചകര്‍ കല്‍പ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രവാചകര്‍ മുഹമ്മദ് നബിയുടെ 1495-ാം ജന്മദിനത്തെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി സ്വലാത്ത് നഗര്‍ മഅ്ദിന്‍ അഡമിനിസ്‌ട്രേഷന്‍ ബ്ലോക്ക് ദീപാലങ്കൃതമായപ്പോള്‍

സമസ്ത മലപ്പുറം ജില്ലാ സെക്രട്ടറി പി. ഇബ്‌റാഹീം ബാഖവി അദ്ധ്യക്ഷനായി. സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് സ്വാലിഹ് ഖാസിം അല്‍ ഐദറൂസി, സയ്യിദ് അഹ്്മദുല്‍ കബീര്‍ അല്‍ ബുഖാരി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ഫിനാന്‍സ് സെക്രട്ടറി എ പി അബ്ദുല്‍ കരീം ഹാജി ചാലിയം, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബൂബക്കര്‍ സഖാഫി അരീക്കോട്, ശൗക്കത്തലി സഖാഫി കച്ചേരിപ്പറമ്പ് എന്നിവര്‍ പ്രസംഗിച്ചു.

ക്യാമ്പയിനിന്റെ ഭാഗമായി ശനിയാഴ്ച മുതല്‍ ഒരു മാസം സ്‌നേഹ നബി പ്രഭാഷണവും മൗലിദ് സദസ്സും നടക്കും. രാത്രി 7.30 മുതല്‍ 8.30 വരെ നടക്കുന്ന പരിപാടിക്ക് പ്രമുഖര്‍ നേതൃത്വം നല്‍കും. ഒക്ടോബര്‍ 27 ന് നബി കീര്‍ത്തന പരിപാടിയായ ലൈറ്റ് ഓഫ് മദീനയും പ്രവാചകരുടെ ജന്മ ദിനത്തോടനുബന്ധിച്ച് റബീഉല്‍ അവ്വല്‍ 12 ന് പുലര്‍ച്ചെ 3 മുതല്‍ മൗലിദ് പ്രാര്‍ത്ഥനാ സമ്മേളനവും സംഘടിപ്പിക്കും.
പഠനം, ആസ്വാദനം, സാഹിത്യം, കാരുണ്യം എന്നീ സെഷനുകളിലായി മീലാദ് വിളംബരം, സ്‌നേഹ നബി വെബിനാര്‍, പ്രവാചക സന്ദേശ പ്രഭാഷണങ്ങള്‍, സീറത്തുന്നബി, ചരിത്ര ശേഖരണം, ഹദീസ് ഇ-പോസ്റ്റര്‍ സന്ദേശം, പ്രഭാത മൗലിദ്, കൊളാഷ് പ്രദര്‍ശനങ്ങള്‍, വിവിധ ഭാഷകളില്‍ പ്രവാചക പ്രകീര്‍ത്തനങ്ങള്‍ അവതരിപ്പിക്കുന്ന ആസ്വാദന വേദി, മൗലിദ് പാരായണം, സ്വീറ്റ് പ്രൈസ്, വെര്‍ച്വല്‍ അസംബ്ലി, മുത്ത് നബി ക്വിസ്, വീഡിയോ ടോക്, ബുക് ടെസ്റ്റ്, മദ്ഹ് ഗാന രചന, പ്രബന്ധ രചന, സ്റ്റാറ്റസ് വീഡിയോ, ഭക്ഷണ വിതരണം, വിധവാ സഹായം, കിറ്റ് വിതരണം എന്നിവയും ക്യാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. പരിപാടികള്‍ മഅ്ദിന്‍ യൂട്യൂബ് ചാനലില്‍ തത്സമയ സംപ്രേഷണം ചെയ്യും. പരിപാടികള്‍ വീക്ഷിക്കുന്നതിന് www.youtube.com/Ma’din Academy സന്ദർശിക്കുക.