ട്രൈബ്യൂണല്‍ റൂള്‍സ് 2020: ഒളിച്ചുകടത്തിയ മറ്റൊരു ചതി

Posted on: October 14, 2020 6:40 am | Last updated: October 14, 2020 at 6:56 am

അടിയന്തരാവസ്ഥയില്‍ ഒരേ ദിവസം 16 ഹൈക്കോടതി ജഡ്ജിമാരെ വരെ സ്ഥലം മാറ്റി ഇന്ദിരാ ഭരണകൂടം. പക്ഷേ, ഇന്ദിരാ ഗാന്ധിക്ക് മുമ്പില്‍ ജുഡീഷ്യറി സമ്പൂര്‍ണമായി കീഴടങ്ങിയില്ല. പ്രതിഷേധിച്ചും പ്രതിരോധിച്ചും നിലകൊണ്ടു ന്യായാധിപ പ്രമുഖര്‍. ഭരണകൂടത്തെ പ്രീതിപ്പെടുത്തി ഉണ്ടും ഉറങ്ങിയും കഴിഞ്ഞുകൂടിയവരില്ല എന്നല്ല. മറിച്ച് നീതിന്യായ വ്യവസ്ഥയെ സംരക്ഷിക്കണമെന്ന പൊതുവികാരം ന്യായാധിപര്‍ക്കിടയില്‍ നിലനില്‍ക്കുകയും അപ്പടി പ്രവര്‍ത്തിക്കുകയും ചെയ്തവരുണ്ടായിരുന്നു. വര്‍ത്തമാനകാല ഇന്ത്യനവസ്ഥയില്‍ പലപ്പോഴും നീതിപീഠങ്ങള്‍ ഭരണകൂട താത്പര്യമെന്തെന്ന് അറിയാന്‍ കാത്തിരിക്കുകയാണ്, അത് സാധിപ്പിച്ചു കൊടുക്കാന്‍. അത്തരമൊരു ദശാസന്ധിയില്‍ ന്യായാസനങ്ങളുടെ കഴുത്തിന് പിടിക്കാന്‍ ഫാസിസ്റ്റ് ഭരണ രഥമുരുട്ടുന്നവര്‍ക്ക് ആരെയും കാത്തിരിക്കേണ്ടതില്ല. ജുഡീഷ്യറിയെ ഒന്നാകെ വിലക്കു വാങ്ങുന്നതിന്റെ സമാരംഭമാണെന്ന് തോന്നുന്നു ട്രൈബ്യൂണല്‍ റൂള്‍സ് 2020. ആധിപെരുത്ത മനുഷ്യര്‍ നെട്ടോട്ടമോടുന്ന മഹാമാരിക്കാലത്ത് ഒളിച്ചുകടത്തിയ മറ്റൊരു ചതിയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.

തര്‍ക്ക പരിഹാരത്തിന് നിയമം വഴി സ്ഥാപിക്കപ്പെട്ട നീതിന്യായ സ്ഥാപനങ്ങളാണ് ട്രൈബ്യൂണലുകള്‍. നീതിന്യായ സ്ഥാപനങ്ങളാണെങ്കിലും തെളിവ് നിയമത്തിന്റെയോ സിവില്‍ നടപടി ക്രമങ്ങളുടെയോ കണിശമായ ചട്ടക്കൂടിനകത്തല്ല ട്രൈബ്യൂണലുകള്‍ പ്രവര്‍ത്തിക്കുന്നത്. മാത്രമല്ല നടപടിക്രമങ്ങള്‍ ലഘൂകരിച്ച് അതിവേഗം നീതി ലഭ്യമാക്കുക എന്നത് ട്രൈബ്യൂണലുകളുടെ പ്രധാന ലക്ഷ്യവുമാണ്. 1976ല്‍ 42ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് ട്രൈബ്യൂണലുകള്‍ ഭരണഘടനയുടെ ഭാഗമാകുന്നത്.

