Connect with us

International

ഹൈദരാബാദിനെതിരെ ചെന്നൈക്ക് 20 റണ്‍സിന്റെ ജയം

Published

|

Last Updated

ദുബൈ  | ചൊവ്വാഴ്ച നടന്ന ഐ പി എല്‍ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേ ചെന്നൈ സൂപ്പര്‍ കിങ്സിന് 20 റണ്‍സ് ജയം.

ചെന്നൈ ഉയര്‍ത്തിയ 168 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. എട്ടു മത്സരങ്ങളില്‍ നിന്ന് ചെന്നൈയുടെ മൂന്നാം ജയമാണിത്.

കെയ്ന്‍ വില്യംസണ്‍ ഒറ്റക്ക് പൊരുതിയെങ്കിലും ഹൈദരാബാദിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല. 39 പന്തുകള്‍ നേരിട്ട് ഏഴു ബൗണ്ടറികള്‍ സഹിതം 57 റണ്‍സെടുത്ത വില്യംസണ്‍ 18-ാം ഓവറില്‍പുറത്തായതോടെ ഹൈദരാബാദ് കളി കൈവിടുകയായിരുന്നു.

വില്യംസണ്‍ പുറത്തായ ശേശം എട്ട് പന്തില്‍ 14 റണ്‍സെടുത്ത റാഷിദ് ഖാന്റെ ചെറിയ കാമിയോ ഇന്നിങ്സിനും ടീമിനെ രക്ഷിക്കാനായില്ല.

168 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ (9), മനീഷ് പാണ്ഡെ (4) എന്നിവരെ തുടക്കത്തിലേ നഷ്ടമായി.

തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച ജോണി ബെയര്‍സ്റ്റോ – കെയ്ന്‍ വില്യംസണ്‍ സഖ്യം ഹൈദരാബാദിനെ മുന്നോട്ടുനയിക്കുന്നതിനിടെ ബെയര്‍സ്റ്റോയെ പുറത്താക്കി രവീന്ദ്ര ജഡേജ ഈ കൂട്ടുകെട്ട് പൊളിച്ചു. 24 പന്തില്‍ നിന്ന് രണ്ടു ഫോറുകളടക്കം 23 റണ്‍സെടുത്താണ് ബെയര്‍സ്റ്റോ പുറത്തായത്.

പ്രിയം ഗാര്‍ഗ് (16), വിജയ് ശങ്കര്‍ (12), ഷഹ്ബാസ് നദീം (5) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. ചെന്നൈക്കായി കരണ്‍ ശര്‍മയും ബ്രാവോയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുത്തിരുന്നു.

മൂന്നാം വിക്കറ്റില്‍ 81 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഷെയ്ന്‍ വാട്ട്സണ്‍ – അമ്പാട്ടി റായുഡു സഖ്യമാണ് ചെന്നൈയുടെ ഭേദപ്പെട്ട സ്‌കോറിനു പിന്നില്‍. 34 പന്തില്‍ രണ്ട് സിക്സും മൂന്ന് ഫോറുമടക്കം 41 റണ്‍സെടുത്ത റായുഡുവിനെ പുറത്താക്കി ഖലീല്‍ അഹമ്മദാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 38 പന്തുകള്‍ നേരിട്ട വാട്ട്സണ്‍ മൂന്നു സിക്സും ഒരു ഫോറുമടക്കം 42 റണ്‍സെടുത്തു.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്കായി പതിവിന് വിപരീതമായി ഫാഫ് ഡുപ്ലെസിക്കൊപ്പം സാം കറനാണ് ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത്. നേരിട്ട ആദ്യ പന്തില്‍ തന്നെ ഡുപ്ലെസി (0) മടങ്ങിയെങ്കിലും തകര്‍ത്തടിച്ച സാം കറന്‍ 21 പന്തില്‍ നിന്ന് രണ്ടു സിക്സും മൂന്നു ഫോറുമടക്കം 31 റണ്‍സെടുത്താണ് മടങ്ങിയത്. സന്ദീപ് ശര്‍മയാണ് കറനെയും ഡുപ്ലെസിയേയും മടക്കിയത്.

നാല് ഓവറില്‍ വെറും 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റ് വീഴ്ത്തിയ സന്ദീപ് ഹൈദരാബാദിനായി ബൗളിങ്ങില്‍ തിളങ്ങി. ഖലീല്‍ അഹമ്മദും രണ്ടു വിക്കറ്റ് വീഴ്ത്തി.

ക്യാപ്റ്റന്‍ ധോനി 13 പന്തില്‍ നിന്ന് 21 റണ്‍സെടുത്ത് പുറത്തായി. രവീന്ദ്ര ജഡേജ 10 പന്തില്‍ നിന്ന് 25 റണ്‍സോടെ പുറത്താകാതെ നിന്നു.

Latest