ആളെക്കൂട്ടാൻ ജോസഫ്, അടിത്തറ ശക്തമാക്കാൻ ജോസ്

Posted on: October 16, 2020 12:38 pm | Last updated: October 16, 2020 at 12:38 pm


കൊച്ചി | ജോസ് കെ മാണിയുടെ മുന്നണി മാറ്റത്തെത്തുടർന്ന് മധ്യകേരളത്തിൽ ഇടത് സ്വാധീനം വർധിക്കുമെന്ന വിലയിരുത്തലിൽ പഞ്ചായത്ത് തലത്തിൽ അണികളെക്കൂട്ടാൻ ജോസഫ് വിഭാഗം കരുനീക്കം തുടങ്ങി. ഏതെങ്കിലും തരത്തിലുള്ള കൊഴിഞ്ഞുപോക്കുണ്ടായാൽ അതിന് തടയിടാനുള്ള നീക്കങ്ങളുമായി ജോസ് പക്ഷവും കളത്തിലിറങ്ങി.

മുന്നണി മാറ്റത്തിന്റെ ആദ്യദിനം എറണാകുളത്തെ ഏക പഞ്ചായത്ത് ഭരണം കൈവിട്ട സാഹചര്യം കൂടി കണക്കിലെടുത്ത് കരുതലോടെയാണ് ജോസ്പക്ഷം പ്രവർത്തനം ശക്തിപ്പെടുത്തുന്നത്. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലെ പി ജെ ജോസഫിന്റെ സ്വാധീന മേഖലകളിൽ സംഘടനാപ്രവർത്തനം കൂടുതൽ ശക്തമാക്കാനാണ് ജോസ്പക്ഷത്തിന്റെ തീരുമാനം. ഇടതുമുന്നണിയുടെ ഭാഗമായി കേരളകോൺഗ്രസിന് മത്സരിക്കാൻ കൂടുതൽ പഞ്ചായത്തുകൾ ഈ ജില്ലകളിൽ ലഭിക്കുമെന്നതിനാൽ സീറ്റ് വാഗ്ദാനം നൽകി നേതാക്കൾക്ക് കൂടുതൽ ആത്മവിശ്വാസം പകരും. എന്നാൽ എറണാകുളത്ത് ജോസ് വിഭാഗം ഭരിച്ചിരുന്ന മലയാറ്റൂർ-നീലീശ്വരം പഞ്ചായത്തിന്റെ ഭരണം യു ഡി എഫിനൊപ്പമായത് പലയിടങ്ങളിലും അനുകൂല സാഹചര്യം സൃഷ്ടിക്കുമെന്നാണ് ജോസഫ് ഗ്രൂപ്പിന്റെ വിലയിരുത്തൽ. മുന്നണി മാറ്റത്തെത്തുടർന്ന് പഞ്ചായത്ത് പ്രസിഡന്റായിരുന്ന ബി ബി സെബി യു ഡി എഫിൽ തന്നെ തുടരാൻ തീരുമാനിച്ചതോടെയാണ് ഇവിടെ ജോസ്പക്ഷത്തിന് കാലിടറിയത്. എറണാകുളത്തെ 20 പഞ്ചായത്തംഗങ്ങളും രണ്ട് ബ്ലോക്ക് അംഗങ്ങളുമുള്ളതിൽ ചിലർ ജോസഫ് പക്ഷത്തേക്ക് ചുവടുമാറാൻ തീരുമാനിച്ചതായും സൂചനയുണ്ട്.

യു ഡി എഫിന്റെ സുരക്ഷിത മണ്ഡലമായ ഇടുക്കിയിലുൾപ്പെടെ ഇത്തരത്തിൽ കളം മാറ്റത്തിന് സാധ്യതയുണ്ടെന്നും ജോസ് പക്ഷം കരുതുന്നു. ഇവിടെയെല്ലാം താഴെത്തട്ടിലുള്ള പ്രവർത്തനം കൂടുതൽ ശക്തമാക്കാനാണ് പാർട്ടി തീരുമാനം. എന്നാൽ കോട്ടയത്ത് സ്ഥിതി കൂടുതൽ ആത്മവിശ്വാസം പകരുകയാണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നുണ്ട്. കോട്ടയത്ത് 71 പഞ്ചായത്തുകളിൽ നിലവിൽ 256 വാർഡുകളാണ് കേരള കോൺഗ്രസിനുള്ളത്. സി പി എമ്മിന് 280 വാർഡുകളും ഇവിടെയുണ്ട്. മുന്നണി മാറ്റമുണ്ടായതോടെ ഇവിടെ വലിയ നേട്ടമുണ്ടാക്കാനാകുമെന്നാണ് ജോസ് പക്ഷത്തിന്റെ കണക്കുകൂട്ടൽ. എൽ ഡി എഫിനോടടുക്കുന്നുവെന്ന ആക്ഷേപവുമായി നേരത്തേ പി ജെ ജോസഫിനൊപ്പം ചേർന്ന ജോസഫ് എം പുതുശേരിക്കൊപ്പം ചില നേതാക്കൾ പാർട്ടി വിട്ടെങ്കിലും വലിയ തോതിലുളള അടിയൊഴുക്കുകളില്ലാതെ നോക്കാൻ ജോസ് കെ മാണിക്ക് കഴിഞ്ഞിരുന്നു.

പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി രാഷ്ട്രീയ നിലപാടുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾക്കുത്തരം പറയാൻ സാമൂഹിക മാധ്യമങ്ങളിലൂടെ ജനസംവാദം എന്ന പേരിൽ ആശയ പ്രചാരണത്തിനും ജോസ് കെ മാണി തുടക്കമിട്ടിട്ടുണ്ട്. അതേ സമയം ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ കേരള കോൺഗ്രസ് മുമ്പ് വിജയിച്ചിരുന്ന ഭൂരിഭാഗം സീറ്റുകളിലും തദ്ദേശ തിരഞ്ഞെടുപ്പിൽ ശക്തി പ്രകടിപ്പിക്കുന്നതിനാണ് ജോസഫ് വിഭാഗം പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ഈ രണ്ട് ജില്ലകളിലും ജയിച്ചു കയറിയില്ലെങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ അവകാശവാദങ്ങൾ ഉന്നയിക്കാൻ ജോസഫിന് കഴിയില്ല.

ALSO READ  ജോസിന്റെ കൂടുമാറ്റം: ഖേദം ഉള്ളിലടക്കി ലീഗ്