2017ലെ ഫിനാന്‍സ് ആക്ടിലെ 184ാം വകുപ്പിന്റെ ബലത്തിലാണ് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ (CAT) ഉള്‍പ്പെടെയുള്ള 19 ട്രൈബ്യൂണലുകളിലെ നിയമനം നിയന്ത്രിക്കുന്നതിനുള്ള റൂള്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. ഭരണഘടനയുടെ മൗലിക സ്വഭാവത്തിന്റെ ഭാഗമായ അധികാര വിഭജനത്തെയും നീതിന്യായ സ്വാതന്ത്ര്യത്തെയും നിഷേധിക്കുന്നതാണ് ട്രൈബ്യൂണല്‍ റൂളെന്ന് പ്രഥമ വായനയില്‍ തന്നെ ബോധ്യപ്പെടുന്നതാകയാല്‍ വിവിധ മേഖലകളില്‍ നിന്ന് ശക്തമായ വിമര്‍ശങ്ങള്‍ ഉയര്‍ന്നു വന്നു. ട്രൈബ്യൂണലുകളെ എക്‌സിക്യൂട്ടീവിന്റെ കളിപ്പാവകളാക്കി മാറ്റി നീതിന്യായ സംവിധാനത്തെ അട്ടിമറിക്കാന്‍ കൊണ്ടുവന്ന റൂള്‍ കോടതി കയറിയതിനൊടുവില്‍ 2019 നവംബര്‍ 13ന് റോജര്‍ മാത്യു കേസില്‍ സുപ്രീം കോടതി ഭരണഘടനാ ബഞ്ച് വിവാദ റൂള്‍ റദ്ദാക്കുകയുണ്ടായി.

ട്രൈബ്യൂണല്‍ അംഗങ്ങളെ കണ്ടെത്തുന്നതിനുള്ള സേര്‍ച്ച് കം സെലക്ട് കമ്മിറ്റിയുടെ ഘടന നീതിന്യായ മേല്‍ക്കോയ്മയെ (Judicial dominance) തള്ളുന്നതും തത്സ്ഥാനത്ത് എക്‌സിക്യൂട്ടീവ് ഇരിപ്പുറപ്പിക്കുന്ന വിധത്തിലുമായിരുന്നു. അടിയന്തരാവസ്ഥക്കാലത്തെ അനുഭവങ്ങളില്‍ നിന്നാണ് ജുഡീഷ്യറിയെ എക്‌സിക്യൂട്ടീവിന്റെ അപ്രമാദിത്വത്തില്‍ നിന്ന് മുക്തമാക്കണമെന്ന ആവശ്യമുയര്‍ന്നതും ഭരണഘടനാ കോടതികളില്‍ ന്യായാധിപരെ നിയമിക്കുന്നതിന് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഞ്ച് ന്യായാധിപരടങ്ങുന്ന കൊളീജിയം സംവിധാനം പില്‍ക്കാലത്ത് രൂപവത്കരിക്കുന്നതും. അത് കുറ്റമറ്റ സംവിധാനമാണെന്ന് പറയാവതല്ലെങ്കിലും കൊളീജിയം തീരുമാനങ്ങള്‍ ഏറെക്കുറെ സുതാര്യവും നിഷ്പക്ഷവുമായിരുന്നു. കൊളീജിയം സംവിധാനം ഉടച്ചുവാര്‍ത്ത് പകരം നാഷനല്‍ ജുഡീഷ്യല്‍ അപ്പോയ്ന്‍മെന്റ്സ് കമ്മീഷന്‍ സ്ഥാപിക്കാനുള്ള നിരന്തര ശ്രമങ്ങള്‍ 2014 മുതല്‍ രാജ്യത്ത് നടന്നു വരുന്നതും അതുകൊണ്ടാണ്. അതിന് സമാന്തരമായി ട്രൈബ്യൂണലുകളുടെയും സ്വതന്ത്ര സ്വഭാവം ഇല്ലാതാക്കി ട്രൈബ്യൂണലുകളെ ഭരണകൂട താത്പര്യത്തിനൊത്ത വിധി പുറപ്പെടുവിക്കുന്ന കേന്ദ്രങ്ങളാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ട്രൈബ്യൂണല്‍ റൂള്‍സ് 2017.

