Connect with us

Kannur

ജോസിന്റെ മുന്നണി മാറ്റം: സീറ്റ് ഭീതിയിൽ ഇടത് കക്ഷികൾ

Published

|

Last Updated

കണ്ണൂർ | കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ ഇടത് മുന്നണി പ്രവേശത്തെ സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും ആശങ്കയിലാണ് മുന്നണിയിലെ ചെറു കക്ഷികൾ. ജോസ് കെ മാണി വിഭാഗത്തെ മുന്നണിയിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് എൽ ഡി എഫ് യോഗം നടക്കുമ്പോൾ ഘടകകക്ഷികളുടെ ഭാഗത്ത് നിന്ന് എതിർപ്പൊന്നുമുണ്ടാവില്ലെങ്കിലും പുതുതായി ഒരു കക്ഷി കൂടി കടന്നു വരുമ്പോൾ തങ്ങളുടെ കൈവശമുള്ള സീറ്റ് നഷ്ടപ്പെടുമോയെന്നാണ് അവരുടെ ആശങ്ക.

പാലാ സീറ്റിനെ ചൊല്ലി എൻ സി പി നേതാവ് മാണി സി കാപ്പൻ നേരത്തേ തന്നെ പരസ്യമായി തങ്ങളുടെ ആശങ്ക പ്രതിഷേധമായി വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും മറ്റ് കക്ഷികൾക്കുമുണ്ട് തങ്ങളുടെ സീറ്റുകൾ കൈവിടുമെന്ന പേടി. എൻ സി പിക്ക് പുറമെ പ്രധാനമായും ജെ ഡി എസ്, കോൺഗ്രസ് എസ്, ജനാധിപത്യ കേരള കോൺഗ്രസ് തുടങ്ങിയ പാർട്ടികൾക്കാണ് കേരള കോൺഗ്രസിന്റെ കടന്നു വരവ് തങ്ങൾക്ക് ദോഷമാകുമെന്ന ഭയമുള്ളത്. പാലാ സീറ്റിൽ ജയിച്ച മാണി സി കാപ്പൻ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് പരസ്യമായി തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ജനാധിപത്യ കേരള കോൺഗ്രസും നേരത്തേ തന്നെ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

ജോസ് മുന്നണിയിലെത്തിയാൽ തങ്ങളുടെ സ്ഥാനം പിറകോട്ട് പോകുമെന്നതാണ് ജനാധിപത്യ കേരള കോൺഗ്രസിന്റെ അമർഷത്തിന് കാരണം. കേരള കോൺഗ്രസ് ബി യുടെ അവസ്ഥയും ഇതു തന്നെ. ക്രൈസ്തവ മേഖലയിലെ സീറ്റുകൾ ജോസ് കെ മാണി വിഭാഗത്തിന് നൽകുമ്പോൾ ഈ പാർട്ടികൾക്കാകും നഷ്ടം.തദ്ദേശ ഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പല ജില്ലകളിലും സി പി എം, കേരള കോൺഗ്രസുമായി അനൗദ്യോഗിക ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. സി പി ഐ ഉൾപ്പെടെയുള്ള ഘടക കക്ഷികൾ പോലുമറിയാതെയാണ് ഈ ചർച്ച. സി പി എമ്മും സി പി ഐയും തങ്ങളുടെ കൈവശമുള്ള സീറ്റുകൾ വലിയ തോതിൽ വിട്ടു കൊടുക്കാൻ തയ്യാറാകില്ലെന്നത് കൊണ്ട് തന്നെ തദ്ദേശ തിരഞ്ഞെടുപ്പിൽ തങ്ങളുടെ സീറ്റുകൾ നഷ്ടപ്പെടുമെന്നാണ് മറ്റ് ഘടക കക്ഷികളുടെ ആശങ്ക.
നേരത്തേ ഡി ഐ സി ഇടത് മുന്നണിയിൽ ചേർന്നപ്പോൾ സി പി എം ഇതര ഘടക കക്ഷികളുടെ സീറ്റുകളാണ് അവർക്ക് വിട്ടു നൽകിയിരുന്നത്. ഇടത് മുന്നണിയിൽ ജോസ് കെ മാണി വിഭാഗം കേരള കോൺഗ്രസ് കൂടി എത്തുന്നതോടെ ഘടക കക്ഷികളുടെ എണ്ണം പത്തായി ഉയരും.

കഴിഞ്ഞ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് ശേഷം ലോക് താന്ത്രിക് ജനതാദൾ കൂടി മുന്നണിയിലെത്തിയിട്ടുണ്ട്. രണ്ട് പാർട്ടികൾക്ക് കൂടുതലായി സീറ്റ് കണ്ടെത്തണമെന്നത് മുന്നണിക്ക് തലവേദനയാണ്.

---- facebook comment plugin here -----

Latest