Connect with us

Covid19

പഴവും പച്ചക്കറിയും അണുവിമുക്തമാക്കാന്‍ അള്‍ട്രാവയലറ്റ് ബോക്‌സ്; 14കാരന് പേറ്റന്റ്

Published

|

Last Updated

മുംബൈ | കൊറോണ വൈറസ് പകര്‍ച്ചവ്യാധി രാജ്യത്ത് ഭീതി സൃഷ്ടിക്കുന്നതിനിടയില്‍ പഴങ്ങളും പച്ചക്കറികളും അണുവിമുക്തമാക്കാന്‍ സഹായിക്കുന്ന അള്‍ട്രാവയലറ്റ് അധിഷ്ടിത ബോക്‌സ് വികസിപ്പിച്ച 14കാരന് കേന്ദ്ര സര്‍ക്കാറിന്റെ പേറ്റന്റ് ലഭിച്ചു. മഹാരാഷ്ട്രയിലെ പൂനെയില്‍ നിന്നുള്ള ആദിത്യ പച്ച്പാണ്ഡേയാണ് ബോക്‌സ് വികസിപ്പിച്ചത്. രാസവസ്തുക്കള്‍ ഒന്നും ഉപയോഗിക്കുന്നില്ല എന്നതാണ് ഈ അണുനശീകരണ ബോക്‌സിന്റെ പ്രത്യേകത. ആവശ്യക്കാര്‍ക്ക് ബോക്‌സ് സൗജന്യമായി വിതരണം ചെയ്യുകയും ചെയ്തിരുന്നു.

അള്‍ട്രാവയലറ്റ് സി റേഡിയേഷന്‍ ഉപയോഗിച്ചാണ് ബോക്‌സിന്റെ പ്രവര്‍ത്തനം. തന്റെ അമ്മ പഴങ്ങളും പച്ചക്കറികളും അണുവിമുക്തമാക്കാന്‍ കഷ്ടപ്പെടുന്നത് കണ്ടതാണ് ആദിത്യയെ ഇത്തരമൊരു കണ്ടുപിടുത്തത്തിന് പ്രേരിപ്പിച്ചത്. “എല്ലാ പ്രതിസന്ധികളും വലിയ അവസരമാണ്” എന്ന ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ വാക്കുകളാണ് തനിക്ക് പ്രചോദനമായതെന്ന് ആദിത്യ പറയുന്നു. ചെറിയ ബിസിനസ്സുകള്‍ക്കും വീടുകള്‍ക്കും വ്യക്തിഗത ആവശ്യങ്ങള്‍ക്കും അനുയോജ്യമാണ് തന്റെ സുരക്ഷാ ബോക്‌സെന്നും ആദിത്യ മാധ്യമങ്ങളോട് പറഞ്ഞു.

വായു, ജലം, സുഷിരങ്ങളില്ലാത്ത പ്രതലങ്ങള്‍ എന്നിവ അണുവിമുക്തമാക്കാന്‍ ആണ് അള്‍ട്രാവയലറ്റ്-സി (യുവിസി) റേഡിയേഷന്‍ ഉപയോഗിക്കുന്നത്. യുവിസി കൊറോണ വൈറസിനെ നശിപ്പിക്കാന്‍ ഫലപ്രദമാണെന്ന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അസോസിയേഷന്‍ കണ്ടെത്തിയിട്ടുണ്ട്.

ഒക്ടോബര്‍ 2-ന് നടന്ന ലോക വിദ്യാര്‍ത്ഥി ഇന്നൊവേഷന്‍ സമ്മിറ്റിലാണ് ആദിത്യന്റെ കമ്പനിയായ നെക്സ്റ്റ്‌ജെന്‍നോവ്-8 ആദ്യമായി സുരക്ഷബോക്‌സ് പുറത്തിറക്കിയത്. മഹാത്മ ഗാന്ധിയുടെ 151-ാം ജന്മദിനത്തില്‍ നടന്ന ഉച്ചകോടിയില്‍ പാവപ്പെട്ടവര്‍ക്ക് 15,100 സുരക്ഷാ ബോക്‌സുകള്‍ സംഭാവന ചെയ്യുന്നതിനായി “മിഷന്‍ 15.1കെ” എന്ന പദ്ധതിക്കും ആദിത്യ തുടക്കം കുറിച്ചിട്ടുണ്ട്.

ഒന്നിലധികം അവാര്‍ഡുകള്‍ നേടിയ ആദിത്യ ഹാര്‍വാര്‍ഡ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് മൂന്ന് വേനല്‍ക്കാല അക്കാദമി കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ ഏറ്റവും പ്രായം കുറഞ്ഞ വിദ്യാര്‍ത്ഥിയാണ്. വിദ്യാഭ്യാസവും നവീകരണവും എന്ന വിഷയത്തില്‍ നിരവധി അന്താരാഷ്ട്ര ഉച്ചകോടികളില്‍ ഈ മിടുക്കം മുഖ്യ പ്രഭാഷണം നടത്തിയിട്ടുണ്ട്.

Latest