Connect with us

Travelogue

മഞ്ചൂരിലെ മഞ്ഞും ആവലാഞ്ചിയിലെ കാടും കടന്ന്...

Published

|

Last Updated

ഈയടുത്തായി ഒരുപാട് യാത്രകൾ പ്രകൃതിയുടെ സൗന്ദര്യ ലാവണ്യം തേടി നടത്തിയിട്ടുണ്ട്. ചരിത്രം പതിഞ്ഞു കിടക്കുന്ന സ്മാരകങ്ങളിലൂടെയും പൗരാണിക സ്പർശമേറ്റ തടങ്ങളിലൂടെയും അലഞ്ഞുനടക്കുന്ന യാത്രയുടെ ഭ്രമാത്മകത ഈ യാത്രകളെ പിടികൂടാറില്ലെങ്കിലും പ്രകൃതി സൗന്ദര്യത്തിന്റെ മാറുപിളർന്നുള്ള സഞ്ചാരങ്ങൾ പലപ്പോഴും മനസ്സിൽ മായാത്ത ചിത്രങ്ങൾ വരച്ചിടാറുണ്ട്. മഞ്ചൂരിലേക്കുള്ള ബൈക്ക് റൈഡും അത്തരത്തിലൊന്നായിരുന്നു.ചില യാത്രകളിൽ നിന്ന് എത്ര അകലാൻ ശ്രമിച്ചാലും ഒരു വികൃതിക്കുട്ടിയെപ്പോലെ അത് പിന്നാലെ കൂടും. ഒടുക്കം എല്ലാ തിരക്കുകളെയും പുരപ്പുറത്ത് കയറ്റി ഒറ്റയിറക്കമാണ്, മനുഷ്യന്റെ ഒരോ പുറപ്പാടുകൾക്ക് പിറകിലും ചില യാദൃച്ഛികതകളുണ്ടാകും.

മണ്ണാർക്കാട് നിന്നും അട്ടപ്പാടി ചുരം കയറുമ്പോൾ തന്നെ ബൈക്ക് യാത്രയുടെ രസം മനസ്സിനെ വരിഞ്ഞു മുറുക്കും. മണ്ണാർക്കാട് വരെ ഉഷ്ണാധിക്യമായിരുന്നെങ്കിലും ചുരം കയറാൻ തുടങ്ങിയാൽ പിന്നെ ചൂടിനെ മരത്തലപ്പുകളേറ്റെടുക്കും. മാമരങ്ങളോട് നന്ദി പറഞ്ഞ് കാഴ്ചകൾ കണ്ട്‌ ചീറിപ്പായാം. ചുരത്തിലെ ബാംബൂ ഹോട്ടലിൽനിന്നാണ് ഉച്ചയൂണ്. മോരുകറിയും നല്ല നാടൻ ബീഫ് ഫ്രെയ്‌യും സെമ്മ ടേസ്റ്റ് തന്നെ.
ചുരം കയറി താവളത്തുനിന്നും ഇടത്തോട്ട് തിരിഞ് മുള്ളി ചെക്ക് പോസ്റ്റ്‌ റോഡ് വഴിയാണ് യാത്ര.

