Kerala
തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മാര്‍ഗനിര്‍ദേശങ്ങളുമായി കെ പി സി സി അധ്യക്ഷന്‍

തിരുവനന്തപുരം | തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിനായി കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. രാഷ്ട്രീയേതര ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരെയും അഴിമതി ആരോപണങ്ങള്‍ നേരിടുന്നവരെയും സ്ഥാനാര്‍ഥികളാക്കരുതെന്ന് മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇങ്ങിനെയുള്ളവര്‍ സ്ഥാനാര്‍ഥികളാകുന്ന സ്ഥിതി വന്നാല്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിനായി ചുമതലപ്പെടുത്തിയ സബ് കമ്മിറ്റിയുടെ പേരില്‍ നടപടിയെടുക്കും. പാര്‍ട്ടി അംഗത്വമോ പോഷക സംഘടനാ അംഗത്വമോ ഉള്ളവരാകണം സ്ഥാനാര്‍ഥികള്‍. പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കുമെന്ന് സ്ഥാനാര്‍ഥികള്‍ സാക്ഷ്യപത്രം നല്‍കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
അമ്പത് ശതമാനം വനിതാ സംവരണമുള്ളതിനാല്‍ ജനറല്‍ സീറ്റുകളില്‍ വനിതകള്‍ മത്സരിക്കുന്ന സാഹചര്യം പരമാവധി ഒഴിവാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഒരേ വാര്‍ഡില്‍ തന്നെ ഭര്‍ത്താവും ഭാര്യയും മാറി മാറി മത്സരിക്കുന്ന സാഹചര്യവും പരമാവധി ഒഴിവാക്കണം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിമതനായി മത്സരിച്ചവരെ സ്ഥാനാര്‍ഥികളായി പരിഗണിക്കരുത്. ത്രിതല പഞ്ചായത്ത് നഗരസഭാ അധ്യക്ഷന്മാരായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ പാര്‍ട്ടി ഭാരവാഹിത്വം രാജിവെക്കണമെന്ന നിര്‍ദേശവും കെ പി സി സി അധ്യക്ഷന്‍ മുന്നോട്ടു വച്ചിട്ടുണ്ട്.