ALSO READ  ക്ഷേമമേയില്ല ഈ ബജറ്റില്‍

ട്രൈബ്യൂണലുകളിലെത്തുന്ന ഭൂരിപക്ഷം നിയമ വ്യവഹാരങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ ഒരു കക്ഷിയാകുമെന്നിരിക്കെ ജുഡീഷ്യല്‍ നിയമനങ്ങളില്‍ എക്‌സിക്യൂട്ടീവിന് മുഖ്യ പങ്കാളിത്തം ഉണ്ടാകുന്നത് ഭരണഘടനാ വിരുദ്ധവും സ്വാഭാവിക നീതിയുടെ നഗ്നമായ ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി അതനുവദിച്ചുകൂടെന്ന് വിലയിരുത്തിയാണ് 2017ലെ ട്രൈബ്യൂണല്‍ റൂള്‍സ് റദ്ദാക്കിയത്. 2017ലെ ഫിനാന്‍സ് ആക്ടിന്റെ പരിധിയില്‍ വരുന്ന മുഴുവന്‍ ട്രൈബ്യൂണലുകളുടെയും പ്രവര്‍ത്തനം മുന്‍നിര്‍ത്തി നീതിന്യായ ആഘാത പഠനം നടത്തുക, വിഭവങ്ങളെ കാര്യക്ഷമമായി പ്രയോജനപ്പെടുത്താനും നീതിലഭ്യതയിലേക്കുള്ള ദൂരം കുറക്കാനും വേണ്ടി ഒരേ വിഭാഗത്തിലെ വ്യവഹാരങ്ങള്‍ കൈകാര്യം ചെയ്യുന്ന വ്യത്യസ്ത ട്രൈബ്യൂണലുകള്‍ സംയോജിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും പ്രസ്തുത വിധിയില്‍ സുപ്രീം കോടതി മുന്നോട്ടുവെച്ചിരുന്നു.

എന്നാല്‍, ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച പുതിയ റൂള്‍, നേരത്തേ സുപ്രീം കോടതി ഭരണഘടനാ വിരുദ്ധമെന്ന് കണ്ടെത്തി റദ്ദാക്കാന്‍ നിദാനമായ വിവാദ വകുപ്പുകളുടെ ഉള്ളടക്കം അതേപടി നിലനിര്‍ത്തുന്നതാണെന്നത് നടപ്പുകാല ഇന്ത്യയില്‍ അതിശയോക്തിക്ക് വക നല്‍കുന്ന വാര്‍ത്തയല്ല. എങ്കിലും എത്രമേല്‍ ധാര്‍ഷ്ട്യം നിറഞ്ഞതും രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതുമായ സമീപനമാണ് അതെന്നത് കാണാതിരുന്നു കൂടാ. ഘടനാപരമായ ദൗര്‍ബല്യങ്ങള്‍ ട്രൈബ്യൂണലുകളുടെ കാര്യക്ഷമതയെ ബാധിക്കുന്ന വസ്തുതയും നമുക്ക് മുമ്പിലുണ്ട്. വിരമിച്ച ഹൈക്കോടതി, ജില്ലാ ജഡ്ജിമാരെയാണ് ട്രൈബ്യൂണല്‍ അംഗങ്ങളായി പലപ്പോഴും നിയമിക്കാറുള്ളത്. അതിനാല്‍ തങ്ങളുടെ സര്‍വീസ് നീട്ടിയതാണെന്ന അസുഖകര ഭാവത്തില്‍ കേസുകള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ താത്പര്യപ്പെടുന്നില്ല ട്രൈബ്യൂണല്‍ അധ്യക്ഷന്‍മാരില്‍ പലരും. വിരമിച്ച ന്യായാധിപരെ പുനരധിവസിപ്പിക്കാനുള്ള കേന്ദ്രമായി ട്രൈബ്യൂണലുകളെ കാണുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്.

നിയമ നീതിന്യായ മേഖലയില്‍ പ്രാവീണ്യമില്ലാത്ത ട്രൈബ്യൂണല്‍ അംഗങ്ങള്‍ക്ക് ചില ട്രൈബ്യൂണലുകളുടെ അധ്യക്ഷന്‍മാരാകുന്നതിനുള്ള വകുപ്പ് റൂളിലുണ്ടായിരിക്കെ കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നത് നീതിപൂര്‍വവും സുതാര്യവുമായ നീതിനിര്‍വഹണം നടക്കുകയെന്നതാണെന്ന് കരുതുക വയ്യ. സാമ്പത്തികം, വാണിജ്യം, മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളില്‍ പരിചയമുള്ളവര്‍ക്ക് നിയമ മേഖലയില്‍ പ്രാവീണ്യമില്ലാതെ തന്നെ ട്രൈബ്യൂണല്‍ ചെയര്‍പേഴ്‌സനാകാം എന്നാകുമ്പോള്‍ അട്ടിമറിക്കപ്പെടുന്നത് രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാന തത്വങ്ങളാണ്.