ചെക്ക്പോസ്റ്റിലെത്തുമ്പോൾ സമയം നാല് മണി കഴിഞ്ഞിരുന്നു. തുടർന്ന് മഞ്ചൂരിലേക്കുള്ള ചുരം കയറിത്തുടങ്ങി. വശ്യമനോഹരമാണ്, ഇരു പാർശ്വങ്ങളിലും ഇടതൂർന്ന് നിൽക്കുന്ന മരങ്ങൾ, കുറ്റിക്കാടുകൾ, റിബ്ബൺ പോലെ വളഞ്ഞുപുളഞ്ഞു െഹയർപിൻ ബെന്റുകൾ, ആനകളെ കാണാമെന്ന് ആരൊക്കെയോ പറഞ്ഞിരുന്നു. ഏതായാലും ആനപ്പിണ്ടം നിരത്തിലങ്ങോളം കിടപ്പുണ്ട്. പോരാത്തതിന് മിനുട്ടുകൾക്ക് മുമ്പ് മാത്രം ആനകൾ ഒടിച്ചിട്ട മരക്കമ്പുകളും. എന്നിട്ടും ഒരു ഗജരാജൻ പോലും ഞങ്ങളുടെ റെറ്റിനയിൽ കയറിയില്ല. മഞ്ചൂരിലേക്കടുക്കുംതോറും കാലാവസ്ഥയും കാഴ്ചകളുടെ രൂപവും മാറും. തണുപ്പ് കാലിന്റെ പെരുവിരൽ തൊട്ട് നമസ്കാരം പറഞ്ഞു ദേഹത്ത് കയറാൻ തുടങ്ങി. കുളിര് കോരുന്ന സായാഹ്നം. ഹിമാവൃതമായ ഇടുങ്ങിയ മലമ്പാതകൾ. അതിലൂടെ മേനി മുഴുവൻ മൂടിയ മനുഷ്യർ ഒറ്റയും തെറ്റയുമായി നടന്നുനീങ്ങുന്നു.

മഞ്ചൂർ ഒരു ചെറിയ പട്ടണം. ഒരു തമിഴ് ഗ്രാമം. നൂതന നാഗരികതയോടു ചേർന്നു പോകാൻ തിടുക്കം കാട്ടുന്നുണ്ടെന്ന്, നഗരത്തിന്റെ പുതുക്കാഴ്ചകൾ പറയുന്നു. ഗ്രാമ്യഭംഗിയിൽ പൊതിഞ്ഞ നഗരം തിരക്കില്ലാതെ വെടിപ്പാർന്നു നിൽപ്പാണ്. അന്തി കറുക്കാൻ തുടങ്ങവേ മഞ്ചൂരിലെ നാൽക്കവലയിൽ ബൈക്ക് നിർത്തി. വിളക്കുമരങ്ങൾ പൊഴിക്കുന്ന മഞ്ഞവെളിച്ചം മഞ്ഞിൽ വീണ് ജ്വലിക്കാൻ തുടങ്ങി. മേലെ അന്തിലാവണം തേടിപ്പറക്കുന്ന പക്ഷികളുടെ കരച്ചിൽ അടയുന്ന ഷട്ടറുകളുടെ മുരൾച്ചയിൽ അലിഞ്ഞില്ലാതായി.

രാപ്പാർപ്പിന് ഒരു മുറി കണ്ടെത്തണം. മുമ്പിൽ കണ്ട ചെറുപ്പക്കാരനോട് കാര്യം പറഞ്ഞു. അവൻ നിർമൽ, ഇവിടുത്തെ അന്നപൂർണ ഹോട്ടലിലെ കുശിനിക്കാരൻ. എന്റെ കൂടെ ബൈക്കിനു പിന്നിൽ നിർമൽ കയറി. ഭുവനേശ് കോട്ടേജിലേക്കാണ് വിടാൻ പറഞ്ഞത്, ചെന്നുകയറുമ്പോൾ ലോഡ്ജിന്റെ മുതലാളി തൊട്ടടുത്ത കോഴിക്കടയിൽ കോഴി വെട്ടിക്കൊണ്ടിരിക്കുന്നു. എന്റെ തമിൾ പേച്ച് അയാക്കിഷ്ടമായെന്ന് തോന്നുന്നു. അതുകൊണ്ടാകാം വാടകയിൽ കടുംപിടിത്തമില്ലാതെ ചേർന്നു നിന്നത്. ഏതായാലും ഇന്നത്തെ അന്തിമയക്കം ഭുവനേശിൽ. ഭക്ഷണം നിർമൽ തന്നെ പാകം ചെയ്തു കൊണ്ടുവരും എന്നേറ്റു. കുസ്‌ക്കയും ചിക്കൻ മസാലയും രുചികരമെന്നെല്ലാരും പറഞ്ഞപ്പോൾ അവന് പറഞ്ഞുറപ്പിച്ചതിലും കൂടുതൽ പണം വേണമെന്ന്. പ്രാതലും അവനെത്തന്നെ ഏൽപ്പിച്ച് സംഗതി എളുപ്പമാക്കി. സഹയാത്രികരെ മുറിയിലാക്കി മഞ്ചൂരിന്റെ മഞ്ഞണിഞ്ഞ ഊടുവഴികളിലൂടെ ഞങ്ങളൊരു നൈറ്റ് റൈഡ് നടത്തി. നിശാലഹരിയുടെ ഉറവിടങ്ങളിവിടെയും തീക്ഷ്ണ യൗവനങ്ങളെ കാത്തിരിപ്പുണ്ട്. വൈദേശികരായ ചില യാത്രികരെ വട്ടമിട്ട് തദ്ദേശീയരായ ചെറുപ്പക്കാർ കുഴലും കൂത്തുമായി നടക്കുന്നത് കണ്ടു.

