Connect with us

Kerala

തിരുവല്ല ബൈപാസ് ജനുവരിയില്‍ തുറന്നു കൊടുക്കും

Published

|

Last Updated

തിരുവല്ല |  തിരുവല്ല ബൈപാസിന്റെ അവസാനഘട്ട നിര്‍മ്മാണ പുരോഗതി ആന്റോ ആന്റണി എംപി, മാത്യു ടി തോമസ് എംഎല്‍എ എന്നിവരുടെ നേതൃത്വത്തില്‍ വിലയിരുത്തി. ബൈപാസിന്റെ അവസാന ഘട്ടമായ മല്ലപ്പള്ളി-രാമഞ്ചിറ റോഡിന്റെ പണികളാണ് വിലയിരുത്തിയത്. തിരുവല്ലയുടെ സ്വപ്ന പദ്ധതിയായ ബൈപാസ് 2021 ജനുവരിയില്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കാന്‍ സാധിക്കും വിധം വളരെ വേഗത്തിലാണു നിര്‍മ്മാണം പുരോഗമിക്കുന്നതെന്ന് നിര്‍മ്മാണ പുരോഗതി വിലയിരുത്തിയശേഷം ആന്റോ ആന്റണി എംപി പറഞ്ഞു.

തിരുവല്ല ബൈപാസ് ജനുവരിയോടെ പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കുമെന്ന് മാത്യു ടി തോമസ് എംഎല്‍എയും പറഞ്ഞു. ഡിസൈനിലുണ്ടായ അപാകത, വെള്ളപ്പൊക്കം, കൊവിഡ് 19 മൂലമുണ്ടായ തൊഴിലാളി ക്ഷാമം തുടങ്ങി നിരവധി പ്രതികൂല സാഹചര്യങ്ങളാല്‍ ബൈപാസിന്റെ പണികള്‍ നീട്ടിവയ്ക്കേണ്ട സാഹചര്യമുണ്ടായി. ബൈപാസിന്റെ യഥാര്‍ഥ ഡിസൈന്‍ പ്രകാരം മല്ലപ്പള്ളി-രാമഞ്ചിറ റോഡില്‍ 40 അടിയോളം ഉയരത്തില്‍ മണ്ണിട്ട് നികത്താനായിരുന്നു പദ്ധതി. എന്നാല്‍ ഇപ്രകാരം ഉയര്‍ത്താന്‍ ലക്ഷകണക്കിന് ക്യുബിക്ക് മീറ്റര്‍ മണ്ണ് ആവശ്യമായി വരും. കൂടാതെ ചതുപ്പ് നിലമായതിനാല്‍ മണ്ണിട്ട് നികത്തിയാല്‍ ഭാവിയില്‍ ഇരുത്തപ്പെടാനുള്ള സാധ്യതയും കൂടുതലാണ്. ഈ കാരണങ്ങള്‍ കണക്കിലെടുത്ത് പുതിയ ഡിസൈന്‍ തയ്യാറാക്കി ലോക ബാങ്കിന്റെ അനുമതി നേടി പഴയ കരാര്‍ അവസാനിപ്പിച്ച് പുതിയ ടെന്‍ഡര്‍ വിളിച്ച ശേഷമാണ് മല്ലപ്പള്ളി-രാമഞ്ചിറ റോഡിന്റെ പണികള്‍ ആരംഭിച്ചത്. ഗര്‍ഡറുകള്‍ കാസ്റ്റ് ചെയ്യുന്ന പണികളാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഗര്‍ഡറുകള്‍ കാസ്റ്റ് ചെയ്തശേഷം സ്ലാബ് വാര്‍ത്ത് ജനുവരിയില്‍ റോഡ് തുറന്നു കൊടുക്കാന്‍ സാധിക്കുമെന്നും എംഎല്‍എ പറഞ്ഞു.