Connect with us

Kozhikode

കോച്ചിംഗ് സെന്റർ: പ്രതിഷേധവുമായി മുസ്‌ലിം സംഘടനകൾ

Published

|

Last Updated

കോഴിക്കോട് | മുസ്‌ലിം സമുദായത്തിലെ ഉദ്യോഗസ്ഥ പിന്നാക്കാവസ്ഥ പരിഹരിക്കാൻ പാലൊളി കമ്മിറ്റി നിർദേശപ്രകാരം സംസ്ഥാനത്താരംഭിച്ച മുസ്‌ലിം കോച്ചിംഗ് സെന്ററുകൾക്കെതിരെയുള്ള നീക്കത്തിൽ വ്യാപക പ്രതിഷേധം. ഉദ്യോഗസ്ഥ ലോബിയുടെയും സഭകളുടെയും നേതൃത്വത്തിൽ നടക്കുന്ന ശ്രമങ്ങൾക്കെതിരെ വിവിധ മുസ്‌ലിം സംഘടനകൾ രംഗത്ത് വന്നു.

വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച ഈ സെന്ററുകൾ വഴി മുസ്‌ലിം വിഭാഗത്തിലെ നിരവധി പേർ ഉദ്യോഗസ്ഥ തലത്തിലെത്തിപ്പെട്ടിട്ടുണ്ടെന്ന് സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. ഇപ്രാവശ്യം സിവിൽ സർവീസ് പരീക്ഷയിൽ പോലും പുരോഗതി കാണുന്നതായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഈ സാഹചര്യത്തിൽ മുസ്‌ലിം കോച്ചിംഗ് സെന്ററുകൾ മുസ്‌ലിംകൾക്ക് പര്യാപ്തമാകുന്ന രീതിയിലും കൂടുതൽ പ്രാതിനിധ്യം ലഭിക്കുന്ന രീതിയിലും നിലനിർത്തണമെന്നാണ് ആവശ്യം. ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് അവരുടേതായ മേഖലകളിൽ പരിശീലനം നൽകുന്നതിനും മറ്റും നിരവധി സംവിധാനങ്ങൾ നിലനിൽക്കെ മുസ്‌ലിംകൾക്കനുവദിച്ച ആനുകൂല്യങ്ങൾ കവർന്നെടുക്കാൻ അനുവദിക്കില്ലെന്നാണ് സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്.

മുസ്‌ലിം കോച്ചിംഗ് സെന്ററുകൾ അട്ടിമറിക്കാനുള്ള നീക്കത്തിൽ കടുത്ത പ്രതിഷേധമുണ്ടെന്ന് എം എസ് എസ് സംസ്ഥാന പ്രസിഡന്റ് സി പി കുഞ്ഞുമുഹമ്മദ് പ്രതികരിച്ചു. മുസ്‌ലിംകൾക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ നിലനിർത്തണമെന്നും ഇത്തരം നീക്കങ്ങൾ തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോച്ചിംഗ് സെന്ററുകൾ അട്ടിമറിക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്ന് മെക്ക സംസ്ഥാന സെക്രട്ടറി കെ എം അബ്ദുൽ കരീം പറഞ്ഞു.
ഇത്തരത്തിലുള്ള സെന്ററുകൾ ആരംഭിച്ചതിനെ തുടർന്നാണ് ചെറിയ തോതിലെങ്കിലും മുസ്‌ലിം വിഭാഗത്തിന് ഉദ്യോഗ തലത്തിൽ പ്രാതിനിധ്യത്തിന്റെ കാര്യത്തിൽ പുരോഗതി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മുസ്‌ലിം വിഭാഗത്തിൽ നിന്നുള്ള അപേക്ഷകരുടെ എണ്ണം കൂടിയത് കാരണം പല സ്ഥലങ്ങളിലും ടെസ്റ്റ് നടത്തിയാണ് വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നത്. ഉദ്യോ ഗ തലത്തിലുള്ള പിന്നാക്കാവസ്ഥ പരിഹരിക്കാൻ വേണ്ടിയാണ് മുസ്‌ലിംകൾക്ക് മാത്രമായി ഈ സ്ഥാപനം ആരംഭിച്ചിട്ടുള്ളത്. എന്നാൽ ക്രൈസ്തവ സഭകൾക്ക് പരിശീലനം നൽകാൻ നിരവധി സംവിധാനങ്ങളുണ്ട് എന്നിരിക്കെ ഇത്തരത്തിലുള്ള കേന്ദ്രങ്ങൾ മുസ്‌ലിംകൾക്ക് മാത്രമായി നിലനിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സെന്ററുകളുടെ പേര് മാറ്റിയും മറ്റ് വിഭാഗങ്ങൾക്ക് 20 ശതമാനം സീറ്റുകൾ അനുവദിച്ചും മുസ്‌ലിം മുന്നേറ്റത്തെ തകർക്കാനുള്ള ഉദ്യോഗസ്ഥ ലോബിയുടെ ഗൂഢ നീക്കം സച്ചാർ സമിതി റിപ്പോർട്ടിൽ ഇടത് സർക്കാർ സ്വീകരിച്ച നടപടികളെ തകിടം മറിക്കുന്നതാണെന്ന് കേരള മുസ്‌ലിം ജമാഅത്തും പ്രതികരിച്ചു. സർക്കാർ സർവീസിൽ സംവരണത്തിന് സ്വീകരിക്കുന്ന ശതമാനവും റൊട്ടേഷനും ജനസംഖ്യാനുപാതികമായി പുനഃക്രമീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

---- facebook comment plugin here -----

Latest