National
ഹത്രാസ് പ്രതിഷേധങ്ങള്‍ക്കെതിരെ വിദ്വേഷ പ്രസ്താവനയുമായി യോഗി

ലഖ്‌നോ | ഹത്രാസില്‍ ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതില്‍ ഉയരുന്ന പ്രതിഷേഘധങ്ങള്‍ക്കെതിരെ പ്രകോപനകരവും വിദ്വേഷം നിറഞ്ഞതുമായ പ്രസ്താവനയുമായി യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നവരെ പൗരത്വനിയമത്തിനെതിരെ പ്രതിഷേധിവരേയും കൊവിഡ് പരത്താന്‍ ശ്രമിച്ച തബ്‌ലീഹ് ജമാഅത്തുകാരെ നേരിട്ടത് പോലെയും നേരിടുമെന്ന് യോഗി ആദിത്യനാഥ് ഭീഷണി മുഴക്കി. പൗരത്വനിയമത്തിനെതിരായ പ്രതിഷേധത്തിന്റെ പേരില്‍ അക്രമത്തിന് ശ്രമിച്ചവരെയും “കൊവിഡ് വ്യാപന”ത്തിന് ശ്രമിച്ച തബ്ലീഗ് ജമാഅത്തുകാരേയും അവരെ സംരക്ഷിച്ചവരെയും സര്‍ക്കാര്‍ എങ്ങനെയാണ് നേരിട്ടതെന്ന കാര്യം ആരും മറക്കരുത്. അവരെ തുറന്നുകാട്ടുക മാത്രമായിരുന്നില്ല. അത്തരം സംഘങ്ങളെ വേണ്ടവിധം കൈകാര്യം ചെയ്തുവെന്നും യോഗി ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ എല്ലാവര്‍ക്കും വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. ഒരു പ്രത്യേക ജാതിക്കോ, മതത്തിനോ വേണ്ടിയല്ല. എല്ലാവരുടേയും സുരക്ഷക്കാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ആരെയും പ്രീതിപ്പെടുത്താനില്ല. സര്‍ക്കാറിനെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉയര്‍ത്തുകയെന്നല്ലാതെ പ്രതിപക്ഷത്തിന് വേറെ പണികളൊന്നുമില്ല. സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കാനാണ് അവരുടെ ശ്രമംമെന്നും യോഗി കൂട്ടിച്ചേര്‍ത്തു.