ബൈക്ക് റൈഡിന്റെ ക്ഷീണംകൊണ്ടാകും ഉറക്കം ജോറായി. കാലത്ത് നിർമലിന്റെ അന്നപൂർണയിൽനിന്ന് ദോശയും ചട്നിയും കഴിച്ചശേഷം അങ്ങാടിയുടെ ഒരു മൂലയിൽ നിൽക്കുന്പോൾ ഒരാൾ വന്ന് കൈയിൽ പിടിച്ച് കൂട്ടിക്കൊണ്ടു പോയി. “അവിടെ ക്യാമറണ്ട് ഭായ്, ഇങ്ങട്ട് മാറിന്ന് ഊതിക്കോളീ.” അസ്സല് മലപ്പുറക്കാരൻ. പേരെന്താ പറഞ്ഞതെന്ന് വല്യ ഓർമയില്ല. അലവി എന്നാണെന്ന് തോന്നുന്നു. പരപ്പനങ്ങാടി ചിറമംഗലത്തുകാരൻ, വയസ്സ് അറുപതു കഴിഞ്ഞു കാണും. കഴിഞ്ഞ നാൽപ്പത് കൊല്ലമായി മഞ്ചൂരിൽ മീൻ കച്ചവടം നടത്തുന്നു. താനൂരിൽ നിന്നാണ് ഇവിടേക്ക് മീൻ കൊണ്ടുവരുന്നതത്രെ, ഇവിടെത്തുകാരനെപ്പോലെ മഞ്ചൂരിന്റെ തുടിപ്പും മിടിപ്പും തൊട്ടറിഞ്ഞ ഒരു സാധാരണ കച്ചവടക്കാരൻ. യാത്രകൾ പകർന്നിട്ട കുടിയേറ്റക്കാരുടെ കഥകൾ മാത്രം അകമേ കിടന്നെരിയുന്നുണ്ട്. ഓരോ ദേശവും വരച്ചിട്ട ചിത്രങ്ങളിൽ പ്രവാസത്തിന്റെ, കുടിയേറ്റത്തിന്റെ പൊള്ളൽപാടുകളുണ്ട്. ആവലാഞ്ചിയിലേക്കാണ് ഇനി യാത്ര. ഹെയർപിൻ വളവുകൾ പുളഞ്ഞുകയറി പ്രഭാതത്തിന്റെ പ്രഭാതുടിപ്പിലൂടെ മഞ്ഞു പുകകളെ വകഞ്ഞുമാറ്റി നീങ്ങുകയാണ് ബൈക്കുകൾ. ഇത്ര മനോഹരമായ ഭൂപ്രകൃതി ഈ ദേശത്തിന്റെ മാത്രം മഹിമയാണ്.ചെറിയ കുന്നുകളും മലകളും പച്ചക്കരിമ്പടം പുതച്ചു കിടക്കുന്നു.