ട്രൈബ്യൂണലൈസേഷന്‍ സംബന്ധമായി സുപ്രീം കോടതിയുടെ മുന്‍ വിധികളും കൂടെ മുഖവിലക്കെടുത്ത് കൊണ്ടായിരിക്കണം പുതിയ റൂള്‍ തയ്യാറാക്കേണ്ടത് എന്ന് റോജര്‍ മാത്യൂ കേസില്‍ 2017ലെ റൂള്‍ റദ്ദാക്കവെ സുപ്രീം കോടതി ഭരണഘടനാ ബഞ്ച് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ നീതിന്യായ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന അത്തരം കോടതി വിധികളൊന്നും പരിഗണനക്കെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സന്നദ്ധമായില്ല. ട്രൈബ്യൂണലുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ഫണ്ടും അടിസ്ഥാന സൗകര്യങ്ങളും അനുവദിക്കുന്ന മന്ത്രാലയം തന്നെ ഒട്ടുമിക്ക നിയമ വ്യവഹാരങ്ങളിലും ഒന്നാമത്തെ എതിര്‍ കക്ഷിയായെത്തുന്നു. അതത് മന്ത്രാലയങ്ങള്‍ പ്രതിനിധാനം ചെയ്യുന്നത് കേന്ദ്ര സര്‍ക്കാറിനെയാണ്. സിവില്‍ കോടതിയലക്ഷ്യ നടപടിക്ക് അധികാരമില്ലാത്ത ട്രൈബ്യൂണലുകള്‍ സമ്മര്‍ദങ്ങളെ മറികടന്ന് നീതിപൂര്‍വം വിധി നടത്തിയാലും നാമറിയുന്ന ഭരണകൂടം വിധി നടപ്പാക്കുമോ എന്നത് കണ്ടറിയേണ്ടതാണ്.
ട്രൈബ്യൂണല്‍ അംഗങ്ങള്‍ക്കെതിരെ പരാതി ഉന്നയിക്കേണ്ടതും രക്ഷാകര്‍തൃ പദവിയിലുള്ള മന്ത്രാലയത്തിന് മുമ്പിലാണ്. കേന്ദ്ര സര്‍ക്കാര്‍ “പരിഷ്‌കരിച്ച’ റൂളിലും ട്രൈബ്യൂണല്‍ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള കമ്മിറ്റിയംഗമാണ് മന്ത്രാലയ സെക്രട്ടറി. നീതിന്യായ സ്വാതന്ത്ര്യത്തിലേക്കുള്ള അപകടകരമായ കടന്നുകയറ്റമാണിത്. രാജ്യത്തെ സകല നീതി സങ്കല്‍പ്പങ്ങളുടെയും അടിത്തറ മാന്തുന്ന റൂളിനെതിരെ മദ്രാസ് ബാര്‍ അസോസിയേഷന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ വാദം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഈ ഘട്ടത്തില്‍ ട്രൈബ്യൂണലുകളുടെ പ്രവര്‍ത്തനങ്ങളെ പരിശോധനക്ക് വിധേയമാക്കുക കൂടി ചെയ്യുന്നത് അഭികാമ്യമായിരിക്കും. അസമിലെ പൗരത്വ പട്ടികയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ഫോറിനേഴ്‌സ് ട്രൈബ്യൂണലുകള്‍ നിരുത്തരവാദപരമായി വ്യവഹാരങ്ങളെ സമീപിച്ചിരുന്ന സമീപകാല അനുഭവത്തിന്റെ വെളിച്ചത്തില്‍ വായിക്കുമ്പോള്‍ ട്രൈബ്യൂണലുകളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഔപചാരിക തലത്തിലുള്ള പഠനം നടക്കുക വേണം. അസമിലെ പൗരത്വ പ്രശ്‌നത്തില്‍ കേന്ദ്ര ഭരണകൂടത്തിന്റെ ഇംഗിതം നടപ്പാക്കാന്‍ പാകത്തിലായിരുന്നു ഫോറിനേഴ്‌സ് ട്രൈബ്യൂണലുകളുടെ ഇടപെടല്‍. അതിനാല്‍, അനുയോജ്യരെ മാത്രം ട്രൈബ്യൂണല്‍ അംഗങ്ങളാക്കുകയാണെങ്കില്‍ ജുഡീഷ്യറിയെ എക്‌സിക്യൂട്ടീവ് വിഴുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് തന്നെ മനസ്സിലാക്കാം.

ALSO READ  കേരളം / ആര്‍ ജി സി ബി: പേര് മാറ്റത്തിലെ ജനാധിപത്യവും ഫാസിസവും