എസ് എസ് എഫ് പാലക്കാട് ജില്ലാ സാഹിത്യോത്സവിന് തുടക്കമായി

Posted on: October 10, 2020 12:10 am | Last updated: October 16, 2020 at 9:32 pm


പാലക്കാട് | ഇരുപത്തി ഏഴാമത് എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവിന് തുടക്കമായി. ഓണ്‍ലൈന്‍ വഴി നടന്ന ചടങ്ങില്‍ സാഹിത്യകാരന്‍ പി കെ പാറക്കടവ് ഉദ്ഘാടനം ചെയ്തു. പൗരത്വം പോലും ചോദ്യം ചെയ്യപ്പെടുന്ന കലികാലത്ത് സാഹിത്യത്തിനും കലക്കും അതിജീവനത്തിന്റെ പുതുകഥകള്‍ രചിക്കാന്‍ കഴിയുമെന്ന് പി കെ പാറക്കടവ് അഭിപ്രായപ്പെട്ടു.

കല ഉള്ളവനാണ് സമൂഹത്തിൽ സ്ഥാനം ഉള്ളത്. തന്റെ ഉള്ളിലുള്ള നൈസർഗികമായ ഭാവനകളെ സമൂഹത്തിനും നാടിനും ഉപകരിക്കുന്ന രൂപത്തില്‍ ഉപയോഗിക്കുന്നതിലൂടെയാണ് കലാകാരന്റെ പ്രസക്തി വര്‍ധിക്കുന്നത്. ആസുര കാലത്ത് സ്ഥിതിഗതികള്‍ വിലയിരുത്തി പരിമിതികളുണ്ടെങ്കിലും അവകൾ മറികടന്ന് സാധ്യതകള്‍ ഉപയോഗപ്പെടുത്തി എസ് എസ് എഫ് വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ കലകളെ പരിശീലിക്കാനും പരിപോഷിപ്പിക്കാനും വേദിയൊരുക്കുന്നത് പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.

സമസ്ത കേന്ദ്ര മുശാവറ അംഗം കെ പി മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം അനുഗ്രഹ പ്രഭാഷണം നടത്തി. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സി കെ റാശിദ് ബുഖാരി സന്ദേശ പ്രഭാഷണം നടത്തി.

കേരള മുസ്‌സിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി ഇ വി അബ്ദുര്‍ റഹ്്മാന്‍ ഹാജി, പി പി മുഹമ്മദ് കുട്ടി മാസ്റ്റര്‍, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സുലൈമാന്‍ മുസ്്ലിയാര്‍ ചുണ്ടമ്പറ്റ, ടി പി എം കുട്ടി മുസ്്ലിയാര്‍, എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി ഉമര്‍ ഓങ്ങല്ലൂര്‍, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സഫ്്വാന്‍, ജാബിര്‍ സഖാഫി മപ്പാട്ടുകര, ഉസ്മാന്‍ സഖാഫി പട്ടാമ്പി, നൗഫല്‍ പാവുക്കോണം പങ്കെടുത്തു.

നാളെ നടക്കുന്ന സമാപന സംഗമം സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും. സമസ്ത കേന്ദ്ര മുശാവറ അംഗം മാരായമംഗലം അബ്ദുര്‍റഹ്്മാന്‍ ഫൈസി അനുമോദന പ്രഭാഷണം നടത്തും. ജില്ലയിലെ 12 ഡിവിഷനുകളില്‍ നിന്നുള്ള ആയിരത്തോളം പ്രതിഭകള്‍ ഓണ്‍ലൈനില്‍ സജ്ജമാക്കിയ ഏഴ് വേദികളിലായി ഒന്പത് വിഭാഗങ്ങളിൽ ‍വിവിധ മത്സരങ്ങളില്‍ മാറ്റുരക്കും.

സെമിനാര്‍ പ്രസന്റ്‌റേഷന്‍ ഇന്ന്

പാലക്കാട് | ജില്ലാ സാഹിത്യോത്സവിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സെമിനാര്‍ അവതരണം ഇന്ന് വൈകിട്ട് എട്ട് മണിക്ക് ഓണ്‍ലൈന്‍ വഴി നടക്കും. മാപ്പിള സാഹിത്യവും മലബാറിന്റെ സാംസ്‌കാരിക പൈതൃകവും എന്ന വിഷയത്തിലാണ് അവതരണം.

സെമിനാര്‍ പ്രസന്റേഷന്‍ കേരള മുസ്്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ്് സിറാജുദ്ദീന്‍ ഫൈസി വല്ലപ്പുഴ ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് ജില്ലാ സെക്രട്ടറി അശ്‌റഫ് അഹ്‌സനി ആനക്കര മോഡറേറ്ററാകും. മുഹമ്മദ് മുസ്തഫ ചെര്‍പ്പുളശ്ശേരി, ശാഹിദ് പള്ളിക്കുന്ന്, ആശിഖ് അവണക്കുന്ന്, നജീബുർറഹ്മാന്‍ കൂമഞ്ചേരികുന്ന്, മുഹമ്മദ് സ്വാലിഹ് ചീളിപ്പാടം പങ്കെടുക്കും.