അങ്ങകലേക്ക് കണ്ണെറിഞ്ഞാൽ ഗിരിശൃംഗങ്ങളിൽ ആകാശം കെട്ടിപ്പുണർന്ന് കിടക്കുന്നു. കൃഷി ചേതോഹരമായൊരു കലയാണെന്ന് അവലാഞ്ചിയിലൂടെയുള്ള യാത്രക്കിടയിലാണ് ശരിക്കും ബോധ്യമായത്. ഇവിടത്തുകാർ ദിവ്യസ്പർശമേറ്റ കലാകാരന്മാരാണെന്നും ക്യാരറ്റ് പാടങ്ങളിലൂടെ ബിറ്റ്‌റൂട്ടും കോളിഫ്ലവറും കലാപരമായി കൃഷി ചെയ്ത കുന്നിൻചെരിവുകളും താണ്ടി തണുപ്പിന്റെ തോളിൽ കൈയിട്ട് അവലാഞ്ചിയിലെത്തുമ്പോൾ സമയം പത്ത് മണി കഴിഞ്ഞിരുന്നു. കാടിനുള്ളിലേക്ക് വനം വകുപ്പിന്റെ വാനിലാണ് യാത്ര.ആളൊന്നിന് 160 രൂപ കൊടുക്കണം. ഞങ്ങളുടെ കൂടെ ഒരു ബംഗളൂരു കുടുംബവുമുണ്ട് വാനിൽ,പാട്ടൊക്കെ പാടി ആസ്വദിക്കാമെന്ന് വിചാരിച്ച് മുഹമ്മദ്‌ തൊണ്ട മുറുക്കാൻ തുടങ്ങവേ കൂടെയുള്ള ജീവനക്കാരൻ കാടിന്റെ മാഹാത്മ്യവും സംസാരം അശേഷം പാടില്ലെന്നും പറഞ്ഞ് സ്ട്രോങ്ങായി.നീലഗിരിയുടെ ആഭരണമായ ഷോളാസ് വനം കാഴ്ചയിൽ കാനനഭംഗിയുടെ രസതന്ത്രം പറയും. നിത്യഹരിത വനമാണ്. ദൂരക്കാഴ്ചയിൽ കോളിഫ്ലവർ പാടത്തേക്ക് നോക്കിയാൽ കാണുംപോലെ നിൽക്കുന്ന ഷോളാസ് വനം. തൊട്ടടുത്ത് ചെറിയൊരു വെള്ളച്ചാട്ടം, ക്യാമറക്ക് ഫ്രെയിമിട്ടിരിക്കയാണത്. സെൽഫിക്കാരുടെ കാത്തുനിൽപ്പ് അവിടുന്ന് പുറപ്പെട്ട് ഭവാനി അമ്മൻ ക്ഷേത്രവും അപ്പർഭവാനിയും പൈൻകാടും കണ്ടു തിരിച്ചുവരുമ്പോൾ വലിയ മരങ്ങൾക്കിടയിലൂടെ ഉച്ചവെയിൽ ഊർന്ന് കിടക്കുന്നുണ്ട്. ഇടക്ക് ഗ്ലെൻമോർഗനിലൊന്ന് ചുറ്റിവരണം. ഊട്ടിയിൽനിന്ന് ഗൂഡല്ലൂർ പാതയിൽ പൈക്കര എത്തും മുമ്പ് വലത്തോട്ട് തിരിഞ്ഞ് ഏഴ് കിലോമീറ്റർ ഉള്ളിലേക്ക് സഞ്ചരിച്ചാൽ ഗ്ലെൻമോർഗനിലെത്താം. അവിടെ ഗ്ലെൻമോർഗൻ എസ്റ്റേറ്റും ഡാമും താപനിലയവുമുണ്ട്. ഹെൻറി ഹവാർഡ് എന്ന സായിപ്പാണ്‌ ഈ പദ്ധതിയുടെ ശിൽപ്പി. ഇംഗ്ലണ്ടിലെ ഗ്ലാൻമോർഗൻ എന്ന സ്ഥലപ്പേരിലാണ് ഊട്ടിയിലെ ഈ ഉൾഗ്രാമം ദേശാന്തരകീർത്തി നേടിയത്. ഡാമിന്റെ ബെൽറ്റിലും ചെരിവുകളിലും കുറച്ച് സമയം ചെലവിട്ട് തിരിച്ചുപോരുമ്പോൾ സായാഹ്നം വലവിരിച്ചു തുടങ്ങിയിരുന്നു.