കള്ളപ്പണം പിടികൂടിയ സ്ഥലത്ത് പോയത് സമ്മതിച്ച് പി ടി തോമസ്

Posted on: October 9, 2020 11:42 am | Last updated: October 9, 2020 at 8:54 pm

കൊച്ചി | എറണാകുളത്ത് കഴിഞ്ഞ ദിവസം 88 ലക്ഷം രൂപയുടെ കള്ളപ്പണം ആദായ നികുതി വകുപ്പ് പിടികൂടിയ സ്ഥലത്ത് പോയതായി സമ്മതിച്ച് പി ടി തോമസ് എം എല്‍ എ. തന്റെ മുന്‍ ഡ്രൈവറുടെ ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ടാണ് പോയത്. എന്നാല്‍ ഉദ്യോഗസ്ഥരെ കണ്ട് ഓടി പോകാന്‍ ശ്രമിച്ചെന്നത് വ്യാജപ്രചാരണമാണ്. സംഭവസ്ഥലത്ത് നിന്നും മടങ്ങുമ്പോള്‍ ചിലര്‍ അവിടേക്ക് പോകുന്നത് കണ്ടു. അത് ആദായനികുതി ഉദ്യോഗസ്ഥരാണെന്ന് പി്‌നീടാണ് മനസ്സിലായതെന്നും പി ടി തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചു.

കൊച്ചി ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തിനടുത്തുളള രാജീവന്‍ എന്നയാളുടെ വീട്ടില്‍ നിന്ന് ആദായ നികുതി ഉദ്യോഗസ്ഥര്‍ പണം കണ്ടെടുക്കുമ്പോള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് എം എല്‍ എ സ്ഥലത്തുണ്ടായിരുന്നെന്നും ഉദ്യോഗസ്ഥരെത്തിയതിന് പിന്നാലെ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടെന്നുമായിരുന്നു പ്രചാരണം. എം എല്‍എക്കൊപ്പം കൊച്ചി നഗരസഭയിലെ കൗണ്‍സിലറും ഉണ്ടായിരുന്നതായണ് റിപ്പോര്‍ട്ട്. ഭൂമി കച്ചവടത്തിന്റെ മറവില്‍ കള്ളപ്പണം കൈമാറാന്‍ ശ്രമത്തെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്. സ്ഥലമിടപാടിനായി രാധാകൃഷ്ണന്‍ കൊണ്ടുവന്ന പണമാണ് ആദായനികുതി വകുപ്പ് പിടിച്ചെടുത്തതെന്നാണ് സൂചന.

അതിനിടെ സംഭവത്തില്‍ പി ടി തോമസിന്റെ രാജി ആവശ്യപ്പെട്ട് ഡി വൈ എഫ് ഐ രംഗത്തെത്തി. എറണാകുളത്ത് കഴിഞ്ഞ ദിവസം 88 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടിയ സംഭവത്തില്‍ ഇതിന്റെ തലവന്‍ പി ടി തോമസാണെന്ന് ഡി ഐ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം പറഞ്ഞു. താന്‍ ഓടിയില്ലെന്നും എന്നാല്‍ കള്ളപ്പണ കേന്ദ്രത്തില്‍ ഉണ്ടായിരുന്നു എന്നും പി ടി തോമസ് സ്ഥിരീകരിച്ചു. അപമാനകരമാണ് ഈ സംഭവം. ഒരു നിമിഷം പോലും എം എല്‍ സ്ഥാനത്തു തുടരാന്‍ അദ്ദേഹത്തിന് അവകാശമില്ലെന്ന് റഹീം ഫേസ്ബുക്ക് പേജില്‍ പറഞ്ഞു.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ അട്ടിമറിക്കുന്ന ഗുരുതരമായ ക്രിമിനല്‍ പ്രവര്‍ത്തനത്തില്‍ ഒരു എം എല്‍ എ നേരിട്ട്, അറിഞ്ഞു കൊണ്ട് പങ്കെടുക്കുന്നു. രണ്ട് കേന്ദ്രങ്ങളിലാണ് ഇന്നലെ റെയ്ഡ് നടന്നതായി മനസ്സിലാക്കുന്നത്. ഈ സംഘങ്ങളുടെ തലവന്‍ പി ടി തോമസ് ആണെന്നാണ് പുറത്തു വരുന്ന വിവരം.
കള്ളപ്പണ സംഘവുമായി എം എല്‍ എക്കുള്ള ബന്ധം എന്താണെന്നും ഈ ഇടപാടില്‍ അദ്ദേഹം പങ്കാളിയാണോ അതോ ഇടനിലക്കാരനാണോ എന്നും റഹിം ചോദിച്ചു. മുമ്പ് ഇതുപോലെയുള്ള കള്ളപ്പണ ഇടപാടില്‍ ഇദ്ദേഹത്തിന്റെ പങ്ക് എന്തായിരുന്നു? പിടിച്ചെടുത്ത കള്ളപ്പണത്തിന്റെ ഉറവിടം ഏതാണെന്നും റഹിം ചോദിച്ചു.